മൊയ്തീന്റേയും
കാഞ്ചനമാലയുടേയും പ്രണയജീവിതം ആദ്യമായി ഞാൻ കേട്ടറിഞ്ഞത് പ്രിയസുഹൃത്ത്
ശ്രീവിദ്യയിലൂടെയാണ്. കേട്ടറിഞ്ഞതിന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ‘മൊയ്തീൻ കാഞ്ചനമാല - ഒരപൂർവ പ്രണയജീവിതം’ എന്ന
പുസ്തകം സ്വന്തമാക്കി വായിക്കുകയും ചെയ്തു.
പി. ടി.
മുഹമ്മദ് സാദിഖ് എന്ന എഴുത്തുകാരന്റെ ആ കൃതി, വായിച്ചതിനു ശേഷവും മനസ്സിൽ
നൊമ്പരമായി അവശേഷിച്ചു. ‘പ്രണയം’ എന്ന വികാരം സിനിമകളിൽ കണ്ടിട്ടുണ്ട്,
കല്പ്പിതകഥകളിൽ വായിച്ചിട്ടുണ്ട്, കവിതകളിൽ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും
തീവ്രമായുള്ള ഒരു പ്രണയം, മാംസനിബദ്ധമല്ലാത്ത രാഗം അതിനു മുൻപും ശേഷവും കേട്ടിട്ടുമില്ല
കണ്ടിട്ടുമില്ല.മൊയ്തീന്റേയും കാഞ്ചനയുടേയും പ്രണയരാഗത്തിന് ചരിത്രത്തിലോ
സാഹിത്യത്തിലോ പൂർവ്വമാതൃകകളില്ല എന്ന് വി. ആർ. സുധീഷ് പറഞ്ഞതും അതുകൊണ്ട്
തന്നെയാണ്.
പൊറ്റക്കാടിന്റെ
‘നാടൻപ്രേമ’ത്തിന്റെ നാടാണ് മുക്കം. കോഴിക്കോട് ജില്ലയിലെ ഒരു കൊച്ചുപട്ടണം.
ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും ഒഴുകുന്ന മുക്കം തന്നെയാണ് ഈ കഥയിലെ പശ്ചാത്തലവും.
ഇരുവഴിഞ്ഞിപ്പുഴക്കരയിൽ നാല് പതീറ്റാണ്ടുകൾക്ക് മുൻപുള്ള സാമൂഹികാന്തരീക്ഷത്തിൽ
നടന്ന ആ പ്രണയത്തിന് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളും വെല്ലുവിളികളും ഒടുവിൽ
പ്രണയസാഫല്യം കണ്ടെത്താനാവാതെയുള്ള മൊയ്തീന്റെ മരണവും, മരണശേഷമുള്ള കാഞ്ചനമാലയുടെ
ജീവിതവും കെട്ടുകഥകളെ വെല്ലുന്നതാണ്. സാദിഖിന്റെ വരികളിലൊന്നും അതിശയോക്തി ഒട്ടും തന്നെയില്ല.
അതിശയങ്ങളെ വെല്ലുന്ന ജീവിതത്തിൽ എവിടെ അതിശയോക്തി ചേർക്കാൻ. സാദിഖ് തന്നെ
അവതാരികയിൽ പറയുന്നുണ്ട്. “മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വര പ്രണയം
പലപ്പോഴായി മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. എത്ര എഴുതിയാലും ആ പ്രണയകഥയുടെ
തീവ്രത നമുക്ക് അനുഭവിക്കാൻ കഴിയില്ല. കല്പ്പനകളെ വെല്ലുന്ന യാഥാർത്ഥ്യമാണ് ഈ
ജീവിതം. ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും
അനുഭവിച്ചിട്ടുണ്ടാകുമോ?”
ഇരുവഴിഞ്ഞിപ്പുഴയുടെ
പ്രിയതോഴനെ അവസാനം പുഴ തന്നെ കൊണ്ടു പോയി. രണ്ടു പേരുടെ ജീവൻ രക്ഷിച്ചതിന് ശേഷമായിരുന്നു ആ ധീരമായ
മരണം. മൊയ്തീന്റെ മരണശേഷം ആത്‌മഹത്യയ്ക്ക് ശ്രമിച്ച കാഞ്ചനയെ ജീവിതത്തിലേക്ക്
തിരികെ കൊണ്ട് വന്നത് മൊയ്തീന്റെ ഉമ്മയാണ്. മൊയ്തീന്റെ വേർപ്പാടിൽ മനംനൊന്ത്
ആത്മഹത്യ ചെയ്താൽ അത് മൊയ്തീനു തന്നെ അപമാനമാണെന്നും കാഞ്ചന തിരിച്ചറിയുന്നതും
അന്നാണ്. തന്റെ പ്രിയതമൻ തുടങ്ങി വച്ച എല്ലാ സാമൂഹ്യപ്രവർത്തനങ്ങളും ബി. പി.
മൊയ്തീൻ സേവാമന്ദിർ എന്ന പ്രസ്ഥാനത്തിലൂടെ പൂർത്തീകരിച്ച് കൊണ്ട് അവർ ഇന്നും
ഏകാകിയായി മുക്കത്ത് ജീവിക്കുന്നു. സാദിഖ് പറയുന്നു “മൊയ്തീന്റെ മരണത്തിനു
പിന്നാലെ സ്വന്തം ജീവനൊടുക്കാൻ അവർ നടത്തിയ ശ്രമം വിജയിച്ചിരുന്നുവെങ്കിൽ
മൊയ്തീനും കാഞ്ചനയും വെറുമൊരു പൈങ്കിളിക്കഥയിലെ നായികാനായകന്മാരായി എന്നോ
വിസ്മൃതിയിൽ മറഞ്ഞുപോയേനെ. കാലത്തിനും ശരീരത്തിനും അപ്പുറത്ത്, ജീവിതത്തിനും
മരണത്തിനുമപ്പുറത്ത് കാഞ്ചന മൊയ്തീനേയും മൊയ്തീൻ കാഞ്ചനയേയും പ്രണയിച്ചു
കൊണ്ടേയിരിക്കുന്നു.”
വായനയ്ക്ക്
ശേഷം മൊയ്തീനും കാഞ്ചനമാലയും മനസ്സിൽ വിടാതെ പിന്തുടർന്ന് കൊണ്ടിരുന്നു.
ആയിടക്കാണ് അവരുടെ ജീവിതം ആർ. എസ്. വിമൽ എന്ന സംവിധായകൻ
സിനിമയാക്കുന്നുവെന്നറിഞ്ഞത്. ആ വാർത്ത വളരെ ജിജ്ഞാസയുണർത്തി. ഇവരുടെ ജീവിതം,
സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവുകളും സംഘർഷങ്ങളും വിരഹവേദനയും ത്യാഗവും
സ്നേഹവും നിലനില്ക്കുന്ന ആ ജീവിതം എങ്ങിനെയാണ് തിരശ്ശീലയിൽ അവതരിപ്പിക്കുക
എന്നോർത്തപ്പോഴുള്ള ജിജ്ഞാസ. സാദിഖിന്റെ വായന പകർന്ന് നല്കിയ ആവേശവും നൊമ്പരവും
അതുപോലെത്തന്നെ വെള്ളിത്തിരയിൽ നിറഞ്ഞ് നില്ക്കുമോ അതോ ചോർന്ന് പോകുമോ എന്ന ചോദ്യങ്ങൾക്കുത്തരം
തേടി ഇന്ന് ഞാനും കണ്ടു, വിമലിന്റെ ‘എന്ന് നിന്റെ
മൊയ്തീൻ.’
സിനിമയുടെ
തുടക്കത്തിൽ തന്നെ മൊയ്തീന്റെ സഹോദരൻ ബി. പി. റഷീദ് പറയുന്നുണ്ട് ‘ഇത് ഞാൻ അറിഞ്ഞ
എന്റെ ഇക്കയുടെ ജീവിതമാണ്’ എന്ന്. മൊയ്തീൻ കാഞ്ചനമാല എന്ന പുസ്തകം പകർന്നു തന്ന
വായനാനുഭവവും നൊമ്പരവും ഈ സിനിമയ്ക്ക് പകർന്നു തരാൻ കഴിഞ്ഞില്ല എന്നതാണ്
യാഥാർത്ഥ്യം. അത് സിനിമ എന്ന മാധ്യമത്തിന്റെ പരിമിതിയാണ്. ഞാൻ അറിഞ്ഞിടത്തോളം ബി.
പി. മൊയ്തീൻ ഒരു ധീരനായ പുരുഷനായിരുന്നു. ആ ധീരതയും ചുറുചുറുക്കും വ്യക്തിത്വവും
സിനിമയിലെ മൊയ്തീനിൽ കാണാൻ കഴിഞ്ഞില്ല. സിനിമയിലെ മൊയ്തീൻ കുറച്ചധികം പൈങ്കിളിയായി
തോന്നി. കാഞ്ചനയുടെ തറവാട് പേര് കൊറ്റങ്ങൽ എന്നായിരുന്നു ഞാൻ വായിച്ചത്.
മുക്കത്തെ ഏറ്റവും സമ്പന്നമായ തറവാടുകളിൽ ഒന്ന്. കാഞ്ചനയുടെ അച്ഛൻ കൊറ്റങ്ങൽ
അച്ചുതനായിരുന്നു.ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും മുക്കത്തിന്റെ സാമൂഹിക
സാംസ്ക്കാരിക വിദ്യഭ്യാസ മേഖലകളിലും നിറഞ്ഞു നിന്ന വലിയൊരു വ്യക്തിത്വത്തിനുടമ.
പക്ഷേ സിനിമയിൽ കൊറ്റങ്ങൽ, കൊറ്റാട്ടിൽ ആയി. അച്ചുതൻ മാധവനായി. പ്രതാപിയായ അച്ചുതൻ
വെറുമൊരു നിശബ്ദ കഥാപാത്രമായി. ഇത് മന:പ്പൂർവമാണോ? അതോ യാഥാർത്ഥ്യം അതാണോ?
സിനിമയും പുസ്തകവും തമ്മിൽ ഒരുപാട് അന്തരമുള്ളത് കൊണ്ട് തല്ക്കാലം പുസ്തകത്തെ
മാറ്റി നിർത്തി സിനിമയിലേക്ക് വരാം. സിനിമ എന്ന നിലയിൽ സിനിമയെ കാണാം.
എഴുതപ്പെട്ട
ഒരു കൃതി വലിയൊരു ക്യാൻവാസാണ്. അത് വായനക്കാരന് നല്കുന്ന ഭാവനാസ്വാതന്ത്ര്യം
വളരെ വലുതാണ്. പക്ഷേ സിനിമ ചെറിയൊരു ക്യാൻവാസാണ്. അത് സംവിധായകന്റെ ഭാവനയാണ്. ആ
ഭാവന പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ സംവിധായകൻ വിജയിച്ചു. സിനിമയും.
മഴയാണ്
ഈ സിനിമയിലെ ക്ഷണിക്കപ്പെടാത്ത അതിഥി. മഴ ഒരു പ്രതീകമാണ്. ആഹ്ളാദത്തിന്റെ,
അനുഭൂതിയുടെ, വിരഹത്തിന്റെ, ത്യാഗത്തിന്റെ, വേർപ്പാടിന്റെ പ്രതീകം.
ഒരു ഇടവപ്പാതി മഴയോട് കൂടി തുടങ്ങുന്ന സിനിമ മറ്റൊരു
ഇടവപ്പാതി മഴയോടെ അവസാനിക്കുന്നു. രണ്ടു നേരത്തും മഴ വരുന്നത് മൊയ്തീനെ ജീവിതത്തിൽ
നിന്നും തിരികെ വിളിക്കാനാണ്. ആദ്യത്തെ മഴയെ മൊയ്തീൻ ജയിച്ചു. അവസാനത്തെ മഴയോട്
പൊരുതി തോറ്റു.
ജോമോൻ. ടി. ജോൺ എന്ന ഛായാഗ്രാഹകന്റെ ക്യാമറയാണ് അതിശയിപ്പിക്കുന്ന ഒരു ഘടകം.
അറുപതുകളിലെ കേരളീയ സമൂഹത്തെ പുന:സൃഷ്ടിക്കാൻ വെളിച്ചവും മഴയും കൊണ്ട് എന്ത്
മാജിക്കാണാവോ ജോമോൻ കാണിച്ചത്?
സിനിമയുടെ ജീവനാഡി അതിന്റെ പശ്ചാത്തല സംഗീതമാണ്. ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട
ഗോപീസുന്ദറിന്റെ കൈകളിൽ പശ്ചാത്തല സംഗീതം ഭദ്രം.
വിമർശകരെപ്പോലും ആരാധകരാക്കി മാറ്റിയ നടനാണ് പ്രിഥ്വിരാജ്. അസാമാന്യ അഭിനയ
നിലവാരം പുലർത്തുന്ന നടൻ. അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും
മൊയ്തീൻ. നല്ല നല്ല അവസരങ്ങൾ ഈ നടന് ഇനിയും ലഭിക്കട്ടെ.
കാഞ്ചനയായി ജീവിച്ച പാർവതിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. പാർവതിയുടെ
തിളങ്ങുന്ന കണ്ണുകളും പ്രകാശം പരത്തുന്ന ചിരിയും കാഞ്ചനമാലയുടെ യൗവനം
തിളക്കമുള്ളതാക്കി. കൈവിട്ട് പോകുമായിരുന്ന പല രംഗങ്ങളും ഈ അഭിനേത്രി
തന്മയത്ത്വത്തോടെ അഭിനയിച്ചിരിക്കുന്നു. പാർവതിയുടെ അഭിനയജീവിതത്തിലെ ശക്തമായ
കഥാപാത്രമായിരിക്കും ഇത്.
നെടുവീർപ്പിടാൻ കഴിയാതെ ഉള്ളിൽ ഒരു നെരിപ്പോടുമായല്ലാതെ രണ്ടാം പകുതി കണ്ട്
തീർക്കാനാവില്ല. മൊയ്തീനും കാഞ്ചനയും തമ്മിൽ വരുന്ന രംഗങ്ങൾ വളരെക്കുറച്ചേ ഉള്ളൂ.
ആ സീനുകൾക്കെല്ലാം പ്രേക്ഷകനെ പിടിച്ചിരുത്താനും കണ്ണിൽ ഈറനണിയിക്കാനും
കഴിയുന്നുണ്ട്.
തീവ്രമായ പ്രണയത്തിലായിരിക്കുമ്പോഴും മൊയ്തീൻ കാഞ്ചനയെ ഒന്ന് സ്പർശിക്കുന്നു
പോലുമില്ല. കാഞ്ചനയുടെ കാല്പാദം പതിഞ്ഞ മണ്ണ് മൊയ്തീൻ വാരിയെടുത്ത്
സൂക്ഷിക്കുന്നതും മൊയ്തീന്റെ ജീവനെടുത്ത ഇരുവഴിഞ്ഞിയിലെ വെള്ളം കാഞ്ചന കുടിക്കാൻ
ചോദിക്കുന്നതുമെല്ലാം കാണുമ്പോൾ ഇതെല്ലാം യാഥാർത്ഥ്യം തന്നെയാണോ എന്ന് പുതുതലമുറ
സംശയിച്ചേക്കാം.
എന്ന് നിന്റെ മൊയ്തീനിൽ പുതുതലമുറ കാണുന്നത് എഴുപതുകളിലെ തീക്ഷണപ്രണയത്തിന്റെ
മറ്റൊരു മുഖമാണ്. ‘അത്രയ്ക്ക് മൊഞ്ചുണ്ടോ അവരുടെ മുഖത്തിന്’ എന്ന് മൊയ്തീനോട്
കാഞ്ചനയെപ്പറ്റി ചോദിക്കുമ്പോൾ ‘അവളുടെ ഖൽബിനാണ് മൊഞ്ച്’ എന്ന് മൊയ്തീൻ മറുപടി
പറയുന്നു.
മുറി ഇംഗ്ളീഷിൽ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും കൈമാറുന്ന സന്ദേശങ്ങളല്ല
പ്രണയത്തിന്റെ ഭാഷ - അത് ഹൃദയത്തിന്റെ ഭാഷയാണ് എന്ന് അവരുടെ ജീവിതം കാണിക്കുന്നു.
ആശയവിനിമയത്തിന് സ്വന്തമായി ഭാഷ കണ്ടുപിടിച്ചവരാണ് ഇതിലെ നായകനും നായികയും.
കാറിന്റെ ഹോണിലൂടെ സംസാരിച്ച ലോകത്തെ ആദ്യ വ്യക്തികളാകും ഇവർ.
മുക്കത്തെ
സുൽത്താനായ ബി. പി. ഉണ്ണീമൊയ്തീനായി സായ്കുമാറും മൊയ്തീന്റെ ഉമ്മയായി അഭിനയിച്ച
ലെനയും മികച്ച് നിന്നു. കറകളഞ്ഞ തന്റെ സ്നേഹത്തേക്കാൾ ആയിരം മടങ്ങ് വലുതാണ് കാഞ്ചനയ്ക്ക്
മൊയ്തീനോടുള്ള പ്രണയം എന്ന് തിരിച്ചറിഞ്ഞ് ഒരു വിതുമ്പലായി മാറിയ അപ്പു എന്ന
ടൊവീനോ തോമസും കണ്മുന്നിൽ സ്വന്തം സഹോദരിയുടെ ജീവിതം എരിഞ്ഞു തീരുന്നത് കണ്ട്
ആത്മസംഘർഷത്തോടെ ജീവിക്കേണ്ടി വരുന്ന സഹോദരൻ സേതുവായി വന്ന ബാലയും സുധീർ കരമനയും ശിവജിയും കഥാപാത്രങ്ങളെ
മികവുറ്റതാക്കി. പാട്ടുകളിൽ
ശ്രേയാ ഘോഷാലിന്റെ ശബ്ദം മനസ്സിൽ തങ്ങി നില്ക്കുന്നു.
ഒരു
ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ സിനിമയേക്കാൾ ഫലപ്രദമായ ഒരു മാധ്യമം വേറെയില്ല.
എന്നാൽ രണ്ടര മണിക്കൂർ എന്ന പരിമിതിയിൽ സംഭവബഹുലമായ ഒരു ജീവിതം അതിന്റെ തീവ്രത
നഷ്ടപ്പെടാതെ വെള്ളിത്തിരയിൽ പകർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി പരിചയസമ്പന്നനായ
ഒരു ക്രാഫ്റ്റ്മാന്റെ കൈയടക്കത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച
വിമലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
‘എന്ന് നിന്റെ മൊയ്തീൻ’ ഒരു
പ്രണയകാവ്യമാണ്. ആത്മാവിൽ അമ്ളമഴ പെയ്യുന്ന വേദനയുണ്ടാക്കുന്ന കാവ്യം.
