സ്വന്തം മക്കൾ സമൂഹത്തിന്റെ മുഴുവൻ സ്നേഹാദരങ്ങളും
ഏറ്റുവാങ്ങിക്കൊണ്ട് എന്നെന്നും വിജയിച്ചു കൊണ്ടേയിരിക്കണം എന്നതാണ് ഏതൊരു
രക്ഷിതാവിന്റേയും ആഗ്രഹം. അതിനു വേണ്ടി മക്കൾക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം
കിട്ടാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഒരുക്കി കൊടുക്കുന്നു. സമൂഹത്തിൽ സ്വന്തം
സ്ഥാനം എവിടെയായിരുന്നാലും തങ്ങളുടെ മക്കൾ ഉയരത്തിലെത്തണമെന്ന് അവർ സദാ സമയം
ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലോകപ്രശസ്ത നയതന്ത്രജ്ഞനും
നേതാവുമായിരുന്ന എബ്രഹാം ലിങ്കൺ തന്റെ മകന്റെ ടീച്ചർക്ക് അയച്ചു എന്ന്
കരുതപ്പെടുന്ന ഒരു കത്തിന്റെ ഉള്ളടക്കം തന്നെ ഒരു രക്ഷിതാവ് എന്ന നിലയിൽ
മകനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകളാണ്.
ആ കത്തിന്റെ പൂർണ്ണ രൂപം ഞാൻ ആദ്യമായി കാണുന്നത് ഞാൻ ജോലി
ചെയ്യുന്ന സ്ഥാപനത്തിലെ സയൻസ് & ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റ് ഹെഡ്ഡിന്റെ
ഓഫീസ് മുറിയിലെ ഭിത്തിയിലാണ്. ടീച്ചറുടെ ഓഫീസ് മുറിയിലേക്ക് കടന്നു ചെല്ലുന്ന
എല്ലാ ടീച്ചർമാരുടേയും രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടെയും പ്രഥമശ്രദ്ധ
പിടിച്ചു പറ്റാൻ പാകത്തിൽ, വലിയൊരു ബോർഡിൽ, നീല പ്രതലത്തിൽ, വെളുത്ത അക്ഷരങ്ങളിൽ ആ
കത്ത് തിളങ്ങി നിൽക്കുന്നു. ഇംഗ്ലീഷിലുള്ള കുനു കുനാ അക്ഷരങ്ങൾ കണ്ട് 'ഇതെല്ലാം
വായിക്കാൻ ആർക്കാണിവിടെ നേരം' എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഭാവിച്ചപ്പോഴാണ്
അതിലെ ഒരു വരി എന്റെ ശ്രദ്ധയാകർഷിച്ചത്.
“In the school, teach him it is far
honourable to fail than to cheat”
എത്ര നീതിപൂർണ്ണമായ നിർദ്ദേശം! ആ കത്ത് മുഴുവൻ വായിക്കാൻ പിന്നെ
അധികം സമയം വേണ്ടി വന്നില്ല. അതിലെ ഓരോ വരികളും ഓരോ നിർദ്ദേശങ്ങളാണ്; ഉന്നതരായ
ഉദ്യോഗസ്ഥർ, ജോലിക്കാർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി
സമൂഹത്തിലെ ഏത് തലത്തിൽ ജീവിക്കുന്നവർക്കും എന്നെന്നും മായാതെ മനസ്സിൽ സൂക്ഷിക്കാൻ
കഴിയുന്ന നിർദ്ദേശങ്ങൾ.
കത്തിന്റെ മലയാളത്തിലുള്ള പൂർണ്ണരൂപം താഴെക്കൊടുക്കുന്നു. ഇംഗ്ലീഷ്
ഭാഷാ പണ്ഡിതനല്ലാത്തതു കൊണ്ടും അനുഭവക്കുറവ് കൊണ്ടും തെറ്റുകുറ്റങ്ങൾ ധാരാളമായി
കണ്ടേക്കാം. സഹൃദയം ക്ഷമിച്ച് കൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ അപേക്ഷ.
![]() |
| Statue of Abraham Lincoln and his son sits outside the south entrance to the Kansas City: Photo courtesy-http://americantalesandtrails.com |
എല്ലാ മനുഷ്യരും നീതിമാന്മാരല്ലെന്നും
സത്യസന്ധന്മാരല്ലെന്നും
അവന് പഠിക്കേണ്ടി വരും.
പക്ഷേ ഓരോ തെമ്മാടിക്കും പകരം
ഒരു നായകനുണ്ടെന്നും
ഓരോ സ്വാർത്ഥനായ രാഷ്ട്രീയക്കാരനും പകരം
ആത്മാർപ്പണം ചെയ്ത ഒരു നേതാവുണ്ടെന്നും
അവനെ പഠിപ്പിക്കുക.
ഓരോ ശത്രുക്കൾക്കും പകരം
ഒരു സുഹൃത്തുണ്ടാകുമെന്ന് അവനെ പഠിപ്പിക്കണം.
അസൂയയിൽ നിന്നും അകന്ന് നില്ക്കാനുള്ള
മാർഗ നിർദ്ദേശം അവന് നല്കുക,
നിങ്ങൾക്ക് കഴിയുമെങ്കിൽ ശാന്തമായ പൊട്ടിച്ചിരിയുടെ
രഹസ്യം അവനെ പഠിപ്പിക്കുക.
വഴക്കാളികളെ തോല്‍പ്പിക്കാനാണെളുപ്പമെന്ന്
ആദ്യം തന്നെ അവൻ പഠിക്കട്ടെ..
പുസ്തകങ്ങളുടെ അത്ഭുതലോകത്തെപ്പറ്റി
നിങ്ങൾക്കാവുമെങ്കിൽ അവനെ പഠിപ്പിക്കണം.
പക്ഷെ, പച്ചക്കുന്നിൻ ചെരുവിലെ പൂക്കളുടേയും
ആകാശത്തിലെ പക്ഷികളുടേയും
ശാശ്വതമായ നിഗൂഢതയെപ്പറ്റി ചിന്തിച്ച് നോക്കുവാൻ
അവന് ശാന്തമായ സമയം അനുവദിച്ച് കൊടുക്കണം.
സ്കൂളിൽ ചതിച്ച് നേടുന്നതിനേക്കാൾ
തോൽക്കുന്നതാണ് അങ്ങേയറ്റം മാന്യതയെന്ന്
അവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന് പറഞ്ഞ്
പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും
സ്വന്തം ആശയങ്ങളിൽ വിശ്വസിക്കാൻ
അവനെ പഠിപ്പിക്കണം.
മൃദുല ഹൃദയരോട് മൃദുലമായിരിക്കാനും
കഠിന ഹൃദയരോട് കഠിനമായിരിക്കാനും
അവനെ പഠിപ്പിക്കുക.
എല്ലാവരും പരിഷ്കൃത ലോകത്തിനൊപ്പം
ഓടാൻ ശ്രമിക്കുമ്പോൾ
ആ ജനക്കൂട്ടത്തെ പിന്തുടരാതിരിക്കുവാനുള്ള കരുത്ത്
എന്റെ മകന് നൽകാൻ ശ്രമിക്കുക.
എല്ലാ മനുഷ്യരും പറയുന്നത് ശ്രദ്ധിക്കുവാൻ
അവനെ പഠിപ്പിക്കണം.
പക്ഷേ അവൻ കേള്‍ക്കുന്നതെല്ലാം
സത്യത്തിന്റെ മറയിലൂടെ വേർതിരിച്ചെടുക്കുവാനും
അതിൽ നിന്ന് നല്ലത് മാത്രം സ്വീകരിക്കുവാനും
കൂടി അവനെ പഠിപ്പിക്കുക.
നിങ്ങൾക്കാവുമെങ്കിൽ,
സങ്കടപ്പെട്ടിരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നതെങ്ങിനെയെന്ന്
അവനെ പഠിപ്പിക്കുക.
കണ്ണുനീരിൽ ലജ്ജിക്കാനൊന്നുമില്ലെന്ന്
അവനെ പഠിപ്പിക്കുക.
ദോഷൈകദൃക്കുകളെ അവജ്ഞയോടെ അകറ്റി നിർത്താനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കുവാനും
അവനെ പഠിപ്പിക്കുക.
സ്വന്തം ശരീരശക്തിയും ബുദ്ധിയും
ഏറ്റവും വലിയ വില പറയുന്നവന് വിൽക്കാൻ
അവനെ പഠിപ്പിക്കുക; പക്ഷേ
സ്വന്തം ഹൃദയത്തിനും ആത്മാവിനും
വിലയിടാതിരിക്കാനും.
അലമുറയിടുന്ന ജനക്കൂട്ടത്തിന് നേരെ
കാതുകളടച്ച് പിടിച്ച്
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിൽ
ഉറച്ച് നിൽക്കാനും അതിന് വേണ്ടി പോരാടാനും
അവനെ പഠിപ്പിക്കുക.
അവനോട് മാന്യമായി പെരുമാറുക, പക്ഷേ
അവനെ ലാളിക്കരുത്.
എന്തുകൊണ്ടെന്നാൽ അഗ്നിപരീക്ഷയിൽ നിന്ന് മാത്രമേ
ഉൽകൃഷ്ടമായ ഉരുക്കുണ്ടാവുകയുള്ളൂ.
അക്ഷമനായി ഇരിക്കാനുള്ള ധൈര്യം അവന് നൽകുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമ അവന് നൽകുക.
തന്നെക്കുറിച്ച് ശ്രേഷ്ഠമായ വിശ്വാസം സ്വയം
ഉണ്ടാക്കുവാൻ എല്ലായ്പ്പോഴും അവനെ പഠിപ്പിക്കുക,
എങ്കിൽ മാത്രമേ മനുഷ്യരാശിയിൽ അവന്
ഉന്നതമായ വിശ്വാസം ഉണ്ടാവുകയുള്ളൂ..
ഇത് വലിയൊരു നിർദ്ദേശമാണ് ,
പക്ഷേ നിങ്ങൾക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ..
അവനൊരു കൊച്ചു മിടുക്കനാണ്, എന്റെ മകൻ.

No comments:
Post a Comment
ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..