Showing posts with label ലേഖനങ്ങൾ. Show all posts
Showing posts with label ലേഖനങ്ങൾ. Show all posts

Wednesday, 4 January 2012

അണപൊട്ടിയൊഴുകുന്ന ആശങ്കകൾ

2011 വിട വാങ്ങിയത് കേരളത്തേയും തമിഴ്നാടിനേയും എന്നെന്നേക്കുമായി രണ്ടു ധ്രുവങ്ങളിൽ നിർത്താൻ തക്കവണ്ണം ശേഷിയുള്ള ഒരു അണുബോംബിന്‌ തിരി കൊളുത്തിക്കൊണ്ടാണ്‌. വേണമെങ്കിൽ നമ്മുക്കതിനെ “ജലബോംബ്” എന്നും വിളിക്കാം. ആ തിരി ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഒരേയൊരു ഗ്രാവിറ്റി ഡാമായ മുല്ലപ്പെരിയാർ അണക്കെട്ടാണ്‌ ഇപ്പോഴത്തെ ചർച്ചാ വിഷയം. “തമിഴ്നാടിനു വെള്ളം, കേരളത്തിന്‌ സുരക്ഷ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള കേരളത്തിന്റെ അനുരഞ്ജന ശ്രമങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമനസ്ക്കത തമിഴ്നാട് കാണിക്കുന്നില്ല. യഥാർത്ഥത്തിൽ നമ്മളെല്ലാം ഇത്രമാത്രം ഭയക്കേണ്ട ഒരു സാഹചര്യം നിലവിലുണ്ടോ? നിലവിലുള്ള അണക്കെട്ടിൽ അല്പ്പം അറ്റകുറ്റ പണികൾ നടത്തിയാൽ മതി, അണക്കെട്ട് തകർന്നു പോകാനുള്ള യാതൊരു സാഹചര്യവും ഇപ്പോൾ നിലനില്ക്കുന്നില്ല എന്നുമുള്ള വാദഗതികളാണ്‌ തമിഴ്നാട്ടിലെ സാങ്കേതികവിദഗ്ധർ ഉന്നയിക്കുന്നത്. എന്നാൽ നിലവിലുള്ള അണക്കെട്ടിനു റിക്റ്റ്ർ സ്കെയിലിൽ 5 നു മുകളിലുള്ള  ഒരു ചലനത്തേയും താങ്ങാനുള്ള ശേഷിയില്ല എന്നും പുതിയൊരു അണക്കെട്ട് മാത്രമാണ്‌ ഇതിനു പോംവഴിയെന്നും കേരളവും വാദിക്കുന്നു. സത്യത്തിൽ ഏതാണ്‌ യാഥാർത്ഥ്യം?
Photo Credit: www.thehindu.com
ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടത് രാഷ്ട്രീയ കപടനാട്യങ്ങളല്ല, മറിച്ച് ജീവനും സ്വത്തിനും വേണ്ട സുരക്ഷിതത്വമാണ്‌. മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള പ്രക്ഷോഭ പരിപാടികളാണ്‌ ഈ രണ്ട് സംസ്ഥാനങ്ങളിലും കാണാൻ കഴിയുന്നത്. ഗ്രാമപഞ്ചായത്തുകളും ജില്ലകളും കേന്ദ്രീകരിച്ചുള്ള ഹർത്താലുകൾ രണ്ടു സംസ്ഥാനങ്ങളിലും തുടർക്കഥകളാകുന്നു. ആയിരക്കണക്കിനു മലയാളികളാണ്‌ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. അതുപോലെ തന്നെ കേരളത്തിലും ഒരുപാട് തമിഴ് സഹോദരങ്ങൾ താമസിക്കുന്നു. വികലമായ രാഷ്ട്രീയ നിരീക്ഷണങ്ങളും ലാഭേച്ഛയോടേയുള്ള രാഷ്ട്രീയ മുതലെടുപ്പുകളും മറ്റേതൊരു സാമൂഹിക പ്രശ്നങ്ങളിലേതു പോലെ തന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള എല്ലാ അനന്തരഫലങ്ങളും അനുഭവിക്കേണ്ടി വരിക രണ്ടു സംസ്ഥാനങ്ങളിലേയും സാധാരണക്കാരായ ജനങ്ങളാണ്‌. ജനവികാരം ഉയർത്തിവിടുന്ന പ്രഭാഷണങ്ങളിലൂടെ അഭ്യസ്തവിദ്യരല്ലാത്ത ചെറുപ്പക്കാരെ അക്രമാസക്തരാക്കുകയാണ്‌ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത്. തൻമൂലം ഒരുപാട് മലയാളി വിദ്യാർത്ഥികൾ അവിടെ ആക്രമണത്തിനിരയാകുന്നു. ഒരു മാസം മുൻപ്‌ ഞാൻ ബാംഗ്ളൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു. പ്രവർത്തിദിനങ്ങളായതു കൊണ്ട് ട്രെയിനിൽ വലിയ തിരക്കില്ല. പക്ഷേ ഈറോഡ് എത്തിയപ്പോൾ വല്ലാത്ത തിരക്ക്. ആ സമയത്ത് അത്രയും തിരക്ക് ഞാൻ പ്രതീക്ഷിച്ചതല്ല. ട്രെയിനിൽ കയറിയ ഉടൻ എല്ലാവരും വീട്ടിലേക്ക് ഫോൺ ചെയ്യുന്നു. അവരുടെ സംസാരത്തിലുള്ള പരിഭ്രമവും പന്തികേടും കണ്ടപ്പോൾ ഞാൻ കാര്യം തിരക്കി. ഈറോഡിലുള്ള ഏതോ ഒരു എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു അവർ. കോളേജിൽ അന്ന്‌ മലയാളികളായ വിദ്യാർത്ഥികൾക്ക് നേരെ പുറമേ നിന്നുള്ള ആളുകളുടെ നേതൃത്വത്തിൽ അക്രമമുണ്ടാവുകയും എല്ലാവരോടും നാളെ നേരം പുലരുന്നതിന്‌ മുൻപ് അവിടെ നിന്നും സ്ഥലം കാലിയാക്കണമെന്നും ഭീഷണിപ്പെടുത്തിയത്രേ. പാവം കുട്ടികൾ ആ രാത്രി തന്നെ കിട്ടിയ ട്രെയിനിൽ നാട്ടിലേക്കോടിപ്പോന്നതാണ്‌. അവരുടെ അദ്ധ്യാപകർക്കും അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മലയാളികളെ സ്നേഹിക്കുന്ന വളരെ വലിയൊരു വിഭാഗം തമിഴ് ജനതയ്ക്കും നിസ്സഹായരായി നോക്കിനില്ക്കാനേ കഴിയുന്നുള്ളൂ.
എങ്ങിനെയാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് ഇത്രയും വലിയ ഒരു സുരക്ഷാ പ്രശ്നമായി, രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹമായി വളർന്നത്. നാല്‌ ജില്ലകളിലായി ഏകദേശം 35 ലക്ഷം ജനങ്ങളുടെ പേടിസ്വപ്നമായി ഈ അണക്കെട്ട് മാറിയതെങ്ങിനെയാണ്‌? പ്രകാശം പരത്തുന്ന പെൺകുട്ടിയെപ്പോലെ, ഒഴുകുന്ന വഴികളിലെല്ലാം നന്മ മാത്രം നല്കിയിരുന്ന മുല്ലപ്പെരിയാർ എന്ന ശുദ്ധജലശ്രോതസ്സ് ഇപ്പൊൾ ഡെമോക്ളെസ്സിന്റെ വാള്‌ പോലെ കേരള ജനതയുടെ തലയ്ക്ക് മുകളിൽ നില്ക്കുകയാണ്‌. ഞാൻ ആദ്യം പറഞ്ഞതു പോലെ ഇത്രയ്ക്കൊക്കെ ആശങ്കാജനകമാണോ കാര്യങ്ങൾ..? മലയാളികൾ ഭയക്കുന്നതുപോലെ മുല്ലപ്പെരിയാർ “കൊല്ലുംപെരിയാർ” ആയി മാറുമോ..?കേരളം ആവശ്യപ്പെടുന്നതു പോലെ പുതിയൊരു അണക്കെട്ട് മാത്രമാണോ പോംവഴി? ഇനി എല്ലാവരും ഭയപ്പെടുന്നതു പോലെ അണക്കെട്ട് തകർന്നാൽ എന്ത്‌ സംഭവിക്കും? ഞാൻ കണ്ടും കേട്ടും വായിച്ചും അറിഞ്ഞ ചില കാര്യങ്ങൾ എന്റെ സുഹൃത്തുക്കൾക്കായി പങ്ക് വെക്കുകയാണിവിടെ..ഒരുപാട് ആളുകൾ ഒരുപാട് നാളുകളായി ചർച്ചകൾ നടത്തിയ, തർക്കങ്ങൾ നടത്തിയ അതേ കാര്യങ്ങൾ.

എന്താണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്?
44 നദികളാൽ അനുഗ്രഹിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും കൂടുതൽ ശുദ്ധജലം വഹിക്കുന്ന നദിയാണ്‌ പെരിയാർ. പെരിയാറിന്റെ പ്രധാന കൈവഴിയായ മുല്ലയാറിനു കുറുകെ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച പടുകൂറ്റൻ അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. ഏതാണ്ട് 126 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1886 ഒക്ടോബർ 26 നാണ്‌ മുല്ലയാറിനു കുറുകെ അണക്കെട്ട് പണിയുന്നതിനെപ്പറ്റി ബ്രിട്ടീഷുകാർ ആദ്യമായി ആലോചിക്കുന്നത്. അതിന്‌ കാരണവുമുണ്ടായിരുന്നു. പശ്ചിമഘട്ടത്തിൽ നിന്നുമുൽഭവിച്ച് കിഴക്കോട്ടൊഴുകിയിരുന്ന വൈഗൈ നദി പതിയെ പതിയെ പണിമുടക്കാൻ തുടങ്ങിയപ്പോഴാണത്രേ ബ്രിട്ടീഷുകാർക്ക് ഇങ്ങിനെയൊരു വെളിപാടുണ്ടായത്. വൈഗൈ നദി വരളാൻ തുടങ്ങിയപ്പോൾ നദിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ആ ഭാഗത്തെ തമിഴ് ജനതയുടെ ജീവിതവും വരളാൻ തുടങ്ങി. അപ്പോഴാണ്‌ ബ്രിട്ടീഷുകാർ ആലോചിച്ചത് എന്തുകൊണ്ട് പടിഞ്ഞാറോട്ടൊഴുകുന്ന മുല്ലയാറിനെ വഴിതിരിച്ച് കിഴക്കോട്ട് വിട്ട് കൂടാ..? അതുവഴി തമിഴ്നാടിന്റെ ജലസേചന ആവശ്യങ്ങൾ നിർവഹിച്ചു കൂടാ..? ബ്രിട്ടീഷുകാരുടെ ആ ചിന്തകൾ യാഥാർത്ഥ്യമായപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മുല്ലപ്പെരിയാർ അണക്കെട്ട് ജന്മം കൊണ്ടു.
1886 ഒക്ടോബർ 29 നാണ്‌ പെരിയാർ കരാറിൽ അന്നത്തെ മദ്രാസ് പ്രസിഡൻസിയും തിരുവിതാംകൂർ നാട്ടുരാജ്യവും തമ്മിൽ ഒപ്പ് വെച്ചത്. നദിയുടെ അടിത്തട്ടിൽ നിന്നും 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം മദ്രാസ് പ്രസിഡൻസിക്ക് (ഇപ്പോൾ തമിഴ്നാട്) ഉപയോഗപ്പെടുത്താം എന്നതായിരുന്നു കരാറിന്റെ രത്നച്ചുരുക്കം. ഈ പാട്ടക്കരാറിൽ പാട്ടമായി തിരുവിതാംകൂർ നല്കിയത് 8000 ഏക്കർ സ്ഥലവും അണക്കെട്ട് നിർമ്മിക്കാനായി 100 ഏക്കർ സ്ഥലവുമായിരുന്നു. ഏറ്റവും രസകരമായ വസ്തുത ഈ പാട്ടക്കരാറിന്റെ കാലാവധി 999 വർഷത്തേക്കായിരുന്നു എന്നുള്ളതാണ്‌. അന്നത്തെ മഹാരാജാവ് ഭീഷണിക്ക് വഴങ്ങിയാണ്‌ കരാർ ഒപ്പ് വെച്ചതെന്നും ചരിത്രം പറയുന്നുണ്ട്. 1886-1895 കാലഘട്ടത്തിലാണ്‌ അണക്കെട്ടിന്റെ പണി നടന്നത്. 1895 ൽ മുല്ലപ്പെരിയാർ അണക്കെട്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോൺക്രീറ്റും സിമെന്റും സുലഭമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ്‌ അണക്കെട്ട് പണിതത്. കരിങ്കല്ലും സുർക്കിയും (മണലും ചുണ്ണാമ്പും ചേർന്ന മിശ്രിതം) ഉപയോഗിച്ചാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. അതിനൂതനവും സങ്കീർണ്ണവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പണിയുന്ന അണക്കെട്ടുകൾക്ക് പോലും വിദഗ്ധർ കല്പ്പിച്ചു നല്കുന്ന ആയുസ്സ് 50-60 വർഷമാണ്‌. ആ സ്ഥാനത്താണ്‌ നമ്മുടെ മുല്ലപ്പെരിയാർ നടുവേദനയുണ്ടെങ്കിലും തലയുയർത്തിപ്പിടിച്ചു കൊണ്ട് 116 വർഷത്തോളം നിവർന്നു നിന്നത്. ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അണക്കെട്ടും മുല്ലപ്പെരിയാറായിരിക്കും. അന്നത്തെ കരാർ എഴുതുമ്പോൾ പാട്ടത്തുകയായി ഏക്കറിന്‌ 5 രൂപ നിരക്കിൽ വർഷം തോറും 40,000 രൂപ തിരുവിതാംകൂറിനു നല്കാൻ വ്യവസ്ഥയുണ്ടായി.
എന്നാൽ ഇന്ത്യ സ്വതന്ത്രയായതിനു ശേഷമാണ്‌ കാര്യങ്ങൾ മാറിമറഞ്ഞത്. മദ്രാസ് പ്രസിഡൻസി തമിഴ്നാടായി രൂപം കൊണ്ടു. കരാറനുസരിച്ച് 999 വർഷത്തേക്ക് മുല്ലപ്പെരിയാറിലെ ജലത്തിന്റെ ഗുണഭോക്താക്കൾ തമിഴ്നാടാണ്‌. വഴി തിരിച്ച് വിടുന്ന വെള്ളം തമിഴ്നാടിന്റെ ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കണം എന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. ഏതാണ്ട് 5 ജില്ലകളിലായി പരന്നു കിടക്കുന്ന 1.7 ലക്ഷം ഏക്കർ ഭൂമിയുടെ സമ്പൽസമൃദ്ധിക്ക് മുല്ലപ്പെരിയാറിലെ വെള്ളം കാരണമായി.
മുല്ലപ്പെരിയാർ കരാർ പുതുക്കാൻ അതിനുശേഷം ഒരുപാട് തവണ തമിഴ്നാട് കേരളത്തിനുമേൽ സ്വാധീനം ചെലുത്തി. അനവധി ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ 1970 ൽ കരാർ പുതുക്കാൻ ഇരുസംസ്ഥാനങ്ങളും തീരുമാനിച്ചു. അവിടം മുതൽക്കാണ്‌ പ്രശ്നങ്ങളുടെ തുടക്കം. പുതുക്കിയ കരാറിൽ പഴയ വ്യവസ്ഥകൾ അതുപോലെ തന്നെ നിലനിർത്തുകയും കൂടെ ചില പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. അതനുസരിച്ച് കരാർ തുക ഏക്കറിന്‌ 30 രൂപയാക്കി ഉയർത്തുകയും കരാർ തീയ്യതി മുതൽ 30 വർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കുകയും ചെയ്യാം എന്നും തീരുമാനമുണ്ടായി. പുതുക്കിയ കരാർ തമിഴ്നാടിന്‌ ജലസേചനത്തിന്‌ മാത്രമല്ല, വൈദ്യുതോൽപ്പാദനത്തിനും അണക്കെട്ടിലെ വെള്ളം ഉപയോഗിക്കാനുള്ള അധികാരം നല്കി. കോടിക്കണക്കിന്‌ രൂപയുടെ വൈദ്യുതിയാണ്‌ ലോവർ ക്യാമ്പ് പവർ ഹൗസിൽ നിന്നും തമിഴ്നാട് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നത്. 1947 ലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ടിലെ ഏഴാമത്തെ വകുപ്പനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള എല്ലാ കരാറുകളും റദ്ദാക്കപ്പെട്ടു. പക്ഷേ 1970 ലെ പുതുക്കിയ കരാർ ഇപ്പോഴും നിയമ സാധുതയോടെ നിലനില്ക്കുന്നു. ആ കരാറാണ്‌ ഇപ്പോഴുള്ള പ്രശ്നങ്ങളിലെ പ്രധാന വില്ലൻ.
മുല്ലപ്പെരിയാർ അണക്കെട്ട് ഒരു സുരക്ഷാ ഭീഷണിയായതെങ്ങിനെ?
മുല്ലപ്പെരിയാറിനെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കരുതാൻ തുടങ്ങിയിട്ട് ഏതാണ്ട് 25 വർഷത്തിലധികമായി. എന്നാൽ ഇത്രയും ആശങ്കാപരമായി കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷമേ ആയിട്ടുള്ളൂ. ജനങ്ങളുടെ സുരക്ഷ മാത്രമല്ല, പെരിയാർ വന്യജീവി സങ്കേതത്തിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇപ്പോൾ ചർച്ചാ വിഷയങ്ങളാണ്‌. അണക്കെട്ട് പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളാണ്‌ ജനങ്ങളുടെ ആശങ്കകൾക്ക് വഴി വെച്ചത് എന്ന്‌ വേണമെങ്കിൽ പറയാം. വമ്പൻ കോൺക്രീറ്റ് കെട്ടിടങ്ങൾ വരെ ഭൂകമ്പങ്ങളിലും സുനാമികളിലും കൊടുങ്കാറ്റിലും തകർന്ന്‌ വീഴുമ്പോൾ വെറും സുർക്കിയും കരിങ്കല്ലും കൊണ്ട് നിർമ്മിച്ച മുല്ലപ്പെരിയാറിനു മാത്രം രക്ഷപ്പെടാൻ കഴിയുമോ? എന്നതാണ്‌ ജനങ്ങളുടെ ആശങ്ക. ഒരിക്കലും തകരില്ല എന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട ടൈറ്റാനിക്ക് കപ്പൽ വരെ തകർന്നു എന്നിട്ടാണോ മുല്ലപ്പെരിയാർ എന്നും ചോദിക്കുന്നവരുണ്ട്. ഈ സന്ദേഹങ്ങൾ തന്നെയാണ്‌ അവരുടെ ആശങ്കകളുടെ അടിസ്ഥാനവും. ആധുനിക ശാസ്ത്രത്തേയും കണക്കുകളേയും കൂട്ട് പിടിച്ച് രണ്ട് സംസ്ഥാനങ്ങളും പരസ്പരം വാദിക്കുന്നു. അണക്കെട്ട് നിർമ്മാണത്തിന്‌ പ്രധാനമായും ഉപയോഗിച്ചത് സുർക്കിയായതിനാൽ അതിലെ ചുണ്ണാമ്പ് കാലാകാലങ്ങളായി ശോഷിച്ച് നഷ്ടപ്പെടുന്നുവെന്നും അതിനാൽ തന്നെ അണക്കെട്ടിനു ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പകരം പുതിയൊരു അണക്കെട്ട് മാത്രമാണ്‌ പരിഹാരമെന്നുമാണ്‌ കേരളത്തിന്റെ വാദമുഖം. എന്നാൽ മുല്ലപ്പെരിയാർ നിലനിൽക്കുന്നത് ഭ്രംശരേഖകൾക്ക് മുകളിലായതിനാൽ അപകടം സംഭവിക്കാൻ സാധ്യതയില്ലെന്ന പഠനങ്ങളാണ്‌ തമിഴ്നാട് ചൂണ്ടിക്കാണിക്കുന്നത്. നഷ്ട്ടപ്പെട്ട് പോയ ചുണ്ണാമ്പിനു പകരം സിമെന്റും മണലും വെച്ച് നടത്തിയിട്ടുള്ള അറ്റകുറ്റപ്പണികൾ മുല്ലപ്പെരിയാറിനെ ബലപ്പെടുത്തിയെന്നും അവർ വാദിക്കുന്നു. എന്തൊക്കെയായാലും മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള നിയമയുദ്ധങ്ങളിലെല്ലാം എന്നും ജയിച്ച് നിന്നിട്ടുള്ളത് തമിഴ്നാടാണ്‌.
ഡാമിന്റെ ഇപ്പോഴത്തെ നിലയെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും അണക്കെട്ട് പൊട്ടിയാലുണ്ടായേക്കാവുന്ന ഭവിഷത്തുകളെക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദമായ ശാസ്ത്രീയപഠനം അത്യാവശ്യമാണ്‌. അതിനായുള്ള കരാറിൽ കേരളവും റൂർക്കി ഐ. ഐ. ടി. യും തമ്മിൽ 2011 നവംബർ 30 ന്‌ ഒപ്പ് വച്ചു. എന്നാലും ചില ചോദ്യങ്ങൾ മനസ്സിൽ അവശേഷിക്കുകയാണ്‌. മുല്ലപ്പെരിയാർ ഒരു സുരക്ഷാപ്രശ്നമെന്ന നിലയിൽ വളർന്നിട്ട് ഒരുപാട് വർഷങ്ങൾ ആയി. എന്നിട്ടും അതിനെ നേരിടാൻ തക്കവണ്ണമുള്ള മുൻകരുതലുകളെക്കുറിച്ച് എന്തുകൊണ്ട് ബോധവാന്മാരാവാൻ കഴിഞ്ഞില്ല? റൂർക്കി ഐ. ഐ. ടി. യുടെ പഠന റിപ്പോർട്ടിന്റെ ബലത്തിൽ പുതിയ അണ കെട്ടാൻ തീരുമാനമായാൽ തന്നെ അതും ഈ ഭൂകമ്പ ബാധിത മേഖലയിൽ തന്നെയല്ലേ നിർമ്മിക്കേണ്ടി വരിക?
മുല്ലപ്പെരിയാർ തകർന്നാൽ ഏതാണ്ട് 50 അടി ഉയരത്തിൽ വെള്ളം ഇടുക്കി ഡാമിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇടുക്കി ഡാമിന്റെ സംഭരണശേഷി പരമാവധി 70 ദശലക്ഷം ഘനയടിയാണ്‌. അണക്കെട്ട് തകർന്നാൽ വലിയ വിപത്തുകളില്ലാതെ അതിനെയെങ്ങിനെ നേരിടാമെന്നുള്ള രൂപരേഖയെല്ലാം കെ. എസ്. ഇ. ബി. യും മറ്റ് വിദഗ്ധരുമെല്ലാം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അതെല്ലാം സാങ്കേതികമായ ഭാഷയിൽ കണക്കിന്റെ സഹായത്തോടെ നിർമ്മിച്ചെടുത്ത സാദ്ധ്യതകൾ മാത്രമാണ്‌. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ക്രമീകരിച്ചു കൊണ്ടും ജലനിരപ്പ് നിയന്ത്രണ വിധേയമാക്കിക്കൊണ്ടും ആ വിപത്തിനെ നേരിടാൻ കഴിയുമെന്ന് വിലയിരുത്തലുകൾ വന്നിട്ടുണ്ട്. എന്നാൽ സാങ്കേതികവിദ്യകൾക്കും കണക്കുകൾക്കും അപ്പുറത്തല്ലേ പ്രകൃതിയുടെ ശക്തി. ഒരു പക്ഷേ ദുരന്തമുണ്ടാവുകയാണെങ്കിൽ ആ സമയത്ത് ഇടുക്കി ഡാമിലെ ജലനിരപ്പ് പ്രതീക്ഷിച്ചതിലും കൂടുതലാണെങ്കിൽ എന്തു ചെയ്യും?  50 അടി ഉയരത്തിൽ കുത്തിയൊലിച്ച് വരുന്ന വെള്ളം വഴിയിൽ കിട്ടിയതിനേയെല്ലാം വഹിച്ച് കൊണ്ടായിരിക്കും വരിക. അതെല്ലാം ഇടുക്കി ഡാമിൽ അടിഞ്ഞു കൂടിയാൽ ഷട്ടറുകളിലൂടെ ജലം പുറന്തള്ളുന്നതിന്‌ തടസ്സമുണ്ടായേക്കാം. മുല്ലപ്പെരിയാർ മൊത്തമായി തകരുകയാണെങ്കിൽ വെള്ളം ഇടുക്കിയിലെത്തുന്നതിനു മുൻപ് 60,000 ത്തോളം ആളുകളുടെ ജീവനാണ്‌ അപകടത്തിലാവുക. ഇടുക്കി ഡാം കൂടി ആ ആഘാതത്തിൽ തകർന്നാൽ ആദ്യം പറഞ്ഞത് പോലെ കേരളത്തിലെ 4 ജില്ലകൾ ദുരന്തത്തിനിരയാവുകയും ചെയ്യും. എല്ലാം കണക്ക് കൂട്ടലുകൾ മാത്രമാണ്‌.
നമ്മുടെ രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക നായകന്മാരും ഇപ്പോൾ കാണിക്കുന്ന ഈ ഉത്സാഹവും പ്രത്യക്ഷ സമരപരിപാടികളുമെല്ലാം തന്നെ ഒരു നല്ല തുടക്കമായി നമ്മുക്ക് കാണാം. എന്നാൽ അതെല്ലാം തന്നെ വെറുമൊരു വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും രാഷ്ട്രീയ മുതലെടുപ്പിനും പ്രമാണിത്തത്തിനും വേണ്ടിയുള്ള കപടനാടകങ്ങളായി മാറരുത്. യാഥാർത്ഥ്യ ബോധത്തോടു കൂടിയുള്ള ഒരു മുന്നേറ്റമാണ്‌ വേണ്ടത്. ഈ ഭൂമിയിൽ മനുഷ്യൻ നിർമ്മിച്ചിട്ടുള്ള സകല സൃഷ്ടികൾക്കും അവന്‌ പ്രചോദനമായിട്ടുള്ളത് ഈ പ്രകൃതിയാണ്‌. അതുകൊണ്ട് തന്നെ ആ സൃഷ്ടികളെയെല്ലാം ഇല്ലാതാക്കാനും പ്രകൃതിക്ക് കഴിയും. അതു തന്നെയാണ്‌ ഏറ്റവും വലിയ യാഥാർത്ഥ്യം. ആ യാഥാർത്ഥ്യമാണ്‌ നമ്മളെല്ലാവരും ഉൾക്കൊള്ളേണ്ടത്. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. റിച്ചാർഡ്. പി. ഫെയ്ന്മാന്റെ വാക്കുകളാണ്‌ ഇപ്പോൾ ഓർമ്മ വരുന്നത്.

"For a successful technology, reality must take precedence over public relations, for nature cannot be fooled"

എല്ലാം മംഗളമായിത്തന്നെ അവസാനിക്കട്ടെ...
നമ്മൾ മലയാളികൾ എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരാണല്ലോ!!
അതിനാൽ ഒന്നും സംഭവിക്കുകയില്ലെന്ന് നമ്മുക്ക് പ്രത്യാശിക്കാം......

ശുഭം