പ്രസിദ്ധീകരിച്ച്
നാല് വർഷങ്ങൾക്കൊണ്ട് അമ്പത് പതിപ്പുകൾ പിന്നിടുകയും, കേരള സാഹിത്യ അക്കാദമി
അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുകയും, ഒരുപാട് വായനക്കാരുടെ
ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുകയും ചെയ്ത ഒരു നോവലാണ് ബെന്യാമിന്റെ ‘ആടുജീവിതം’.
അല്ല, നജീബിന്റെ ആടുജീവിതം. നിസാരമായ കാര്യങ്ങൾക്കുപോലും പരാതിയും പരിഭവങ്ങളുമായി
നടക്കുന്ന, ചെറുതും വലുതുമായ എല്ലാ സമൃദ്ധികളോടും കൂടി ജീവിക്കുന്ന, ഉയരങ്ങൾ
വെട്ടിപ്പിടിക്കാൻ അത്യാർത്തി കാണിക്കുകയും ചെറിയൊരു തിരിച്ചടിയിൽ പോലും തളർന്ന്
വീഴുകയും ചെയ്യുന്ന ഏതൊരു മനുഷ്യനും വായിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട
ജീവിതമാണ് നജീബിന്റേത്. എൻ. ശശിധരൻ നിരീക്ഷിച്ചതു പോലെ ‘ആടുജീവിതം’ ജീവിതത്തിൽ
നിന്നും ചീന്തിയെടുത്ത ഒരേടല്ല; ചോര വാർക്കുന്ന ജീവിതം തന്നെയാണ്. നജീബിന്റെ
ജീവിതത്തിനുമേൽ വായനക്കാരന്റെ രസത്തിന് വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും
ഏറെയൊന്നും വച്ചുകെട്ടുവാൻ എനിക്ക് തോന്നിയില്ല എന്ന് ബെന്യാമിൻ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ
പൊള്ളിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളേയും കഠിനമായ ദുരിതങ്ങളേയും പരമകാരുണ്യവാനായ
അള്ളാഹുവിൽ മാത്രം വിശ്വസിച്ച് നേരിടേണ്ടി വന്ന ഒരു സാധാരണക്കാരന്റെ ജീവിതമാണ്
നമുക്ക് മുന്നിൽ മരുഭൂമിയാകുന്ന പാരതന്ത്ര്യത്തിന്റെ വിലക്കുകൾ പൊട്ടിച്ച് തുറന്ന്
വന്നത്. അതെ, ഇത് കഥയല്ല ജീവിതമാണ്. ചുട്ടുപഴുത്ത മണലാരണ്യത്തിൽ
സ്വാതന്ത്ര്യത്തിന്റെ ഒരു കണിക പോലും അനുഭവിക്കാൻ കഴിയാതെ, വീശിയടിക്കുന്ന
മരുക്കാറ്റിനേയും മരം കോച്ചുന്ന തണുപ്പിനേയും, അതിജീവിച്ച്, ക്രൂരനായ യജമാനന്റെ
ആട്ടും തുപ്പും ചവിട്ടും സഹിച്ച് മരുഭൂമിയാകുന്ന മതിക്കെട്ടിനകത്ത് മൂന്ന് വർഷവും
നാല് മാസവും ഒൻപത് ദിവസവും ആടുകളോടൊപ്പം അടിമജീവിതം നയിക്കേണ്ടി വന്ന നജീബിന്റെ
ആടുജീവിതം. ചിലപ്പോഴെല്ലാം
ജീവിതം ഒരു കെട്ടുകഥയേക്കാൾ സംഭവബഹുലവും അവിശ്വസനീയവും അതിശയോക്തി
നിറഞ്ഞതുമായിരിക്കും. എന്നാൽ അത്തരം അനുഭവങ്ങൾ ശ്രവിക്കുമ്പോൾ നാമതിനെ ഒരു
കെട്ടുകഥയുടെ ലാഘവത്തോടെ തള്ളിക്കളയാനാണ് ശ്രമിക്കാറ്. അതുകൊണ്ട് തന്നെ
പുസ്തകത്തിന്റെ പുറംചട്ടയിൽ പറഞ്ഞിരിക്കുന്നു.
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും
കെട്ടുകഥകൾ മാത്രമാണ്”
ഒന്നാം ഇറാക്ക് യുദ്ധകാലത്തിന് ശേഷം
എണ്ണരാജ്യങ്ങളിലെല്ലാം ഉണ്ടായ അനന്തമായ ജോലി സാദ്ധ്യതകൾ പ്രതീക്ഷയുടെ വാതായനങ്ങൾ
തുറന്നിട്ട് കൊടുത്തത് കൂടുതലും തെക്കനേഷ്യക്കാർക്കാണ്. അവരിൽ ഇന്ത്യാക്കാരും,
പാക്കിസ്താനികളും, ഫിലിപ്പീനികളും എല്ലാം ഉൾപ്പെടുന്നു. കേരളത്തിൽ നിന്നും
ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജീവിതത്തിന്റെ മരുപ്പച്ച തേടി ഗൾഫ് നാടുകളിൽ
ചെന്നിറങ്ങി. ഗൾഫ് മലയാളികൾ പ്രതിവർഷം നാട്ടിലേക്കയച്ചത് കോടിക്കണക്കിന് ഡോളർ
ആയിരുന്നു. അത് കേരളത്തിന്റെ മൊത്തം മുഖഛായ തന്നെ മാറ്റിയെടുത്തു. മണലാരണ്യം അനവധി
മലയാളികളുടെ പറുദീസയായി മാറി. ഗൾഫുകാരൻ എന്ന വിശേഷണം തന്നെ അന്തസ്സിന്റേയും
അഭിമാനത്തിന്റേയും സമ്പന്നതയുടേയും മുഖമുദ്രയായി. ഒരു ഗൾഫുകാരനെങ്കിലും ഇല്ലാത്ത
വീടുകൾ കേരളത്തിൽ ചുരുക്കമായി. അവനെ പരിഹസിച്ചും പ്രകീർത്തിച്ചും സിനിമകളും
നാടകങ്ങളും ഇറങ്ങി. എന്നാൽ സ്വന്തം നാടിനേയും വീടിനേയും വീട്ടുകാരെയും വിട്ടകന്ന്
അവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിലും, വലിയ
വലിയ കെട്ടിടങ്ങളിലും ജീവൻ പണയം വെച്ചും, സ്വാതന്ത്ര്യം അടിയറവ് വെച്ചും ജീവിക്കുന്ന
വലിയൊരു വിഭാഗം തൊഴിലാളികളുടെ ജീവിതം ഇപ്പറഞ്ഞ കലാസൃഷ്ടികൾക്കൊന്നും തന്നെ വരച്ച്
കാട്ടുവാൻ കഴിഞ്ഞിരുന്നില്ല. അവിടെയാണ് ബെന്യാമിന്റെ ‘ആടുജീവിതം’
വ്യത്യസ്തമാകുന്നത്; ജീവിതഗന്ധിയാകുന്നത്.
വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മണൽ വാരി
ജീവിക്കുന്ന നജീബിന് ഗൾഫ് മോഹം മുളപൊട്ടിയതിന് പിന്നിലുള്ള കാരണങ്ങൾ വീട്ടിലെ
മണൽക്കൂന പോലെ ഉയർന്ന് വരുന്ന ചിലവുകൾ തന്നെയാണ്. ഗർഭിണിയായ ഭാര്യയുടേയും
പ്രായമായ ഉമ്മയുടേയും ഭാവിജീവിതം സുരക്ഷിതമാക്കാൻ ഇപ്പോഴത്തെ ജോലി
അപര്യാപ്തമാണെന്ന് അയാൾ തിരിച്ചറിയുന്നു. എല്ലാ കടങ്ങളും വീട്ടി ജീവിക്കാനുള്ള
അല്ലറ ചില്ലറ വകയാകുമ്പോൾ തിരിച്ചുവരാം എന്ന് തന്നെയായിരുന്നു നജീബിന്റേയും
മനസ്സിൽ. എല്ലാ പ്രവാസികളും ഇതേ ചിന്തകളോടെയാണ് വിമാനം കയറുന്നതും. എന്നിട്ടും
അവർക്ക് ഇരുപതും മുപ്പതും വർഷങ്ങൾ അവിടെ ചിലവിടേണ്ടി വരുന്നതിന്റെ കാരണമെന്തെന്ന്
കഥാനായകൻ തുടക്കത്തിൽ ആലോചിക്കുന്നുണ്ട്. കരുവാറ്റക്കാരനായ ഒരു സുഹൃത്തിന്റെ അളിയൻ
മുഖേനയാണ് വിസ ശരിയാകുന്നത്. ആ വകയിലേക്കായി നജീബ് മുപ്പതിനായിരം രൂപ ‘ഒപ്പിച്ചു’
കൊടുക്കുന്നു. ധനുവച്ചപുരത്തുള്ള മീശ കൊരുത്തിട്ടില്ലാത്ത മെലിഞ്ഞ് കൊലുന്നനെയുള്ള
ഹക്കീം എന്ന പയ്യനും നജീബിനോടൊപ്പം അതേ കമ്പനിയിൽ വിസ വരുന്നു. സ്വപ്നങ്ങളുടെ
വ്യാപാരഭൂമിയിൽ കാലുകുത്തുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള നല്ല പ്രതീക്ഷകൾ
മാത്രമായിരുന്നു അവരുടെ മനസ്സിൽ. എന്നാൽ റിയാദ് എയർപോർട്ടിൽ വെച്ച് ഒരു അറബി അവരെ
തട്ടിക്കൊണ്ടു പോകുന്നു. ഭാഷയറിയാത്ത ആ നഗരത്തിൽ അതാണ് തങ്ങളുടെ അർബാബ് (സ്പോൺസർ)
എന്ന് വിശ്വസിക്കുകയേ അവർക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഏറെ പഴഞ്ചനായ ഒരു
പിക്കപ്പ് വാനിൽ, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളിട്ട അർബാബ് അവരെ കയറ്റിക്കൊണ്ട്
പോകുന്നു. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ മരുഭൂമിക്കുള്ളിലെ അജ്ഞാതമായ ഏതോ
ഒരു മസറയ്ക്കുള്ളിൽ (ആട് വളർത്തൽ കേന്ദ്രം) അയാൾ എത്തിപ്പെടുന്നു. അതിനു് മുൻപ്
തന്നെ ഹക്കീം മറ്റൊരു മസറയ്ക്കുള്ളിൽ പൂട്ടിയിടപ്പെടുന്നു. അതായിരുന്നു
പിന്നീടുള്ള കാലം നജീബിന്റെ ലോകം.
കാട്ടാളനെപ്പോലെ ജട പിടിച്ച മുടിയും, വയറോളം
വളർന്ന് വന്നിരിക്കുന്ന താടിരോമങ്ങളും, മുഷിഞ്ഞതിൽ മുഷിഞ്ഞതുമായ ഒരു അറബിവസ്ത്രവും
ധരിച്ച, അന്യഭാഷക്കാരനായ ഒരു ഭീകരരൂപിയാണ് അവിടെ നജീബിന്റെ സഹപ്രവർത്തകൻ. ആ
രൂപത്തിൽ താനും ഒരു നാൾ എത്തിപ്പെട്ടേക്കും എന്ന ചിന്ത അവിടെ നിന്നും രക്ഷപ്പെടാൻ
അയാളെ പ്രേരിപ്പിക്കുന്നു. പക്ഷേ ദിക്കറിയാതെ, വഴിയറിയാതെ, വിശപ്പും ദാഹവും
സഹിച്ച് ആ മരുഭൂമിയിൽ നിന്ന് എവിടേക്ക് രക്ഷപ്പെടാൻ...? രണ്ട് നാളുകൾക്ക് ശേഷം
ഭീകരരൂപി അപ്രത്യക്ഷനാകുന്നതോടെ നജീബ് തീർത്തും
ഒറ്റപ്പെട്ട് പോകുന്നു. അള്ളാഹുവിൽ വിശ്വസിച്ച് ബാക്കിയുള്ള ജീവിതം
ജീവിച്ച് തീർക്കാനാണ് അയാൾ പിന്നീട് ശ്രമിക്കുന്നത്. എന്നും നേരത്തെ
എഴുന്നേൽക്കുക, ആടിനെ കറന്ന് അർബാബിനു വേണ്ട പാൽ കൊടുക്കുക, ആടുകളുടെ ടാങ്കിൽ
വെള്ളം നിറക്കുക, അവയെ നടക്കാൻ കൊണ്ട് പോകുക ഇതൊക്കെയായിരുന്നു നജീബിന്റെ
അവിടുത്തെ ജോലികൾ. ആടുകൾ എന്ന് പറഞ്ഞാൽ ഒന്നും രണ്ടുമല്ല, നൂറു കണക്കിന് ആടുകൾ.
അവയിൽ ചെമ്മരിയാടുകൾ, കോലനാടുകൾ എല്ലാമുണ്ട്. കൂട്ടത്തിൽ ഒട്ടകങ്ങളും. ആടുകളേയും
കൊണ്ട് നടക്കാനിറങ്ങുമ്പോൾ ഇരട്ടക്കുഴൽ തോക്കും പിടിച്ച് അർബാബ് തന്നെ
നിരീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതോടെ ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം
തന്റെ ജീവിതം ആ ആടുകൾക്കിടയിൽ ബന്ധപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്ന് നജീബിന്
ബോധ്യം വരുന്നു.
നാം വളരെ നിസ്സാരമായി പാഴാക്കിക്കളയുന്ന
വെള്ളം തന്റെ പ്രാഥമിക ആവശ്യത്തിനു വേണ്ടി എടുത്തപ്പോഴാണ് അർബാബ് എന്ന ക്രൂരനായ
യജമാനന്റെ ബെൽറ്റ് കൊണ്ടുള്ള അടി നജീബ് ആദ്യമായി ഏറ്റുവാങ്ങുന്നത്. വെള്ളത്തിൽ
മുങ്ങാംകുഴിയിട്ട് സർവ്വവിധങ്ങളായ ശുദ്ധിയോടും വൃത്തിയോടും കൂടി ജീവിച്ച നജീബിന്
ആ ഒരു കൃത്യത്തിന് വേണ്ടി എടുത്ത വെള്ളത്തിന് കൊടുക്കേണ്ടി വന്ന വില വളരെ
ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുക എന്നതായിരുന്നു. കൃത്യം നടത്തി കഴുകുന്നത് അർബാബിനെ
സംബന്ധിച്ചിടത്തോളം വളരെ വലിയ അപരാധമാണെന്ന് നജീബ് തിരിച്ചറിയുന്നു. ഏറ്റവും
ദുർലഭവും വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതുമായ ഒരു ദ്രാവകം എന്ന നിർവചനമാണ്
വെള്ളത്തിന് നജീബ് പിന്നീട് നൽകുന്നത്. ദിവസങ്ങൾ ചെല്ലുംതോറും ആ മസറയ്ക്കും
അവിടുത്തെ ജീവിതരീതികൾക്കും ഒപ്പം നടക്കാൻ നജീബ് ശീലിക്കുന്നു. ഈ
കഷ്ടപ്പാടുകൾക്കിടയിൽ ഒരിക്കൽപ്പോലും അയാൾ അള്ളാഹുവിലുള്ള തന്റെ വിശ്വാസം
കൈവെടിയുന്നില്ല. നജീബ് പറയുന്നു.
“അവിശ്വാസികളേ...പരമകാരുണികനായ അള്ളാഹു
പകർന്നു നൽകുന്ന സുഖശീതളിമയിൽ രമിച്ച് ജീവിക്കാൻ ഭാഗ്യം ചെയ്തവരേ...പ്രാർത്ഥനകൾ
നിങ്ങൾക്ക് വെറും പ്രഹസനങ്ങളും ചടങ്ങുകളും മാത്രമായിരിക്കാം. പക്ഷേ, എന്നെ
സംബന്ധിച്ചിടത്തോളം അതെന്റെ പിടിച്ചു നിൽപ്പിന്റെ അവസാന അത്താണിയായിരുന്നു. ഞാൻ
ശരീരത്തിൽ ഏറെ തളർന്നപ്പോഴും ആത്മാവിൽ പിടിച്ചു നിന്നത് ആ വിശ്വാസം മൂലമായിരുന്നു.
ഇല്ലെങ്കിൽ ആ തീക്കാറ്റിൽ ഞാനൊരു പുൽക്കൊടിയെന്ന പോലെ വാടിക്കരിഞ്ഞു
പോകുമായിരുന്നു.”
വീട്, നാട്, വീട്ടുകാർ, കൂട്ടുകാർ
എന്നിവരടങ്ങിയ ആ ലോകം ഇനി അപ്രാപ്യമാണെന്നും ഈ ലോകത്തിന്റെ വ്യവസ്ഥകൾക്കനുസരിച്ച്
ജീവിതദുരിതങ്ങളോട് പരമാവധി താദാത്മ്യപ്പെടുക എന്നതാണ് ഏറ്റവും അഭികാമ്യമെന്നും
തിരിച്ചറിയുന്നതോടെ മരുഭൂമിയിലെ വെല്ലുവിളികളേയെല്ലാം നിസ്സംഗതയോടെ നേരിടാൻ നജീബിന്
കഴിയുന്നുണ്ട്. പട്ടിണി കിടക്കുന്നതും, തൊണ്ട വരളുന്നതും, കുളിക്കാതിരിക്കുന്നതും,
മസറയിലെ മുശടുവാടയും, പൊള്ളുന്ന ചൂടും, രക്തം കട്ട പിടിപ്പിക്കുന്ന തണുപ്പും,
പൂഴിമണ്ണിൽ തല ചായ്ച്ചുള്ള ഉറക്കവും ഒന്നും നജീബിന് ഒരു പ്രശ്നമല്ലാതാവുന്നു.
വിശക്കുമ്പോൾ ഉണങ്ങിയ ഖുബൂസുകൾ പച്ച വെള്ളത്തിൽ മുക്കി കഴിച്ചു. കാലത്തും
വൈകീട്ടും രാത്രിയും ആട്ടിൻപാൽ കുടിച്ചു.
ആടുകളുമായി കൂടുതൽ അടുക്കുംതോറും അവ
ഓരോന്നിനേയും മണം കൊണ്ടു പോലും തിരിച്ചറിയാൻ നജീബ് ശീലിക്കുന്നു. തന്റെ വിഷമങ്ങളും
സങ്കടങ്ങളും അയാൾ ആ ആടുകളോടാണ് പങ്ക് വെക്കുന്നത്. ഓരോ ആടുകൾക്കും അയാൾ തന്റെ
നാട്ടുകാരായ ആളുകളുടെ പേരുകൾ കൊടുത്തിട്ടുണ്ട്. അറവുറാവുത്തർ, മേരിമൈമുന,
ഇണ്ടിപ്പോക്കർ, ഞണ്ടുരാഘവൻ എന്നിങ്ങനെ. ആരോടും ഒരക്ഷരം മിണ്ടാൻ കഴിയാതെ മൗനിയായി
ഇരിക്കുന്നതിന്റെ ഭീകരതയെ അയാൾ നേരിടുന്നത് തന്റെ പ്രിയപ്പെട്ട ആടുകളെ വഴക്ക്
പറഞ്ഞും താലോലിച്ചുമാണ്. ജഗതിയെപ്പോലെ ചിരിക്കുന്നതും മോഹൻലാലിനെപ്പോലെ ചരിഞ്ഞു
നടക്കുന്നതും ഇ. എം. എസ്സിനെ പോലെ വിക്കുള്ളതുമായ ആടുകൾ തന്റെ മസറയിലുണ്ടെന്ന്
നജീബ് സാക്ഷ്യപ്പെടുത്തുന്നു. ആടുകളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ അവയ്ക്ക്
മനുഷ്യമുഖവുമായി സാമ്യമുണ്ടെന്ന് പറയാൻ നജീബിനെ പ്രേരിപ്പിക്കുന്നത് മസറയുമായുള്ള
താദാത്മ്യപ്പെടലാണ്. ആവശ്യത്തിന്ന് വാക്കുകൾ പുറത്ത് വിടാൻ കഴിയാതെ, വാക്കുകൾ
മനസ്സിനുള്ളിൽക്കിടന്ന് പരൽമീനുകളെപ്പോലെ പിടക്കുന്ന അവസ്ഥ എത്ര
ദുഷ്ക്കരമായിരിക്കും. വല്ലപ്പോഴുമൊരിക്കൽ കാണുന്ന ഹക്കീമിനോട് രണ്ടേ രണ്ട് വാക്ക്.
അതിലൊതുങ്ങും ഒരു മനുഷ്യജീവിയോടുള്ള സംസാരം. “അപ്പോൾ എത്ര കാച്ചിക്കുറുക്കിയാലാണ്
മനസ്സ് നിറഞ്ഞു കവിയുന്ന വർത്തമാനങ്ങൾ നാലു വാക്കിൽ ഒതുക്കാൻ കഴിയുക എന്ന്
ആലോചിച്ചു നോക്കൂ. ദിവസം മുഴുവൻ വാതോരാതെ സംസാരിക്കാൻ അവസരങ്ങളുടെ ധാരാളിത്തമുള്ള
നിങ്ങൾക്ക് ഒരു പക്ഷേ അത്ര പെട്ടന്നൊന്നും അതിന്റെ വിവശത പിടികിട്ടിയെന്ന് വരില്ല.”
ഹൃദയഭേദകമായ
ഒട്ടനവധി രംഗങ്ങൾ കഥാകാരൻ വിവരിക്കുന്നു. അർബാബ് തന്റെ ക്രൂരകൃത്യങ്ങൾ മൃഗങ്ങളോടും
ചെയ്യുന്നത് വലിയ വേദനയോടല്ലാതെ വായിച്ചു മുഴുമിപ്പിക്കാൻ കഴിയില്ല. ജനിച്ചു
വീഴുന്ന കുഞ്ഞാടുകൾക്ക് തള്ളയാടിന്റെ മുലപ്പാൽ നിഷേധിക്കുന്നതും,
ആണത്തമില്ലാത്തവന്നെന്ന് മുദ്രകുത്തി ആടുകളെ ഷണ്‌ഡീകരിക്കുന്നതും എല്ലാം നമ്മെ
പിടിച്ചുലയ്ക്കുന്ന സന്ദർഭങ്ങളാണ്. അമ്പത് ആടുകളെ അതിന്റെ പാട്ടിന് വിട്ടിട്ട്
പൂർണ്ണഗർഭിണിയായ ഒരാടിന്റെ പ്രസവശുശ്രൂഷകൾ ചെയ്യാൻ നജീബിനെ പ്രേരിപ്പിക്കുന്നത്
അയാളുടെ ഉള്ളിലെ മനുഷ്യത്വസഹജമായ നന്മയാണ്. ഈ നന്മയുടെ പ്രതിഫലനം നോവലിന്റെ
പലഭാഗത്തും നമുക്ക് കാണാൻ കഴിയും. അർബാബിന്റെ ക്രൂരമായ പീഡനം ഏറ്റു വാങ്ങേണ്ടി
വരുമെന്നറിഞ്ഞിട്ടും അയാൾ ആ ആടിന് കാവൽ നിൽക്കുന്നു. ആ ആട് തന്റെ കുഞ്ഞിനെ പ്രസവിച്ചിടുന്നത്
നജീബിന്റെ കൈകളിലേക്കാണ്. പൂർണ്ണഗർഭിണിയായ തന്റെ ഭാര്യയെക്കുറിച്ചുള്ള ഓർമ്മകൾ
അയാളിലേക്കോടിയെത്തുന്നു. പിറക്കാൻ പോകുന്ന തന്റെ മകനിടാൻ കരുതിവെച്ച നബീൽ എന്ന
പേര് വിളിച്ച് നജീബ് ആ ആട്ടിൻകുട്ടിയെ ഓമനിച്ച് താലോലിച്ച് വളർത്തുന്നതെല്ലാം
ഹൃദയസ്പർശിയായി ബെന്യാമിൻ വിവരിച്ചിരിക്കുന്നു. അവസാനം ഷണ്ഡന്മാരാക്കപ്പെട്ട
ആടുകൾക്ക് വളർച്ച കൂടുതലാണെന്ന് പറഞ്ഞ് നബീലിന്റെ ആണത്തത്തെ അർബാബ് ഛേദിക്കുന്ന
രംഗം ഒരു നീറ്റലോടെയല്ലാതെ ഉൾക്കൊള്ളാൻ കഴിയില്ല.
ആഴ്ച്ചയിൽ രണ്ടു പ്രാവശ്യം വെള്ളം കൊണ്ടു
വരുന്ന വണ്ടിയും ആഴ്ച്ചയിൽ ഒരിക്കൽ വരുന്ന പോച്ചക്കച്ചി ട്രയിലറും മാസത്തിലൊരിക്കൽ
വരുന്ന ഗോതമ്പ് ലോറിയും തനിക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്ന ഏക
രക്ഷാമാർഗമാണെന്ന് നജീബ് തിരിച്ചറിയുന്നുണ്ടെങ്കിലും അവയുടെ ഡ്രൈവർമാർ ഒന്നും
തന്നെ അയാളെ കണ്ട ഭാവം നടിക്കുന്നില്ല. തന്നോട് സംസാരിച്ചു കഴിഞ്ഞാൽ തന്നോടൊപ്പം
അവർക്കും തോക്കിന്റെ പാത്തിയടിയേറ്റു വാങ്ങേണ്ടി വരും എന്ന സത്യത്തിനു മുമ്പിൽ
അവരോടുള്ള വിദ്വോഷം നജീബിൽ നിന്നും അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. അർബാബിൽ നിന്നും
രക്ഷപ്പെടാൻ അനവധി സാഹചര്യങ്ങൾ നജീബിന് വന്ന് ചേരുന്നുണ്ട്. എന്നിട്ടും അയാൾക്ക്
അവിടെ നിന്നും പുറത്ത് കടക്കുവാൻ സാധിക്കുന്നില്ല. മരുഭൂമിയിൽ ഒരിക്കൽ മഴപെയ്ത
നേരത്ത് തന്റെ അർബാബിനെ വെടിവെച്ച് കൊന്ന് കാറിൽക്കയറി രക്ഷപ്പെടാൻ അയാൾക്ക്
അവസരമുണ്ടാകുന്നു. എന്നൽ അതിൽ നിന്നും നജീബിനെ പിന്തിരിപ്പിക്കുന്നത് ആദ്യം പറഞ്ഞ
മനുഷ്യത്വപരമായ നന്മയാണ്. ആ സന്ദർഭം ബെന്യാമിൻ ഇങ്ങിനെ എഴുതി.
“പെട്ടന്ന് അർബാബ് എന്റെ അള്ളാഹുവേ...നീ
കാത്തു. ഈ നജീബില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ പേടിച്ച് മരിക്കുമായിരുന്നല്ലോ എന്ന്
ഉച്ചത്തിൽ വിളിച്ച് പ്രാർത്ഥിക്കുവാൻ തുടങ്ങി. അർബാബ് ആദ്യമായിട്ടായിരുന്നു എന്റെ
പേര് ഉച്ചരിക്കുന്നത്. അർബാബിന് എന്റെ പേര് അറിയാമോ എന്ന് പോലും എനിക്ക്
സംശയമായിരുന്നു. അതിനു മുൻപ് ഹിമാർ എന്നും ഇന്തി എന്നും മാത്രമേ അർബാബ് എന്നെ
വിളിച്ചിട്ടുള്ളൂ. ആ വിളിയിലും പ്രാർത്ഥനയിലും എന്റെ മനം അലിഞ്ഞു പോയി. എന്റെ
സഹായം അഭ്യർത്ഥിച്ചു കരയുന്ന ആ ഭീരുവിനെ കൊന്നിട്ട് രക്ഷപ്പെടാൻ എനിക്ക് തോന്നിയില്ല.”
ഒരിക്കൽ അള്ളാഹുവിന്റെ ക്ഷണം കിട്ടി എന്നു
കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നു. അത് പരാജയപ്പെടുന്നത് ഒരാടിന്റെ
രക്തസാക്ഷിത്വത്തിലൂടെയാണ്. ആ മരിച്ച ആടിന്റെ മാംസം അർബാബ് നജീബിനെക്കൊണ്ട്
തീറ്റിക്കാൻ ശ്രമിക്കുന്നു. ആ സംഭവം ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ആട്ടിറച്ചി
ഉപേക്ഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലാണ് അയാളെ കൊണ്ട് ചെന്നെത്തിക്കുന്നത്.
രക്ഷപ്പെടാൻ ശ്രമിച്ച അപരാധത്തിന് നജീബിന് കിട്ടിയ ശിക്ഷ രണ്ട് ദിവസത്തെ
പട്ടിണിയാണ്. രണ്ടാം നാൾ രാത്രിയിൽ വിശപ്പ് സഹിക്കാൻ കഴിയാതെ അയാൾ ഗോതമ്പ്
തൊട്ടിയിൽ നിന്നും ആടുകൾ കഴിച്ചതിന്റെ ബാക്കി പച്ചഗോതമ്പു മണികൾ വാരിത്തിന്നുകയും
തൊട്ടിയിൽ നിന്നും വെള്ളം മൊത്തിക്കുടിക്കുകയും ചെയ്യുമ്പോൾ തീർത്തും ഒരാടായി
മാറുകയായിരുന്നു.
അർബാബുമാരില്ലാത്ത ഒരു രാത്രി നജീബും
ഹക്കീമും മസറ വിട്ട് ഓടിപ്പോകുന്നു. അവരെ മുന്നിൽ നിന്ന് നയിച്ചത് ആഫ്രിക്കൻ മരുഭൂമിയിൽ
കുരുത്ത വടവൃക്ഷമായ ഇബ്രാഹിം ഖാദരി എന്ന സോമാലിയക്കാരനാണ്. പിന്നെ ജീവിതത്തിന്റെ
മരുപ്പച്ച തേടിയുള്ള ഓട്ടമാണ്. പൊള്ളൂന്ന പൂഴിമണ്ണിനേയും വീശിയടിക്കുന്ന
ചുടുകാറ്റിനേയും നേരിട്ട് കൊണ്ടുള്ള ഓട്ടം. ആ ഓട്ടത്തിനിടയിൽ ഒരു പകൽ ഹക്കീം
തളർന്ന് വീഴുന്നു. അവന്റെ ശരീരത്തിലെ നീര് മുഴുവൻ മരുഭൂമി
വലിച്ചൂറ്റിക്കുടിക്കുന്നു. തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ, വായിൽ
നിന്ന് നുരയും പതയും വന്ന്, ചൂടുമണൽ വാരിത്തിന്ന്, ചോര ഛർദ്ദിച്ച് മരുഭൂമിയിൽ
മരിച്ച് വീഴുന്ന ഹക്കീമിനെ നോക്കിയുള്ള നജീബിന്റെ വിലാപം കരളലിയിക്കുന്നതാണ്.
മരുഭൂമിയുടെ വന്യതയും ഭീകരതയും അതേപടി പകർത്തുവാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്.
പുനർവായനക്ക് വിധേയമാക്കാവുന്ന ഒരുപാട് സന്ദർഭങ്ങൾ ബെന്യാമിൻ തന്മയത്തത്തോടെ
വിവരിക്കുന്നുണ്ട്. മരീചിക കണ്ട് ഭ്രമിക്കുന്നത്, അണ്ണാക്കിലെ അവസാനതുള്ളി
തുപ്പലും വറ്റിപ്പോയിക്കഴിഞ്ഞ് വെള്ളത്തിന് വേണ്ടി അലയുന്നത്, വലിയൊരു
സൈന്യത്തിന്റെ പുറപ്പാട് പോലെ മരുഭൂമിയിലെ പൊടി ഇളക്കിമറിച്ച് കൊണ്ട്
ആയിരക്കണക്കിന് പാമ്പുകൾ വരുന്നത്, ഒരിറ്റ് തണലുണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്നത് എന്നീ
രംഗങ്ങളെല്ലാം യാഥാർത്ഥ്യബോധത്തോടെ
ഉൾക്കൊള്ളാൻ അൽപ്പം സമയം വേണ്ടി വരുന്നത് അതു പോലൊരു ജീവിതം നമുക്ക് സ്വപ്നത്തിൽപ്പോലും
ചിന്തിക്കാൻ കഴിയാത്തതു കൊണ്ടാണ്. ആ മരുഭൂമി യാത്രയിൽ അവസാനം ഇബ്രാഹിം ഖാദരിയേയും
നജീബിന് നഷ്ടമാകുന്നു. ആ പ്രാകൃതവേഷത്തിലും രൂപത്തിലും നിന്ന നജീബിനെ ഒടുവിൽ
രക്ഷിക്കുന്നത് ഒരു കാർ യാത്രക്കാരനാണ്. പണക്കാരന്റെ വണ്ടിയിൽ സുന്ദരനായ
ഒരറബിയുടെ രൂപത്തിൽ വന്ന അള്ളാഹുവാണ് അതെന്ന് നജീബ് വിശ്വസിക്കുന്നു.
ബത്ത മാർക്കറ്റിൽ വിശന്ന് തളർന്ന് വീണ
നജീബിന് അത്താണിയായി വന്നത് സ്നേഹത്തിന്റെ വടവൃക്ഷമായ കുഞ്ഞിക്കയാണ്.
അവിടെയെത്തി മൂന്നാം ദിവസം കണ്ണ് തുറക്കുന്ന നജീബ് അന്നത്തെ തീയതി എന്താണെന്ന്
ആരായുന്നു. കണക്കുകൂട്ടലുകൾക്കൊടുവിൽ തന്റെ ആടുജീവിതത്തിന് മൂന്ന് വർഷത്തേയും
നാല് മാസത്തേയും ഒൻപത് ദിവസത്തേയും ദൈർഘ്യമുണ്ടായിരുന്നുവെന്ന് നജീബ്
വെളിപ്പെടുത്തുമ്പോൾ കൂടിനിന്നവർക്കൊപ്പം വായനക്കാരും തരിച്ചിരിക്കുന്നു. മൂന്ന്
മാസക്കാലം കുഞ്ഞിക്കയുടേയും സുഹൃത്തുക്കളുടേയും സ്നേഹത്തിന്റെ തണലിലാണ് അയാൾ
ജീവിക്കുന്നത്. ഒടുവിൽ രക്ഷപ്പെടാനുള്ള അവസാന അത്താണി എന്ന നിലയിൽ പോലീസിന്
പിടികൊടുത്ത് ജയിലിലടയ്ക്കപ്പെടുന്നു. ജയിലിനുള്ളിലെ കുടുസ്സ് സെൽ പോലും നജീബിന്
സ്വർഗമായാണ് അനുഭവപ്പെടുന്നത്. “അങ്ങിനെ ഒരാൾ സ്വയം ആഗ്രഹിച്ച് ജയിലിനുള്ളിൽ
അകപ്പെടാൻ കാരണമാകുന്നുവെങ്കിൽ അയാൾ അതിനു മുൻപ് വേദനയുടെ എത്ര തീ
തിന്നിട്ടുണ്ടാവും എന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ?”
വായിച്ച് തീർന്ന്
ദിവസങ്ങൾ കഴിഞ്ഞാലും നജീബിന്റെ ജീവിതം മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു അനുഭവമായി
നമ്മെ വിടാതെ പിന്തുടരുന്നു. ‘ആടുജീവിതം’ പകർന്ന് തരുന്ന പാഠങ്ങൾ നിരവധിയാണ്.
നജീബ് തന്നെ പറയുന്നുണ്ട്. “ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി
നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നതു തന്നെയാണ്.” ജീവിതത്തിൽ
ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നലുണ്ടാകുമ്പോൾ, തനിക്ക് മാത്രം സൗഭാഗ്യങ്ങൾ
ഉണ്ടാകുന്നില്ലല്ലോ എന്ന വിഷമം വരുമ്പോൾ, കിട്ടിയതൊന്നും പോരാ എന്ന വിഷമം
വരുമ്പോൾ, കടുത്ത നിരാശയിലൂടെ കടന്നു പോകുമ്പോൾ ‘ആടുജീവിതം’ ഒരു തവണ വായിക്കുക.
എന്തെന്നാൽ നമുക്ക് ആര്‍ക്കും മരുഭൂമിയുടെ ദത്തുപുത്രന്മാരാകേണ്ടി വന്നിട്ടില്ലല്ലോ?

No comments:
Post a Comment
ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..