Thursday, 24 January 2013

നന്മയുടെ കടയ്ക്കൽ കത്തി വയ്ക്കുമ്പോൾ.....


നട്ടു നനച്ചൊരു സംസ്ക്കാരത്തരു
വെട്ടിച്ചിത നിര തീർത്തീടും
തണലു തരുന്ന മഹാവൃക്ഷം നാം
ചുവടു മുറിക്കുകയാണിന്ന്
പകരം നൽകാം സ്വപ്നസുഖങ്ങൾ
നിറച്ചൊരു വർണ്ണക്കൂടാരം
                  - ബാഗ്‌ദാദ്, മുരുകൻ കാട്ടാക്കട

ധാർഷ്ട്യത്തിന്റെ ഈ ചളിക്കു മുകളിൽ വെട്ടിയിട്ടിരിക്കുന്നത് വെറുമൊരു മരത്തെയല്ല; മറിച്ച് നിഷ്കളങ്കനായ ഒരു ഗ്രാമീണന്റെ ഹൃദയത്തിന്റെ നന്മയെയാണ് പല്ലുകളുള്ള തിരിയുന്ന ബെൽറ്റ് ഉപയോഗിച്ച് നിമിഷനേരം കൊണ്ട് വെട്ടിവീഴ്ത്തിയത്. എന്റെ ആയുധം, എന്റെ ആളുകൾ, എന്റെ ഭൂമി, സർക്കാറിന്റെ റോഡ്,എന്ത് ചെയ്താലും തിരിച്ച് ഒരക്ഷരം പറയാൻ കഴിയാത്ത ഒരു പാവം മരം. ഞങ്ങൾ വന്നു. ഞങ്ങൾ കണ്ടു. ഞങ്ങൾ കീഴടക്കി. ഈ അഹങ്കാരത്തിന്റെ എല്ലാം അവസാന ഉത്തരമാണ് ഈ വീണ് കിടക്കുന്ന ഒങ്ങ് മരവും ആലിൻതൈയും.

 
ഏതാണ്ട് ഒരു അഞ്ചാറ്‌ വർഷങ്ങൾക്ക് മുൻപാണ്‌ കുമാരൻ എന്ന ഒരു സാധു മനുഷ്യൻ ഈ ഒങ്ങ് തൈ ഇവിടെ നടുന്നത്. തന്റെ മനസ്സിന്റെ നന്മ വരും തലമുറകൾക്ക് പകർന്ന് നല്കുവാൻ മറ്റ്‌ പലയിടങ്ങളിലും ഇങ്ങിനെ ചെടികൾ അയാൾ നട്ട്‌ പിടിപ്പിച്ചിട്ടുണ്ട്‌. ദിവസവും കാലത്തും വൈകീട്ടും വെള്ളം കൊടുത്ത്‌ വളർത്തി. പിന്നെ വളരെ പെട്ടന്നായിരുന്നു അതിന്റെ വളർച്ച. തലയെടുപ്പോട് കൂടി പടർന്ന്‌ പന്തലിച്ച് അത്  വളര്‍ന്നു . വേനൽക്കാലത്തും മഴക്കാലത്തും ഈ ഒങ്ങ്‌ മരം പകർന്ന് തന്ന സുരക്ഷിതത്വം ഈ വഴിയിലൂടെ വന്നവരും പോയവരുമെല്ലാം ആസ്വദിച്ചു. കടുത്ത വേനലിൽ കുളിർമയുള്ള തണലേകിക്കൊണ്ട്, പെരുമഴയത്ത് വലിയൊരു കുടയായ് നിന്നുകൊണ്ട് അത് തന്നിലെ നന്മ മറ്റുള്ളവർക്കും പകർന്ന് നല്കി. ഈ ഒങ്ങ് മരത്തിന്റെ തണൽ തേടാത്ത, ശുദ്ധവായു ശ്വസിക്കാത്ത ഒരാളും ഇതുവഴിയേ കടന്ന്‌ പോയിട്ടുണ്ടാകില്ല. ഇതിന്റെ ചില്ലകളിൽ ഇരുന്ന്‌ വിശ്രമിക്കാത്ത ഒരു പക്ഷിയും ഈ ഭാഗത്തുണ്ടാകില്ല. 



ഞാൻ അവസാനം കാണുമ്പോൾ തണൽ ചില്ലകൾ നിവർത്തിപ്പിടിച്ചു കൊണ്ട്‌ ഈ മരം ആ വഴിയരികിൽ തന്നിലേക്ക്‌ വരുന്ന അതിഥികളേയും കാത്ത് നിൽപ്പുണ്ടായിരുന്നു. സ്വാർത്ഥരായ മനുഷ്യരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ അവര്ർക്ക് നന്മകൾ മാത്രം ചെയ്ത് കൊടുക്കുവാൻ വേണ്ടിയുള്ള ഒരു നിൽപ്പ്‌. ആ നിൽപ്പിൽ നിന്നും അതിന്റെ മൂക്കും കുത്തിയുള്ള ഈ കിടപ്പിനുള്ള കാരണമെന്താണ്‌? പൊതുമുതലായ ഈ രണ്ട് മരങ്ങളും സംരക്ഷിച്ച് നിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയായിരുന്നില്ലേ? അനേകം പൊതുസംഘടനകളുള്ള ഈ ഗ്രാമത്തിൽ എത്ര സംഘടനകൾ ഈ അനീതിക്കെതിരെ ശബ്ദമുയർത്തി? പുരോഗമന പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന, മണ്ണിനേയും മനുഷ്യനേയും പ്രകൃതിയേയും സ്നേഹിക്കുന്ന വളരെ കുറച്ചു പേർ, വിരലിലെണ്ണാവുന്നവർ, മാത്രമാണ്‌ ഈ അനീതിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത്.

ജനുവരി 19 നാണ്‌ ഞാൻ ആ വാർത്ത കേട്ടത്. ചിത്രത്തിൽ കാണുന്നത്‌ പോലെ തലയെടുപ്പോട് കൂടി നിന്നിരുന്ന ആ ഒങ്ങ് മരം നിമിഷനേരം കൊണ്ട് മുറിച്ച് പാടത്തേക്ക് തള്ളിയിട്ടു എന്ന്‌. ഒങ്ങ് മാത്രമല്ല കൂടെ ഇനിയും അനേകം തലമുറകളെ കാണേണ്ടിയിരുന്ന ഒരു ആലിൻതൈയും. ഫോണിലൂടെ ആ വാർത്ത കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ചിത്രത്തിലൂടെ അതിന്റെ കിടപ്പ് കണ്ടപ്പോൾ ആ സങ്കടം അമര്ർഷമായി മാറി. എന്തിനു് വേണ്ടിയാണ്‌ അവർ ഇത് ചെയ്തത് എന്നറിയില്ല. പറയാൻ കാരണങ്ങൾ പലതുമുണ്ടാകുമെങ്കിലും ഒരു പൊതുമുതൽ ഇങ്ങിനെ വെട്ടി നശിപ്പിക്കാൻ ആർക്കാണ്‌ അധികാരമുള്ളത്? ഇന്ത്യയുടെ ദേശീയ വൃക്ഷമായ ആൽമരം സ്വീകാര്യയോഗ്യമായ യാതൊരു കാരണങ്ങളുമില്ലാതെ വെട്ടി നിലത്തിട്ടത് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമായി ഞാൻ കരുതുന്നു. 

ഉപഭോഗ സംസ്ക്കാരത്തിന്‌ അടിമപ്പെട്ട് കിടക്കുന്ന മലയാളികൾക്കാണ്‌ പ്രകൃതി തന്റെ സർവ്വ അനുഗ്രഹങ്ങളും നൽകിയിരിക്കുന്നത്. ഉത്തരേന്ത്യയിലേതു പോലെ കൊടും ചൂടോ, കൊടും തണുപ്പോ അവന്‌ അനുഭവിക്കേണ്ടി വരുന്നില്ല. വെള്ളപ്പൊക്കമില്ല, വരൾച്ചയില്ല, യുദ്ധക്കെടുതികളില്ല, പേമാരിയില്ല, ഉരുൾപൊട്ടലുമില്ല. പ്രകൃതി വാരിക്കോരി തന്നതുകൊണ്ട് തന്നെ എല്ലാ വിഭവങ്ങളും ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നു. ആരും ആരോടും ചോദിക്കുന്നില്ല. ആര്ർക്കും ആരേയും പേടിയുമില്ല. ഇത്തരം കൊച്ചു കൊച്ചു മരം മുറിക്കലുകളിലൂടെയാണ്‌ വലിയ വലിയ വനനശീകരണങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഈ അനീതി ചോദ്യം ചെയ്യപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഇത്തരം അനീതികൾ ഇനിയും ആവർത്തിക്കാതിരിക്കാൻ പ്രതിഷേധ സ്വരങ്ങൾ വളരെ നല്ലതാണ്‌. ഞാൻ നേരത്തെ പറഞ്ഞതു പോലെ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. എന്നാൽ ആ കാരണങ്ങൾക്കൊക്കെ മുകളിൽ നില്ക്കുന്ന സത്യം ഈ രണ്ട് മരങ്ങളുടെ ദാരുണമായ പതനമാണ്‌. ക്ഷമിക്കണം പതനം എന്ന് പറയാൻ കഴിയില്ല. നന്മയുടെ കടയ്ക്കൽ കത്തി വച്ചിട്ട് അതിനെ പതനം എന്ന് വിളിക്കാൻ കഴിയുമോ? ഈ മുറിഞ്ഞു വീണ ആലിന്റെ മുറിപ്പാടിനരികിൽ ഒരു കൊച്ചു ആലിൻതൈ കാണാം. അതിനെയെങ്കിലും പല്ലുള്ള തിരിയുന്ന യന്ത്രത്തിനു വിട്ടു കൊടുക്കാതിരിക്കാം.

ഇതു ചെയ്തതിനു പിന്നിലെ ചേതോവികാരം അറിവില്ലായ്മയല്ല, മറിച്ച് ചെയ്യുന്നത് തെറ്റാണെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും അതിനെ അംഗീകരിക്കാനുള്ള മനസ്സില്ലായ്മയാണ്‌. ചെയ്ത തെറ്റിനെ ശരി കൊണ്ട് നേരിടണം.ആ ശരി തന്നെയാണ്‌ ഇതിനുള്ള പ്രായ്ശ്ചിത്തവും. ഒരുപാട് കേട്ട് പരിചയിച്ച ഒരു വാചകമുണ്ട്. “I speak for the trees, for the trees have no tongues” ഞാൻ മരങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു, എന്തെന്നാൽ അവയ്ക്ക് സംസാരിക്കാൻ നാവുകളില്ലല്ലോ?

No comments:

Post a Comment

ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..