Showing posts with label നൊസ്റ്റാൾജിയ. Show all posts
Showing posts with label നൊസ്റ്റാൾജിയ. Show all posts

Friday, 7 June 2013

ഒരു ജൂണ്‍ 5 ന്റെ ഓർമ്മയ്ക്ക്...

 ചിന്തിക്കുക; ഭക്ഷിക്കുക; സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ലോകം മുഴുവൻ ഇക്കഴിഞ്ഞ ജൂൺ 5 ന്‌ പരിസ്ഥിതി ദിനം ആചരിച്ചപ്പോൾ ഞങ്ങൾക്ക് ചിന്തിക്കാനുള്ള ഒരു അവസരം സൃഷ്ടിച്ച് തന്നത് സാനു ജേക്കബ്ബ് സാറാണ്‌. അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലാണ്‌ NSS (National Service Scheme)ന്റെ ആഭിമുഖ്യത്തിൽ സാനു സാർ സംഘടിപ്പിച്ച ‘Home’ എന്ന ഡോക്യുമെന്ററി പ്രദർശനം കാണാനുള്ള അവസരം കിട്ടിയത്. എന്റെ പ്രിയ സുഹൃത്ത് മിഥുന്റെ നിർബന്ധപ്രകാരമാണ്‌ ഞാൻ അത് കാണാൻ തീരുമാനിച്ചത്. ഇങ്ങിനെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിക്കാൻ മുൻകൈ എടുത്ത സാനു സാറിനും അത് കാണാൻ എന്നെ നിർബന്ധിച്ച് കൊണ്ട് പോയ മിഥുനും ആദ്യമേ നന്ദി പറയട്ടേ. 




 ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഡോക്യുമെന്ററി എന്ന് വേണമെങ്കിൽ Home-2009നെ വിശേഷിപ്പിക്കാം. 2009ൽ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് യാൻ അർതസ് ബെർട്രാന്റ് എന്ന സംവിധായകനാണ്‌. ഈ വീഡിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ഇതിന്റെ ഛായാഗ്രഹണം ആണ്‌. ഒരു പക്ഷി തന്റെ കണ്ണിലൂടെ ഈ ലോകത്തെ കാണുന്നത് പോലെ പ്രേക്ഷകർക്കും ഈ ഭൂമിയിലെ മനോഹരങ്ങളായ സ്ഥലങ്ങളെ കാണാൻ കഴിയുന്ന രീതിയിലാണ്‌ ബെർട്രാന്റ് തന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയിൽ കടന്ന് വരുന്നുണ്ട്. നയനമനോഹരങ്ങളായ കാഴ്ച്ചകൾ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമായ ഒരു ദൃശ്യവിരുന്നാണ്‌ Home-2009. 


 മനുഷ്യൻ എന്ന സവിശേഷ സൃഷ്ടിയുടെ പ്രവർത്തനങ്ങളുടെ ഫലമായി മരിച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമിയെപ്പറ്റി പൊതുജനങ്ങൾക്ക് ഒരു ഉൾക്കാഴ്ച്ച കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി നിർമ്മിക്കപ്പെട്ട ഈ ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ വിരോധാഭാസം ഇത് നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ ഏറ്റവും വലിയ മൾട്ടിനാഷ്ണൽ കമ്പനികളിലൊന്നായ PPR ഗ്രൂപ്പാണ്‌ എന്നുള്ളതാണ്‌. ഭൂമിയുടെ ക്രമേണയുള്ള വികാസത്തിലും പരിണാമത്തിലും തുടങ്ങി അത് ഇന്ന് നേരിടുന്ന അല്ലെങ്കിൽ കാലാകാലങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന നശീകരണ പ്രവർത്തനങ്ങളിലും ആ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളിലും ഈ ഡോക്യുമെന്ററി അവസാനിക്കുന്നു. പല രാജ്യങ്ങളിലേയും സസ്യ-ജന്തുജാല വൈവിദ്ധ്യം, ആവാസവ്യവസ്ഥ, ഊർജ്ജത്തിന്റെ ഉപയോഗരീതികൾ, കൃഷി, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയോടുള്ള ക്രൂരതകൾ, മനുഷ്യരുടെ ജീവിതരീതികൾ എന്നിവയെല്ലാം ഒരൊറ്റ ഫ്രയിമിൽ വ്യക്തതയാർന്ന പശ്ചാത്തല സംഗീതത്തോടെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുകൊണ്ടിരിക്കുമ്പോൾ ചില സമയങ്ങളിൽ മുഷിപ്പ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിലും ആ മുഷിപ്പ് മാറ്റാൻ ഇതിലെ ദൃശ്യങ്ങൾക്ക് കഴിയുന്നുണ്ട്. 

 സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അതിശയിപ്പിക്കുന്ന, ഭീകരമായ യാഥാർഥ്യങ്ങളാണ്‌ Home-2009 പറഞ്ഞു തരുന്നത്. ഈ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ഒരുപാട് വാദപ്രതിവാദങ്ങളും ചർച്ചകളും ലോകത്ത് നടന്ന് കഴിഞ്ഞു. അതിനാൽ തന്നെ Home-2009നെ വിലയിരുത്താൻ മാത്രമുള്ള കഴിവ് എനിക്കില്ല എന്ന് ഞാൻ മനസ്സിലാക്കട്ടെ. ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഈ ഡോക്യുമെന്ററി കണ്ടിരിക്കേണ്ടതാണ്‌. ഇനിയും കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തുക്കൾക്ക് Home-2009നെ പരിചയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഈ കുറിപ്പിനുള്ളൂ. അതിൽ പറഞ്ഞിരിക്കുന്ന ചുരുക്കം ചില കാര്യങ്ങൾ ഇതൊക്കെയാണ്‌..

 മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവൻ ഭക്ഷണം ശേഖരിച്ച് വെയ്ക്കാനും തുടങ്ങി. കാലക്രമേണ നഗരവൽക്കരണം വന്നതോടെ കൂടുതൽ നഗരങ്ങൾ ഉണ്ടാകാൻ തുടങ്ങി. ജനസംഖ്യാ വർദ്ധനവ് മൂലം ധാതുക്കളുടേയും എണ്ണയുടേയും മറ്റ് ഊർജ്ജ ശ്രോതസ്സുകളുടേയും ഉപഭോഗം പതിന്മടങ്ങ് വർദ്ധിച്ചു. ലോകത്തിലെ വലിയ വലിയ നഗരങ്ങളെല്ലാം തന്നെ പുനരുല്പ്പാദിപ്പിക്കാൻ കഴിയാത്ത ഊർജ്ജശ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്നവരായി മാറി. ഭൂമിയിലെ പല സസ്യ-ജന്തുജാലങ്ങളും സാധാരണ നിരക്കിനേക്കാൾ ആയിരം മടങ്ങ് വേഗത്തിലാണ്‌. ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിൽ ഇന്ന് കാണുന്ന ജീവിവർഗങ്ങളിലെ നാലിലൊന്ന് വിഭാഗങ്ങൾ 2050 തോടെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാവുകയോ ചുവപ്പ് പട്ടികയിലിടം പിടിക്കുകയോ ചെയ്യും. ശുദ്ധജല ശ്രോതസ്സുകളെല്ലാം അളവില്ലാതെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ധാതുക്കളിൽ 80% ത്തോളം ഉപയോഗിക്കുന്നത് ലോകജനസംഖ്യയുടെ വെറും 20% മാത്രമാണ്‌. ഊരോ വർഷവും 13 മില്ല്യൺ ഹെക്ടർ വനഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. അതുമൂലം പലജാതി പക്ഷിമൃഗാധികൾക്കും തങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ആഗോളതാപനം മുൻപെങ്ങുമില്ലാത്ത വിധം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ക്രമാതീതമായി ഉരുകിക്കൊണ്ടിരിക്കുകയാണ്‌. ഭൂമിയിലെ ശുദ്ധജലത്തിന്റെ 70% ത്തോളം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. മഞ്ഞുകട്ടകളുടെ കനം 40 വർഷം മുൻപുള്ളതിനേക്കാൾ 60% കുറഞ്ഞിരിക്കുന്നു. ഭൂമിയുടെ ശരാശരി താപനില വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഇതുപോലെ ഓരോ മെഖലയിലേയും നശീകരണ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വീഡിയോ ചിത്രം പറയുന്നുണ്ട്. ദാരിദ്ര്യം, ഭക്ഷ്യവസ്തുക്കളുടെ ദുരുപയോഗം, ഊർജ്ജപ്രതിസന്ധി, കാർബൺ മാലിന്യങ്ങൾ, വൃത്തിഹീനമായ ചുറ്റുപാടുകൾ, ക്രമാതീതമായ ജനസംഖ്യാവർദ്ധനവ്, ശുദ്ധജലദൌർലഭ്യം, ക്ഷാമം, വരൾച്ച ഇതെല്ലാം ചിത്രത്തിന്റെ ഇതിവൃത്തമായി കടന്നു വരുന്നു. 

 ഈ ഡോക്യുമെന്ററി ക്ഷമയോടെ കാണാൻ താല്പ്പര്യമുള്ളവർ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും. എല്ലാ ഫോർമാറ്റിലും വീഡിയോ ലഭ്യമായതിനാൽ HD യിൽ കാണുന്നതായിരിക്കും ഗുണം. Copy right ഇല്ലാത്ത ചിത്രമായതിനാൽ ഡൗൺലോഡ് ചെയ്ത് കാണുന്നതിന്‌ നിയമപരമായ തടസ്സങ്ങളുമില്ല. 

Friday, 1 March 2013

ഓർമ്മയിലെ മഷിത്തണ്ടുകൾ


 മഞ്ഞ് കാലമാണോ വേനൽക്കാലമാണോ മഴക്കാലമാണോ എന്ന് നോക്കാതെ അരട്രൗസറും വള്ളിച്ചെരിപ്പുമിട്ട് കാടും മേടും ഓടി നടന്ന് കളിച്ച് കൊണ്ടിരുന്ന ഒരു സമയത്താണ്‌ അമ്മ പറഞ്ഞത്. “ഇനി ഈ കളിയൊന്നും അധികം നടക്കില്ല. അടുത്തയാഴ്ച്ച മുതൽ സ്കൂളിൽ പോകേണ്ടതാ..” എന്നും കാലത്ത് ചേട്ടന്മാരും ചേച്ചിമാരും ക്രീമും കടുംചുവപ്പുമായുള്ള യൂണിഫോമുമിട്ട് സ്കൂളിലേക്ക് പോകുന്ന കാഴ്ച്ച ഞാൻ നോക്കി നിൽക്കാറുണ്ട്. ഇതാ നാളെ മുതൽ ഞാനും ഒരു സ്കൂൾ കുട്ടിയാവാൻ പോവുകയാണ്‌. എന്നേക്കാൾ ഒരു വർഷം മുൻപ് സ്കൂളിൽ പോയ കണ്ണൻ അവിടുത്തെ വിശേഷങ്ങൾ പങ്ക് വെക്കാറുള്ളത് കൊണ്ട് വലിയ പേടിയൊന്നും തോന്നിയില്ല.

 കാലത്ത് മുതൽ നിർത്താതെ മഴ പെയ്യുന്നുണ്ടായിരുന്നു. അന്തരീക്ഷമാകെ ഒരു കുളിർമ്മയുള്ള തണുപ്പ്. അച്ഛൻ വാങ്ങിത്തന്ന സെന്റ്. ജോർജ്ജിന്റെ ചുവന്ന പുള്ളിക്കുട യഥാസ്ഥാനത്തുണ്ടോ എന്ന് ഉറപ്പ് വരുത്തിയതിന്‌ ശേഷമാണ്‌ കുളിക്കാൻ പോയത്. അമ്മയാണ്‌ കുളിപ്പിച്ചത്. ക്രീം കളർ ഷർട്ടും കടും ചുവപ്പ് ട്രൗസറുമിട്ട് ഗമയിലങ്ങനെ കണ്ണാടിയിൽ നോക്കി. മരച്ചട്ടയുള്ള കല്ല് സ്ളേറ്റും പെൻസിലുമെടുത്ത് പുത്തൻ ഹിവ ഹവായ് ചെരുപ്പുമിട്ട് അമ്മയുടെ കൈ പിടിച്ച് എന്റെ ആദ്യത്തെ സർവ്വകലാശാലയിൽ കാലുകുത്തി. കണ്ണീരും മൂക്കൊലിപ്പും ചീത്തവിളികളുമായി ആകെ ബഹളമയമായിരുന്നു. വല്ല വിധേനയും ഒരുത്തനെ കഷ്ടപ്പെട്ട് ബഞ്ചിലിരുത്തുമ്പോൾ അതാ അലമുറയിട്ട് കരഞ്ഞു കൊണ്ട് അവൻ അമ്മമാരുടെ പിന്നാലെ ഓടുന്നു. പെൺപിള്ളേർ ചീറിപ്പൊളിക്കുകയാണ്‌. അതിനിടയിൽ റീന ടീച്ചർ എല്ലാവരേയും ചീത്തവിളിക്കുകയും കണ്ണൂരുട്ടി കാണിക്കുകയും ചെയ്യുന്നുണ്ട്. കണ്ണ്‌ കൊണ്ട് കുസൃതി കാണിക്കുന്ന തടിയൻ ചെക്കൻ അജയന്റേയും ആർത്തലച്ച് കരയുന്ന ബാലഗോപാലന്റേയും ഇടയിൽ ഞാനിരുന്നു. അമ്മയുടെ പുന്നാരക്കുട്ടിയായിരുന്ന് എല്ലാം മറന്ന് തുള്ളിക്കളിച്ചിരുന്ന കാലം മാറാൻ പോവുകയാണ്‌. ഇനി മുതൽ കേട്ടെഴുത്ത്, ഹോം വർക്ക്, കാണാതെ പദ്യം പഠിക്കൽ, കോപ്പിയെഴുത്ത്, പരീക്ഷകൾ അങ്ങിനെ എത്രയെത്ര പണികൾ..
Photo courtesy - http://www.thehindu.com, Photo: C.V.Subrahmanyam 
 ഒന്നാം ക്ളാസിലെ ആ പാഠപുസ്തകം ഓർമ്മയുണ്ടോ? നല്ലൊരു വർണ്ണ ചിത്രം കാണിച്ച് ‘തറ’ എന്ന് വലിയ അക്ഷരങ്ങളിൽ ആദ്യ പേജിൽ എഴുതിയ പുസ്തകം. ആഹ്ളാദത്തോടെ നമ്മൾ ആദ്യം പഠിച്ച വാചകം. ടീച്ചർ പഠിപ്പിക്കുകയായി തറ, പറ, പന...... ‘തറ’ എന്ന് ആദ്യമായി തെറ്റാതെ എഴുതിയപ്പോൾ ‘മിടുക്കൻ’ എന്ന് പറഞ്ഞു, റീന ടീച്ചർ. അഭിമാനം കൊണ്ട് തലയുയർത്തിപ്പിടിച്ചു. കണക്ക് ക്ളാസുകളിൽ ചോക്ക് കൊണ്ടുള്ള ടീച്ചറുടെ വലിയ ശരി കിട്ടാൻ വേണ്ടി മൽസരിച്ച് കണക്കുകൾ ചെയ്തു. ആടിയും പാടിയും എത്ര പെട്ടന്നാണ്‌ ഒന്നാം ക്ളാസ് കഴിഞ്ഞ് പോയത്. അവസാന പരീക്ഷയിൽ കല്ല് സ്ളേറ്റിൽ കിട്ടിയ അൻപതിൽ അൻപത് എന്ന മാർക്കുമായി വീട്ടിലേക്ക് ഓടിച്ചെന്നു. ആ സ്ളേറ്റ് അതുപോലെ മായാതെ വർഷങ്ങളോളം അമ്മ സൂക്ഷിച്ച് വെച്ചു.
 കുറച്ച് കൂടി വലുതായപ്പോൾ കളിക്കമ്പം കൂടി. കൂട്ടുകാരായി. കൃത്യം പത്ത് മണിയാകുമ്പോഴേക്കും പ്യൂൺ മാഷ് ബെല്ലടിക്കും. ചിതറിക്കിടക്കുന്ന പിള്ളേരെല്ലാം ക്ളാസിൽ ഹാജരായിക്കാണും. പ്യൂൺ മാഷിന്റെ ബെല്ലടിക്ക് ഒരു പ്രത്യേക താളമുണ്ടായിരുന്നു. പഴയ സ്ഫടികം ലോറിയുടെ പിറകിലെ രണ്ട് ടയറുകൾക്കിരു വശത്തും ഷോക്കപ്പ്സിനായി അട്ടിയട്ടിയായി വയ്ക്കുന്ന ഇരുമ്പ് പലകകളിൽ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്തതാണ്‌ ബെല്ല്. അതിൽ ആഞ്ഞടിക്കാൻ ഒരു ചെറിയ ഇരുമ്പ് വടിയും കാണും. ആ ബെല്ലടിക്കാൻ അവസരം കിട്ടുന്നത് വലിയ അഭിമാനമായിരുന്നു. സൂര്യൻ ചൂട് പിടിക്കാൻ തുടങ്ങുമ്പോളാണ്‌ അസംബ്ളി ആരംഭിക്കുക. സ്കൂൾ ലീഡർ എന്ന ചേട്ടൻ “ഭാരതം എന്റെ നാടാണ്‌...” എന്ന പ്രതിജ്ഞ ചൊല്ലിത്തരുമ്പോൾ അതേറ്റു ചൊല്ലാൻ എന്തൊരുൽസാഹമായിരുന്നു. കാലം ചെന്നപ്പോൾ സ്കൂൾ ലീഡർ എന്ന അഭിമാന പദവി ഏറ്റെടുത്തപ്പോൾ ഉണ്ടായ സന്തോഷം അതിലേറെ. അവിടെ നിന്നും പോരുന്നത് വരെ മറ്റാർക്കും ആ പദവി വിട്ടു കൊടുത്തില്ല. ആൺകുട്ടികളും പെൺകുട്ടികളും നിലത്ത് ആറ്‌ കളം വരച്ച് ‘വട്ട്’ എന്ന കളി കളിക്കുമായിരുന്നു. കൊച്ചംകുത്തിയും വളരെ പ്രിയപ്പെട്ട കളിയായിരുന്നു. പിൻബഞ്ചിലുള്ളവരെ മുന്നിലെ ബഞ്ചുകാർ കളിക്കാൻ കൂട്ടില്ല. പിൻബഞ്ചുകാർ മടിയന്മാരും വികൃതികളുമാണെന്നായിരുന്നു അന്നത്തെ അബദ്ധ ധാരണ. മൂത്രമൊഴിക്കാൻ മണിയടിച്ചപ്പോഴാണ്‌ രതീഷിന്റെ പോക്കറ്റിൽ ഗോട്ടിക്കായകൾ കിലുങ്ങുന്ന ശബ്ദം കേട്ടത്. അവനെവിടുന്നാണിത്രയും ഗോട്ടി? പറഞ്ഞിട്ട് കാര്യമില്ല. അവൻ നല്ല കളിക്കാരനാണ്‌. അവന്റെ കൈയിലുള്ള ‘ബക്കന്‌’ നല്ല ഉന്നമാണ്‌. ആ ബക്കൻ കൈക്കലാക്കാൻ വേണ്ടി പല ശ്രമങ്ങളും നടത്തി നോക്കി. ഒന്നും വിജയിച്ചില്ല. അവനായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ബിസിനസ്സുകാരൻ. കൊട്ടപ്പഴം പഴുക്കുമ്പോൾ രണ്ട് പോക്കറ്റ് നിറയെ ആ പഴവുമായി അവൻ സ്കൂളിൽ വരും. രണ്ടിഞ്ച് നീളമുള്ള ഒരു പെൻസിൽ കൊടുത്താൽ രണ്ട് കൊട്ടപ്പഴം നമുക്ക് സ്വന്തം. മഷിത്തണ്ട് എന്ന കൊച്ചു ചെടിക്ക് സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു അന്നത്തെ കുഞ്ഞു മനസ്സിൽ. തലേദിവസവും സ്കൂളിലേക്ക് വരും വഴിയും കിട്ടാവുന്നിടത്തോളം മഷിത്തണ്ട് കരുതി വെക്കും. എന്നിട്ട് ക്ളാസിൽ കച്ചവടം നടത്തും. ഒരു പെൻസിലിന്‌ പകരം അതേ നീളത്തിലുള്ള മഷിത്തണ്ട്. കള്ളിച്ചെടിക്ക് വളരെ ഡിമാന്റായിരുന്നു. തീപ്പെട്ടി പടം വച്ചു കൊണ്ടുള്ള കളിയായിരുന്നു വാശിയേറിയ കളി. ഒരു കെട്ട് തീപ്പെട്ടി പടം പോക്കറ്റിൽ സൂക്ഷിക്കുമായിരുന്നു. പക്ഷേ പെൺകുട്ടികൾക്കെന്നും അഞ്ചുകല്ല് കളി തന്നെയായിരുന്നു താൽപ്പര്യം. പതിനാറ്‌ കല്ല് കളിയിൽ എതിരാളിയുടെ കണ്ണ്‌ വെട്ടിച്ച് ‘മുക്ക’ വാരുമ്പോൾ മുഖത്തുണ്ടാകുന്ന വിജയീഭാവം ഒന്നു കാണേണ്ടത് തന്നെയാണ്‌. ശ്രമം പാഴായിക്കഴിഞ്ഞാൽ ഉറപ്പിക്കാം എതിരാളിയുടെ അഞ്ച് വിരലുകളും കൈതണ്ടയിൽ പതിഞ്ഞിരിക്കും. ബിഗ് ബബൂളിന്റെ കാർഡ് അട്ടിയട്ടിയായി കൊണ്ട് വരുന്ന വിരുതന്മാരുണ്ട് ക്ളാസിൽ. അനിൽ കുംബ്ളെയുടേയും സെയ്ത് അൻവറിന്റേയും കാർഡ് കൈയ്യിലുള്ളവന്മാരോട് ജയിക്കാൻ ഭയങ്കര പാടാണ്‌. “നീ ഒരു സംഖ്യ വിചാരിച്ചേ....” ഓർമ്മയുണ്ടോ ആ കളി? ഉൽസാഹത്തോടെ നമ്മൾ വിചാരിക്കുന്ന സംഖ്യ അവൻ എന്തോ മന്ത്രശക്തിയുപയോഗിച്ച് നമ്മളോട് തന്നെ പറയും. വായും പൊളിച്ചിരുന്ന് പോകും നമ്മൾ, പഹയൻ അത് പറയുമ്പോൾ. അതിന്റെ പിന്നിലുള്ള സൂത്രം അറിയുന്നതു വരെ അവനായിരുന്നു എല്ലാവരുടേയും ഹീറോ. നാവിൽ നടുവിരൽ കൊണ്ട് ചൊറിഞ്ഞ് ചോര കാണിച്ചാൽ മനസ്സിൽ ആഗ്രഹിച്ചത് നടക്കുമെന്നറിഞ്ഞ് എത്ര തവണ നാവിനെ മാന്തിപ്പൊളിച്ചിരിക്കുന്നു. നമുക്ക് ആനയെ പേടിയുണ്ടോ എന്ന് പരീക്ഷിക്കാൻ ആനയുടെ മുമ്പിൽ പോയി നില്ക്കേണ്ട കാര്യമില്ല. തുറന്ന് പിടിച്ച നമ്മുടെ കണ്ണിന്റെ നേർക്ക് കൂട്ടുകാരൻ അവന്റെ നീട്ടിപ്പിടിച്ച രണ്ട് വിരലുകൾ കൊണ്ട് വരും. വിരൽ കണ്ണിനു മുൻപിലെത്തുമ്പോൾ കണ്ണടച്ചാൽ നമ്മൾ ആനയെ കണ്ടാൽ പേടിച്ച് മൂത്രമൊഴിക്കുന്നവരാണെന്ന് അവർ വിധിയെഴുതും. പൊട്ടിയ കുപ്പിവളക്കഷ്ണങ്ങൾ എടുത്ത് ഉള്ളം കൈക്ക്‌ മുകളിൽ വച്ച് രണ്ടായി പൊട്ടിക്കുമ്പോൾ കൈയ്യിലേക്ക് പൊട്ടിവീഴുന്ന ചെറിയ കഷ്ണങ്ങൾ ഇമ്മിണി വല്ല്യേതാണെങ്കിൽ ആഗ്രഹിച്ച കാര്യം നടക്കുമത്രേ! തൊണ്ടയിൽ ചുവന്ന നിറമുള്ള ഓന്തിനെ കണ്ടാൽ വഴിമാറി നടക്കണം. ഇല്ലെങ്കിൽ അവ നമ്മുടെ ചോര മുഴുവൻ വലിച്ചൂറ്റി കുടിക്കും. ഒറ്റ മൈനയെ കണ്ടാൽ അന്ന് മുഴുവൻ ദു:ഖിച്ചിരിക്കാനേ നേരം കാണൂ. ദു:ഖമുണ്ടാവാതിരിക്കണമെങ്കിൽ മൈനയെ കണ്ടയുടൻ വലത് കൈയിലെ ചൂണ്ടുവിരൽ നീട്ടിപ്പിടിച്ച് അതിനു മുകളിൽ നടുവിരൽ കയറ്റി വച്ച് വൃത്താകൃതിയിൽ പിടിച്ചാൽ മതി.

 സ്കൂളിലേക്കുള്ള വരവാണ്‌ ബഹുരസം. വരുന്ന വഴിക്കുള്ള മുഴുവൻ പൂക്കളും പൊട്ടിച്ച്, അപ്പൂപ്പൻ താടികളും പെറുക്കി, കല്ല് കളിക്കാൻ വേണ്ട കല്ലുകൾ ശേഖരിച്ച് അങ്ങിനെയങ്ങിനെ ജാഥയായൊരു യാത്ര. മഴക്കാലമാണെങ്കിൽ വെള്ളം തട്ടിത്തെറിപ്പിച്ച് അതിൽ കളിച്ച് സ്കൂളിലെത്തുമ്പോളേക്കും ടീച്ചർ വടിയുമായി വാതിൽക്കൽ നില്പ്പുണ്ടാകും. മാമ്പഴക്കാലമാവുമ്പോൾ രതീഷ് തന്നെയാണ്‌ താരം. അവന്‌ നല്ല ഉന്നമാണ്‌. അവന്റെ ഒരേറിന്‌ ചിലപ്പോൾ മൂന്നോ നാലോ മുഴുത്ത മാങ്ങകൾ വീഴും. കൂട്ടത്തിൽ അണ്ണാറക്കണ്ണന്മാർ കടിച്ച് തിന്നതിന്റെ ബാക്കിയും ഉണ്ടാകും. അതെടുക്കാനുള്ള ഓട്ടത്തിനിടയിലായിരിക്കും രണ്ട് മുട്ടുകളിലും ചോര പൊടിക്കുന്ന വീഴ്ച്ചകളുണ്ടാകുന്നത്. “വീണാലെന്താ..മാങ്ങ കിട്ടിയില്ലേ..? ആഗ്രഹിച്ചത് നേടാൻ എന്തും സഹിക്കുന്ന കുഞ്ഞു മനസ്സ്. മാങ്ങ കിട്ടിയ ഉടൻ നല്ല ഭാഗം നോക്കി ഒരു കടി. ആ കടിയിൽ മാങ്ങാച്ചാറെല്ലാം ഷർട്ടിലൂടെയും കൈയ്യിലൂടെയും ഒഴുകാൻ തുടങ്ങിയിരിക്കും. അല്ലാ..മാങ്ങ കഴുകിയോ? എത്ര അഴുക്കുണ്ടാകും അതിൽ? അണ്ണാനും കിളികളും കൊത്തിയതല്ലേ..? പിന്നേ..അതൊക്കെ ഓർക്കാൻ എവിടെ സമയം. സ്കൂൾ മുത്തശ്ശി സമ്മാനിച്ച മാങ്ങകൾ തിന്ന് ഒരു ആരോഗ്യ പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് പിന്നത്തെ ചരിത്രം. ആർത്തിയോടെ ഞെട്ടിൽ കടിച്ചവരുടെയെല്ലാം ചുണ്ടിൽ ചുന ആയി. ഇനി ഒരാഴ്ച്ചത്തേക്ക് നല്ല ഭംഗിയുണ്ടാകും മുഖം കാണാൻ.
www.naturemagics.com
 ഇന്റെർവൽ സമയത്ത് കൈയ്യിലുള്ള അൻപത് പൈസ കൊണ്ട് തന്തയുടെ പീടികയിലേക്ക് ഒരോട്ടമാണ്‌. പത്ത് പൈസക്ക് ആറ്‌ ചുക്കുണ്ടയും ബാക്കി പൈസക്ക് പുളിയച്ചാറും പുൽപ്പൊടിയും. ശക്തിമാന്റെ ചിത്രമുള്ള കവറിലെ പുൽപ്പൊടി തിന്നാൽ ശക്തിമാനാകും എന്നാണ്‌ കരുതിയിരുന്നത്. അറ്റം കാണാനാകാത്ത കിണറ്റിൻ കരയിലേക്ക് നാലുമണിക്ക് മുൻപുള്ള ഇന്റെർവല്ലിന്‌ ഓടിച്ചെല്ലും. ക്രീം കളർ യൂണിഫോമും കൈകാലുകളും ചെമ്മണ്ണ്‌ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. ജിനേഷും നാരായണനും കൂടിയാണ്‌ എല്ലാവർക്കും വെള്ളം കോരിത്തരിക. ആ സ്വാദുള്ള വെള്ളം കുടിച്ചിറക്കുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. അതെ എത്ര പെട്ടന്നാണ് ബെല്ലടികൾ വന്ന് പോയത്.

 ഞായറാഴ്ച്ചത്തെ നാലുമണി പടം മനസ്സിരുത്തി കാണും. എന്നാലല്ലേ ഒരാഴ്ച്ചക്കാലം അതിന്റെ കഥ പറഞ്ഞ് ക്ളാസിൽ കേമനാവാൻ പറ്റൂ. യോദ്ധ കണ്ടിട്ട് എത്ര നാളാണ്‌ കൈയ്യിലൊരു വടിയും പിടിച്ച് വാൾപ്പയറ്റ് നടത്തിയത്. അവസാനം ജോർജ്ജ് മാഷ് നീരോലി വടി കൊണ്ട് വാൾപ്പയറ്റ് നടത്തിയപ്പോൾ ഞങ്ങളെല്ലാവരും പരാജയമടഞ്ഞു. പ്രസവിക്കുന്ന മയിൽപ്പീലി ആദ്യം കൊണ്ട് തന്നത് ഒരു പെൺകുട്ടിയായിരുന്നു. ആകാശം കാണിക്കാതെ പുസ്തകത്തിനുള്ളിൽ സൂക്ഷിച്ച് വെക്കാൻ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞ് പുസ്തകം തുറന്നു നോക്കിയപ്പോൾ അതാ ആ മയിൽപ്പീലി അതുപോലെത്തന്നെയിരിക്കുന്നു. “എന്നെ പറ്റിച്ചൂ ല്ലേ ...?” എന്ന് ചോദിച്ചപ്പോൾ “നീ എന്നെ ആകാശം കാണിച്ചിട്ടല്ലേ?” എന്ന മറുപടിയും. അന്നത്തെ പാർക്കർ പേനയായ സ്റ്റിക്ക് ഈസി വാങ്ങാൻ രണ്ട് രൂപ അച്ഛൻ തരും. ഒന്നര രൂപക്ക് പേനയും ബാക്കി അൻപത് പൈസക്ക് ട്യൂബും വാങ്ങും. അന്ന് ഹീറോ പേനയുള്ളവൻ താരമായിരുന്നു. ആദ്യമായി ഹീറോ പേന കിട്ടിയ നിമിഷം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. ആ സ്വർണ്ണത്തലപ്പ് പോക്കറ്റിൽ കുത്തി നടക്കുമ്പോൾ കിട്ടിയിരുന്ന അഭിമാനം ഇപ്പോഴത്തെ വില കൂടിയ ഒരു പേനയ്ക്കും തരാനാകില്ല.

 സ്കൂളിൽ എത്തിയാൽ പിന്നെ മാഷുമ്മാരാണ്‌ നമ്മുടെ റോൾ മോഡൽ. കഞ്ഞിപ്പശയിൽ മുക്കി തേച്ച് മിനുക്കിയ ഷർട്ടും മുണ്ടും ഉടുത്ത് വരുന്ന മാഷുമ്മാരെ വീട്ടിലെത്തി അനുകരിക്കുമ്പോൾ നമ്മുടെ മുന്നിൽ വിദ്യാർത്ഥികളായി ഇളംതണ്ടുള്ള കമ്മ്യൂണിസ്റ്റ് അപ്പ ചെടികളോ ഉമ്മറത്തിണ്ണകളോ നിൽപ്പുണ്ടാകും. പഠിച്ച് വരാത്തതിന്‌ മുളവടി കൊണ്ട് ഉമ്മറത്തിണ്ണകളേയും വേലിക്കരികിലെ ചെടികളേയും എത്ര തല്ലിയിരിക്കുന്നു. പഴയ വള്ളിച്ചെരിപ്പുകൾ വട്ടത്തിൽ വെട്ടിയെടുത്ത് ഒരു ചെറിയ കുഴലിന്റെ രണ്ട് വശങ്ങളിലും പിടിപ്പിച്ച് നടുവിൽ നീളത്തിലുള്ള ഒരു വടിയും വടിയുടെ അറ്റത്ത് ഒരു സ്റ്റിയറിംഗും വച്ചാൽ നമ്മുടെ ടൂവീലർ റെഡി. ഉജാലക്കുപ്പി കൊണ്ടുള്ള ഒറ്റവീൽ വണ്ടിയും അന്നത്തെ ഗ്ളാമർ വാഹനങ്ങളിലൊന്നായിരുന്നു. ഇളകിയ പാൽപ്പല്ലുകൾ അമ്മ ചകിരിനാര്‌ കൊണ്ട് പറിച്ചെടുക്കുമ്പോൾ ചോര പൊടിഞ്ഞാലും ആ വേദന കടിച്ച് പിടിക്കും. എന്തെന്നാൽ ആ പല്ല് പുര പുറത്തെറിഞ്ഞ് കീരിയോട് പുത്തൻ പല്ല് ചോദിച്ചാൽ കീരി അതിന്റെ പല്ല് തരുമല്ലോ! പിന്നെന്തിനാ സങ്കടപ്പെടുന്നത്? 

 ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ്‌ മജീദിന്റെ ഗണിതശാസ്ത്രത്തിലുള്ള അറിവ് ജോർജ്ജ് മാഷ് ഞങ്ങൾക്ക് പറഞ്ഞ് തന്നത്. ‘ഒന്നും ഒന്നും മ്മിണി ബല്ല്യ ഒന്ന്’ എന്ന് പറഞ്ഞ മജീദിനെ കളിയാക്കുവാൻ ഞങ്ങളെ സുഹ്റ സമ്മതിച്ചില്ല. മാമ്പൂ തല്ലികൊഴിച്ച മകനെ വഴക്ക് പറഞ്ഞ അമ്മയുടെ പുത്രദു:ഖം ഇപ്പോഴും മനസ്സിനെ വിടാതെ പിന്തുടരുന്നത് അന്നത്തെ മാഷന്മാരുടെ കണ്ഠക്ഷോഭങ്ങളൊന്നും തന്നെ പാഴാവാഞ്ഞത് കൊണ്ടാണ്‌. ഇടശ്ശേരിയുടെ പൂതപ്പാട്ടും, ആശാന്റെ വീണപൂവും, ചങ്ങമ്പുഴയുടെ രമണനും ഇപ്പോഴും മനസ്സിൽ “കറയറ്റൊരാലസ്സൽ ഗ്രാമഭംഗി”യോടെ തെളിഞ്ഞു നില്ക്കുന്നു. രണ്ട് ക്ളാസുകൾക്കിയിലുള്ള ദൂരം എന്നു പറയുന്നത് മരം കൊണ്ടുള്ള മറകളായിരിക്കും. ക്ളാസിൽ ടീച്ചറില്ലാത്ത സമയത്ത് ഒന്നു സംസാരിക്കണമെങ്കിൽ പേരെഴുതാൻ നിൽക്കുന്ന ലീഡറുടെ കണ്ണ്‌ വെട്ടിക്കണം. മിണ്ടുന്നവരുടെ പേരെഴുതാൻ അവന്‌ ഭയങ്കര മിടുക്കായിരുന്നു. ക്ളാസിൽ വികൃതിത്തരം കാണിച്ചാലുള്ള മറ്റൊരു ശിക്ഷ ബഞ്ചിന്റെ മുകളിൽ കയറ്റി നിർത്തലായിരുന്നു. പെൺകുട്ടികളുടെ മുന്നിൽ അഭിമാനം സംരക്ഷിക്കേണ്ടതിനാൽ അത്തരം ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പരമാവധി അടവുകൾ പ്രയോഗിക്കുമായിരുന്നു. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ ഹോം വർക്ക് ചെയ്യാതെ വന്ന് ഒരു ദിവസം റീന ടീച്ചറെ പറ്റിക്കാൻ നോക്കി. കൂടെയുള്ള കൂട്ടുകാർ ‘നല്ലവരായത് കൊണ്ട്’ അവർ ഒറ്റിക്കൊടുത്തു. അന്നാദ്യമായി ടീച്ചറുടെ കൈയ്യിൽ നിന്നും ചുട്ട അടി കിട്ടി. ആ അടിയുടെ ചൂട് ഇപ്പോഴും കൈയ്യിലുള്ളത് കൊണ്ട് ടീച്ചറെ മറന്നില്ല; ടീച്ചർ പഠിപ്പിച്ച കണക്കും.
 പൊട്ടിയ മര സ്ളേറ്റിനേക്കാൾ കഷ്ടമാണ്‌ ബ്ളാക്ക് ബോർഡുകളുടെ കാര്യം. മൂന്നു പലകകൾ അടിച്ച് ചേർത്ത് അതിനെ മൂന്നു കാലിൽ നിർത്തിയിരിക്കുന്നു. ഏഴാം ക്ളാസിൽ രാജൻ മാഷ് സയൻസ് ക്ളാസെടുക്കുമ്പോഴാണ്‌ തങ്കമണി ചേച്ചി ഉച്ചക്കഞ്ഞിക്കുള്ള അടുപ്പ് പുകയ്ക്കുക. ആ പുകയെല്ലാം കൂടി ക്ളാസിലേക്ക് കൂട്ടമായി പറന്നെത്തും. ഇല്ലാത്ത ചുമ വരുത്താൻ വേണ്ടി ചില വിരുതന്മാർ അഭിനയിക്കുമായിരുന്നു. അഭിനയം സഹിക്കാൻ പറ്റാതാവുമ്പോൾ രാജൻ മാഷ് സ്ഥിരം ഇരകളായ രണ്ട് പിൻബഞ്ചുകാരെ പിടിച്ച് തലക്ക് രണ്ട് മേട്ടം കൊടുക്കും. അതോടെ നിന്നോളും ചുമയും പുകയും. കൃത്യം ഒരു മണിക്ക് ഉച്ചക്കഞ്ഞിക്ക് ബെല്ലടിക്കും. അതുകേട്ടാലുടൻ പാത്രവുമെടുത്ത് എല്ലാവരും വരാന്തയിലേക്കൊരോട്ടമാണ്‌. ആദ്യമെത്തിയാൽ ആദ്യം കഞ്ഞി കിട്ടും. പ്യൂൺ മാഷാണ്‌ വിളമ്പുന്നത്. കഞ്ഞിക്ക് കൂടെ കിട്ടുന്ന ചെറുപയറുപ്പേരി ഷർട്ടിന്റെ പോക്കറ്റിലിട്ട് നാലു മണി വരെ കൊറിച്ച് കൊണ്ട് നടക്കും. ഇപ്പോഴും ആ പഴയ സ്കൂൾ മുറ്റത്തു കൂടി പോകുമ്പോൾ കഞ്ഞിപ്പുരയിൽ നിന്നുയരുന്ന പുക നോക്കി നിൽക്കും, പ്യൂൺ മാഷിന്റെ ബെല്ലടിക്ക് കാതോർത്ത് കൊണ്ട്....
“വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും 

വെറുതെ മോഹിക്കുവാൻ മോഹം”
ജോർജ്ജ് മാഷ് പാടുകയാണ്‌, നനഞ്ഞു പഴകിയ മരക്കഷ്ണങ്ങളുടേയും എലികളുടേയും മണമുള്ള ആ പഴയ ആറാം ക്ളാസിലിരുന്ന്.....
ണിം...

“ജനഗണമന അധിനായക ജയഹേ 

ഭാരത ഭാഗ്യ വിധാത...”

ണിം...ണിം...ണിം...ണിം...ണിം...ണിം... 


Thursday, 28 February 2013

പ്രിയപ്പെട്ട ടീച്ചർ...


 സ്വന്തം മക്കൾ സമൂഹത്തിന്റെ മുഴുവൻ സ്നേഹാദരങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് എന്നെന്നും വിജയിച്ചു കൊണ്ടേയിരിക്കണം എന്നതാണ്‌ ഏതൊരു രക്ഷിതാവിന്റേയും ആഗ്രഹം. അതിനു വേണ്ടി മക്കൾക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം കിട്ടാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കി കൊടുക്കുന്നു. സമൂഹത്തിൽ സ്വന്തം സ്ഥാനം എവിടെയായിരുന്നാലും തങ്ങളുടെ മക്കൾ ഉയരത്തിലെത്തണമെന്ന് അവർ സദാ സമയം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലോകപ്രശസ്ത നയതന്ത്രജ്ഞനും നേതാവുമായിരുന്ന എബ്രഹാം ലിങ്കൺ തന്റെ മകന്റെ ടീച്ചർക്ക് അയച്ചു എന്ന് കരുതപ്പെടുന്ന ഒരു കത്തിന്റെ ഉള്ളടക്കം തന്നെ ഒരു രക്ഷിതാവ് എന്ന നിലയിൽ മകനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകളാണ്‌.
 ആ കത്തിന്റെ പൂർണ്ണ രൂപം ഞാൻ ആദ്യമായി കാണുന്നത് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സയൻസ് & ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റ് ഹെഡ്ഡിന്റെ ഓഫീസ് മുറിയിലെ ഭിത്തിയിലാണ്‌. ടീച്ചറുടെ ഓഫീസ് മുറിയിലേക്ക് കടന്നു ചെല്ലുന്ന എല്ലാ ടീച്ചർമാരുടേയും രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടെയും പ്രഥമശ്രദ്ധ പിടിച്ചു പറ്റാൻ പാകത്തിൽ, വലിയൊരു ബോർഡിൽ, നീല പ്രതലത്തിൽ, വെളുത്ത അക്ഷരങ്ങളിൽ ആ കത്ത് തിളങ്ങി നിൽക്കുന്നു. ഇംഗ്ലീഷിലുള്ള കുനു കുനാ അക്ഷരങ്ങൾ കണ്ട് 'ഇതെല്ലാം വായിക്കാൻ ആർക്കാണിവിടെ നേരം' എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഭാവിച്ചപ്പോഴാണ്‌ അതിലെ ഒരു വരി എന്റെ ശ്രദ്ധയാകർഷിച്ചത്.
“In the school, teach him it is far honourable to fail than to cheat”
എത്ര നീതിപൂർണ്ണമായ നിർദ്ദേശം! ആ കത്ത് മുഴുവൻ വായിക്കാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല. അതിലെ ഓരോ വരികളും ഓരോ നിർദ്ദേശങ്ങളാണ്‌; ഉന്നതരായ ഉദ്യോഗസ്ഥർ, ജോലിക്കാർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ ഏത് തലത്തിൽ ജീവിക്കുന്നവർക്കും എന്നെന്നും മായാതെ മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ.
 കത്തിന്റെ മലയാളത്തിലുള്ള പൂർണ്ണരൂപം താഴെക്കൊടുക്കുന്നു. ഇംഗ്ലീഷ് ഭാഷാ പണ്ഡിതനല്ലാത്തതു കൊണ്ടും അനുഭവക്കുറവ് കൊണ്ടും തെറ്റുകുറ്റങ്ങൾ ധാരാളമായി കണ്ടേക്കാം. സഹൃദയം ക്ഷമിച്ച് കൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ അപേക്ഷ. 
Statue of Abraham Lincoln and his son sits outside the south entrance to the Kansas City:  Photo courtesy-http://americantalesandtrails.com
എനിക്കറിയാം, 
എല്ലാ മനുഷ്യരും നീതിമാന്മാരല്ലെന്നും 
സത്യസന്ധന്മാരല്ലെന്നും 
അവന്‌ പഠിക്കേണ്ടി വരും. 
പക്ഷേ ഓരോ തെമ്മാടിക്കും പകരം 
ഒരു നായകനുണ്ടെന്നും 
ഓരോ സ്വാർത്ഥനായ രാഷ്ട്രീയക്കാരനും പകരം 
ആത്മാർപ്പണം ചെയ്ത ഒരു നേതാവുണ്ടെന്നും 
അവനെ പഠിപ്പിക്കുക. 
ഓരോ ശത്രുക്കൾക്കും പകരം 
ഒരു സുഹൃത്തുണ്ടാകുമെന്ന്അവനെ പഠിപ്പിക്കണം. 

അസൂയയിൽ നിന്നും അകന്ന് നില്ക്കാനുള്ള 
മാർഗ നിർദ്ദേശം അവന്‌ നല്കുക, 
നിങ്ങൾക്ക് കഴിയുമെങ്കിൽ ശാന്തമായ പൊട്ടിച്ചിരിയുടെ 
രഹസ്യം അവനെ പഠിപ്പിക്കുക. 

വഴക്കാളികളെ തോല്‍പ്പിക്കാനാണെളുപ്പമെന്ന് 
ആദ്യം തന്നെ അവൻ പഠിക്കട്ടെ.. 
പുസ്തകങ്ങളുടെ അത്ഭുതലോകത്തെപ്പറ്റി 
നിങ്ങൾക്കാവുമെങ്കിൽ അവനെ പഠിപ്പിക്കണം. 
പക്ഷെ, പച്ചക്കുന്നിൻ ചെരുവിലെ പൂക്കളുടേയും 
ആകാശത്തിലെ പക്ഷികളുടേയും 
ശാശ്വതമായ നിഗൂഢതയെപ്പറ്റി ചിന്തിച്ച് നോക്കുവാൻ 
അവന്‌ ശാന്തമായ സമയം അനുവദിച്ച് കൊടുക്കണം. 

സ്കൂളിൽ ചതിച്ച് നേടുന്നതിനേക്കാൾ 
തോൽക്കുന്നതാണ്‌ അങ്ങേയറ്റം മാന്യതയെന്ന് 
അവനെ പഠിപ്പിക്കുക. 
എല്ലാവരും തെറ്റാണെന്ന് പറഞ്ഞ് 
പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും 
സ്വന്തം ആശയങ്ങളിൽ വിശ്വസിക്കാൻ 
അവനെ പഠിപ്പിക്കണം. 
മൃദുല ഹൃദയരോട് മൃദുലമായിരിക്കാനും 
കഠിന ഹൃദയരോട് കഠിനമായിരിക്കാനും 
അവനെ പഠിപ്പിക്കുക. 

എല്ലാവരും പരിഷ്കൃത ലോകത്തിനൊപ്പം 
ഓടാൻ ശ്രമിക്കുമ്പോൾ 
ആ ജനക്കൂട്ടത്തെ പിന്തുടരാതിരിക്കുവാനുള്ള കരുത്ത് 
എന്റെ മകന്‌ നൽകാൻ ശ്രമിക്കുക. 
എല്ലാ മനുഷ്യരും പറയുന്നത് ശ്രദ്ധിക്കുവാൻ 
അവനെ പഠിപ്പിക്കണം. 
പക്ഷേ അവൻ കേള്‍ക്കുന്നതെല്ലാം 
സത്യത്തിന്റെ മറയിലൂടെ വേർതിരിച്ചെടുക്കുവാനും 
അതിൽ നിന്ന് നല്ലത് മാത്രം സ്വീകരിക്കുവാനും 
കൂടി അവനെ പഠിപ്പിക്കുക. 

നിങ്ങൾക്കാവുമെങ്കിൽ, 
സങ്കടപ്പെട്ടിരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നതെങ്ങിനെയെന്ന് 
അവനെ പഠിപ്പിക്കുക. 
കണ്ണുനീരിൽ ലജ്ജിക്കാനൊന്നുമില്ലെന്ന് 
അവനെ പഠിപ്പിക്കുക. 
ദോഷൈകദൃക്കുകളെ അവജ്ഞയോടെ അകറ്റി നിർത്താനും 
അതിമധുരം പറയുന്നവരെ സൂക്ഷിക്കുവാനും 
അവനെ പഠിപ്പിക്കുക. 
സ്വന്തം ശരീരശക്തിയും ബുദ്ധിയും 
ഏറ്റവും വലിയ വില പറയുന്നവന്‌ വിൽക്കാൻ 
അവനെ പഠിപ്പിക്കുക; പക്ഷേ 
സ്വന്തം ഹൃദയത്തിനും ആത്മാവിനും 
വിലയിടാതിരിക്കാനും. 

അലമുറയിടുന്ന ജനക്കൂട്ടത്തിന്‌ നേരെ 
കാതുകളടച്ച് പിടിച്ച് 
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിൽ 
ഉറച്ച് നിൽക്കാനും അതിന്‌ വേണ്ടി പോരാടാനും 
അവനെ പഠിപ്പിക്കുക. 
അവനോട് മാന്യമായി പെരുമാറുക, പക്ഷേ 
അവനെ ലാളിക്കരുത്. 
എന്തുകൊണ്ടെന്നാൽ അഗ്നിപരീക്ഷയിൽ നിന്ന് മാത്രമേ 
ഉൽകൃഷ്ടമായ ഉരുക്കുണ്ടാവുകയുള്ളൂ. 

അക്ഷമനായി ഇരിക്കാനുള്ള ധൈര്യം അവന്‌ നൽകുക. 
ധൈര്യവാനായിരിക്കാനുള്ള ക്ഷമ അവന്‌ നൽകുക. 
തന്നെക്കുറിച്ച് ശ്രേഷ്ഠമായ വിശ്വാസം സ്വയം 
ഉണ്ടാക്കുവാൻ എല്ലായ്പ്പോഴും അവനെ പഠിപ്പിക്കുക, 
എങ്കിൽ മാത്രമേ മനുഷ്യരാശിയിൽ അവന്‌ 
ഉന്നതമായ വിശ്വാസം ഉണ്ടാവുകയുള്ളൂ.. 

ഇത് വലിയൊരു നിർദ്ദേശമാണ്‌ , 
പക്ഷേ നിങ്ങൾക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ.. 
അവനൊരു കൊച്ചു മിടുക്കനാണ്‌, എന്റെ മകൻ. 

Thursday, 7 February 2013

പാട്ട് മൂളി വന്ന കാറ്റ്

"കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ
ഞാലിപ്പൂം കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ"

പിറക്കാനിരിക്കുന്ന ഒരു മലയാള സിനിമയിലെ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരു പാട്ടിന്റെ ആദ്യ രണ്ട് വരികളാണ് ഇത്. 'ന്യൂ ജനറേഷൻ' തരംഗം എന്ന് പറഞ്ഞു കൊണ്ട് മലയാള സിനിമയുടെ നിലവാരം വളരെയധികം താഴ്ത്തുന്ന തരത്തിലുള്ള ചലച്ചിത്രങ്ങളും ഗാനങ്ങളുമാണ് കുറച്ച് വർഷങ്ങളായി നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ആ തരംഗത്തിനിടയിലും മലയാളികൾക്ക് കേട്ട് ആസ്വദിക്കാനും ഓർമ്മയിലേക്ക് സൂക്ഷിച്ച് വെക്കാനും ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചത് റഫീക്ക് അഹമ്മദ് തന്നെയായിരുന്നു. കൂടെ വിദ്യാസാഗർ, എം. ജയചന്ദ്രൻ, മോഹൻ സിത്താര, ഔസേപ്പച്ചൻ എന്നീ പ്രഗത്ഭരുടെ സംഗീതവും. ആ ഗണത്തിലേക്ക് ഉൾപ്പെടുത്താവുന്ന ഒരു ഗാനമാണ് 'സെല്ലുല്ലോയ്ഡ്' എന്ന കമൽ ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതി എം. ജയചന്ദ്രൻ ഈണമിട്ട "കാറ്റേ കാറ്റേ...." എന്ന ഗാനം.

പഴമയെ എന്നും സ്നേഹിക്കുന്നവരാണ് മലയാളികൾ. വെച്ച് കെട്ടലില്ലാതെ പൊടിപ്പും തൊങ്ങലും ചേർക്കാതെ മലയാളിക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ട കവിത തുളുമ്പുന്ന എല്ലാ ഗാനങ്ങളും അവർ ഹിറ്റാക്കിയിട്ടുണ്ട്. സ്വാഭാവികമായ സംഗീതത്തേയും മാനുഷികതയേയും അവർ വിലമതിക്കുന്നതു കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ഹിറ്റായ പാട്ടുകൾ അവർ ഇപ്പോഴും പുതുമയോടെ ശ്രവിക്കുന്നത്. മലയാളികളുടെ ആ ആസ്വാദന നിലവാരം അറിയാവുന്ന സംവിധായകർ ഹിറ്റായ പല പഴയ പാട്ടുകളും തങ്ങളുടെ പുതിയ സിനിമകളിൽ ഭാവുകത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയും കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 1975ൽ 'പിക്നിക്' എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ മാസ്റ്റർ ഈണമിട്ട് ദാസേട്ടൻ പാടിയ "കസ്തൂരി മണക്കുന്നല്ലോ കാറ്റേ...." എന്ന ഗാനം 36 വർഷങ്ങൾക്ക് ശേഷം 2011ൽ ജയരാജ് തന്റെ 'നായിക' എന്ന സിനിമയിൽ അതേ ഗായകനെ കൊണ്ട് പാടിച്ചപ്പോൾ പഴയ തലമുറയും പുതിയ തലമുറയും നിറഞ്ഞ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. 1965ൽ 'റോസി' എന്ന ചിത്രത്തിന് വേണ്ടി പി. ഭാസ്ക്കരൻ എഴുതി ജോബ് ഈണമിട്ട് ദാസേട്ടൻ പാടിയ "അല്ലിയാമ്പൽ കടവ്....." എന്ന ഗാനം വർഷങ്ങൾക്ക് ശേഷം 2009ൽ ജയരാജിന്റെ തന്നെ 'ലൗഡ് സ്പീക്കറി'ൽ വിജയ് യേശുദാസിന്റെ ശബ്ദത്തിൽ കേട്ടപ്പോഴും ആരാധകർക്ക് ഒരു കുറവും ഉണ്ടായില്ല. "Old is Gold" എന്ന് പറയുന്നത് ആലങ്കാരികമായിട്ടല്ലല്ലോ? പഴമയ്ക്ക് എന്നും പുതുമയുണ്ട്. ശരത് വയലാർ എഴുതി മോഹൻ സിത്താര സംഗീതമിട്ട് ശ്രേയാ ഘോഷലും കബീറും ചേർന്നാലപിച്ച "പതിനേഴിന്റെ പൂങ്കരളിൽ..." എന്ന ഗാനം ആസ്വാദകരെ ആകർഷിക്കാൻ കാരണം അതിന്റെ സംഗീതത്തിലെ പഴമ എന്ന പുതുമയും വ്യത്യസ്തമായ ആലാപനവുമായിരുന്നു. ഇപ്പോൾ "കാറ്റേ കാറ്റേ..." എന്ന ഗാനം കേൾക്കുമ്പോളും പഴമയുടെ ഗൃഹാതുരത്വമാണ് മനസ്സിലേക്കോടിയെത്തുന്നത്. പഴയ തലമുറയ്ക്കിത് ഒരു ഓർമ്മ പുതുക്കലാണെങ്കിൽ പുതിയവർക്ക് ഒരു കൗതുകവും ആകാംക്ഷയുമാണ്. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പാട്ടിന് കൈയ്യടിക്കുന്നത്. അതിൽ എടുത്ത് പറയേണ്ട ഒരു വസ്തുത ശ്രീരാമിന്റേയും വൈക്കം വിജയലക്ഷ്മിയുടേയും ആലാപനമാണ്. പഴയ നാടക ഗാനങ്ങൾ കേൾക്കുന്ന ഒരു പ്രതീതിയാണ് ഈ ഗാനം നമുക്ക് തരുന്നത്. തീർച്ചയായും ഗാനത്തിന് ഒരു പഴയകാല മുഖം ഉണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. എന്തെന്നാൽ സെല്ലുല്ലോയ്ഡ് പറയുന്നത് നടക്കുന്നതോ വരാനിരിക്കുന്നതോ ആയ ഒരു കാലത്തെക്കുറിച്ചല്ല. മറിച്ച് വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന, വിഗതകുമാരൻ എന്ന നിശബ്ദ ചിത്രത്തിന്റെ നിർമാതാവായ, ജെ. സി. ദാനിയേലിന്റേയും ആദ്യ മലയാള നായിക റോസിയുടേയും ജീവചരിത്രം. സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ അനേകം ചിത്രങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും കമലിന്റെ ഈ ഉദ്യമം എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെന്നാൽ സെല്ലുല്ലോയ്ഡ് പറയുന്നത് സിനിമയ്ക്കുള്ളിലെ കഥയല്ലല്ലോ, സിനിമ ഉണ്ടാക്കിയ കഥയല്ലേ?

നന്ദി...റഫീക്ക് അഹമ്മദിന്, ജയചന്ദ്രന്, ശ്രീരാമിന്, വിജയലക്ഷ്മിക്ക്, ഒടുവിൽ കമലിനും. ഇത്രയും നല്ലൊരു പാട്ട് സമ്മാനിച്ചതിന്..


ഇതിനോടകം തന്നെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഹിറ്റായിക്കഴിഞ്ഞ "കാറ്റേ കാറ്റേ.." എന്ന പാട്ടിന്റെ വരികൾ

സിനിമ: സെല്ലുല്ലോയ്ഡ് (2013)
സംവിധാനം: കമൽ
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: എം. ജയചന്ദ്രൻ
പാടിയത്: ശ്രീരാം, വൈക്കം വിജയലക്ഷ്മി




കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ പാട്ടും മൂളി വന്നോ
ഞാലിപ്പൂം കദളി വാഴപ്പൂക്കളിലാകെ
തേൻ നിറഞ്ഞോ ആകെ തേൻ നിറഞ്ഞോ

ആറ്റ് നോറ്റ് ഈ കാണാ മരത്തിന്
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണുതണെ
തൂവൽ വീശി നിന്നോ തൂവൽ വീശി നിന്നോ

ഇന്നലെയെന്നോ പോയ് മറഞ്ഞു
ഇന്നൊരു സ്വപ്നം കൂടെ വന്നു
വെന്തു കരിഞ്ഞൊരു ചില്ലകളിൽ
ചെന്തളിരിൻ തല പൊന്തി വന്നു
കുഞ്ഞിളം കൈ വീശി വീശി
ഓടി വായോ പൊന്നുഷസ്സേ
കിന്നരിക്കാൻ ഓമനിക്കാൻ
മുത്തണിപ്പൂം തൊട്ടിലാട്ടി
കാതിൽ തേന്മൊഴി ചൊല്ലാമോ...(കാറ്റേ കാറ്റേ)

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളീ നിലാവിൻ തേരു വന്നു
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിൻ കോളൊഴിഞ്ഞു
ഇത്തിരിപ്പൂ മൊട്ടു പോലെ
കാത്തിരിപ്പൂ കൺവിരിയാൻ
തത്തി വരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലത് നേരാമോ...(കാറ്റേ കാറ്റേ)