Thursday, 7 February 2013

പാട്ട് മൂളി വന്ന കാറ്റ്

"കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ
ഞാലിപ്പൂം കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ"

പിറക്കാനിരിക്കുന്ന ഒരു മലയാള സിനിമയിലെ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഒരു പാട്ടിന്റെ ആദ്യ രണ്ട് വരികളാണ് ഇത്. 'ന്യൂ ജനറേഷൻ' തരംഗം എന്ന് പറഞ്ഞു കൊണ്ട് മലയാള സിനിമയുടെ നിലവാരം വളരെയധികം താഴ്ത്തുന്ന തരത്തിലുള്ള ചലച്ചിത്രങ്ങളും ഗാനങ്ങളുമാണ് കുറച്ച് വർഷങ്ങളായി നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ആ തരംഗത്തിനിടയിലും മലയാളികൾക്ക് കേട്ട് ആസ്വദിക്കാനും ഓർമ്മയിലേക്ക് സൂക്ഷിച്ച് വെക്കാനും ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചത് റഫീക്ക് അഹമ്മദ് തന്നെയായിരുന്നു. കൂടെ വിദ്യാസാഗർ, എം. ജയചന്ദ്രൻ, മോഹൻ സിത്താര, ഔസേപ്പച്ചൻ എന്നീ പ്രഗത്ഭരുടെ സംഗീതവും. ആ ഗണത്തിലേക്ക് ഉൾപ്പെടുത്താവുന്ന ഒരു ഗാനമാണ് 'സെല്ലുല്ലോയ്ഡ്' എന്ന കമൽ ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതി എം. ജയചന്ദ്രൻ ഈണമിട്ട "കാറ്റേ കാറ്റേ...." എന്ന ഗാനം.

പഴമയെ എന്നും സ്നേഹിക്കുന്നവരാണ് മലയാളികൾ. വെച്ച് കെട്ടലില്ലാതെ പൊടിപ്പും തൊങ്ങലും ചേർക്കാതെ മലയാളിക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ട കവിത തുളുമ്പുന്ന എല്ലാ ഗാനങ്ങളും അവർ ഹിറ്റാക്കിയിട്ടുണ്ട്. സ്വാഭാവികമായ സംഗീതത്തേയും മാനുഷികതയേയും അവർ വിലമതിക്കുന്നതു കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ഹിറ്റായ പാട്ടുകൾ അവർ ഇപ്പോഴും പുതുമയോടെ ശ്രവിക്കുന്നത്. മലയാളികളുടെ ആ ആസ്വാദന നിലവാരം അറിയാവുന്ന സംവിധായകർ ഹിറ്റായ പല പഴയ പാട്ടുകളും തങ്ങളുടെ പുതിയ സിനിമകളിൽ ഭാവുകത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയും കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 1975ൽ 'പിക്നിക്' എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ മാസ്റ്റർ ഈണമിട്ട് ദാസേട്ടൻ പാടിയ "കസ്തൂരി മണക്കുന്നല്ലോ കാറ്റേ...." എന്ന ഗാനം 36 വർഷങ്ങൾക്ക് ശേഷം 2011ൽ ജയരാജ് തന്റെ 'നായിക' എന്ന സിനിമയിൽ അതേ ഗായകനെ കൊണ്ട് പാടിച്ചപ്പോൾ പഴയ തലമുറയും പുതിയ തലമുറയും നിറഞ്ഞ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. 1965ൽ 'റോസി' എന്ന ചിത്രത്തിന് വേണ്ടി പി. ഭാസ്ക്കരൻ എഴുതി ജോബ് ഈണമിട്ട് ദാസേട്ടൻ പാടിയ "അല്ലിയാമ്പൽ കടവ്....." എന്ന ഗാനം വർഷങ്ങൾക്ക് ശേഷം 2009ൽ ജയരാജിന്റെ തന്നെ 'ലൗഡ് സ്പീക്കറി'ൽ വിജയ് യേശുദാസിന്റെ ശബ്ദത്തിൽ കേട്ടപ്പോഴും ആരാധകർക്ക് ഒരു കുറവും ഉണ്ടായില്ല. "Old is Gold" എന്ന് പറയുന്നത് ആലങ്കാരികമായിട്ടല്ലല്ലോ? പഴമയ്ക്ക് എന്നും പുതുമയുണ്ട്. ശരത് വയലാർ എഴുതി മോഹൻ സിത്താര സംഗീതമിട്ട് ശ്രേയാ ഘോഷലും കബീറും ചേർന്നാലപിച്ച "പതിനേഴിന്റെ പൂങ്കരളിൽ..." എന്ന ഗാനം ആസ്വാദകരെ ആകർഷിക്കാൻ കാരണം അതിന്റെ സംഗീതത്തിലെ പഴമ എന്ന പുതുമയും വ്യത്യസ്തമായ ആലാപനവുമായിരുന്നു. ഇപ്പോൾ "കാറ്റേ കാറ്റേ..." എന്ന ഗാനം കേൾക്കുമ്പോളും പഴമയുടെ ഗൃഹാതുരത്വമാണ് മനസ്സിലേക്കോടിയെത്തുന്നത്. പഴയ തലമുറയ്ക്കിത് ഒരു ഓർമ്മ പുതുക്കലാണെങ്കിൽ പുതിയവർക്ക് ഒരു കൗതുകവും ആകാംക്ഷയുമാണ്. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പാട്ടിന് കൈയ്യടിക്കുന്നത്. അതിൽ എടുത്ത് പറയേണ്ട ഒരു വസ്തുത ശ്രീരാമിന്റേയും വൈക്കം വിജയലക്ഷ്മിയുടേയും ആലാപനമാണ്. പഴയ നാടക ഗാനങ്ങൾ കേൾക്കുന്ന ഒരു പ്രതീതിയാണ് ഈ ഗാനം നമുക്ക് തരുന്നത്. തീർച്ചയായും ഗാനത്തിന് ഒരു പഴയകാല മുഖം ഉണ്ടാവേണ്ടത് അത്യാവശ്യമായിരുന്നു. എന്തെന്നാൽ സെല്ലുല്ലോയ്ഡ് പറയുന്നത് നടക്കുന്നതോ വരാനിരിക്കുന്നതോ ആയ ഒരു കാലത്തെക്കുറിച്ചല്ല. മറിച്ച് വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന, വിഗതകുമാരൻ എന്ന നിശബ്ദ ചിത്രത്തിന്റെ നിർമാതാവായ, ജെ. സി. ദാനിയേലിന്റേയും ആദ്യ മലയാള നായിക റോസിയുടേയും ജീവചരിത്രം. സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ അനേകം ചിത്രങ്ങൾ നമുക്കുണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും കമലിന്റെ ഈ ഉദ്യമം എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെന്നാൽ സെല്ലുല്ലോയ്ഡ് പറയുന്നത് സിനിമയ്ക്കുള്ളിലെ കഥയല്ലല്ലോ, സിനിമ ഉണ്ടാക്കിയ കഥയല്ലേ?

നന്ദി...റഫീക്ക് അഹമ്മദിന്, ജയചന്ദ്രന്, ശ്രീരാമിന്, വിജയലക്ഷ്മിക്ക്, ഒടുവിൽ കമലിനും. ഇത്രയും നല്ലൊരു പാട്ട് സമ്മാനിച്ചതിന്..


ഇതിനോടകം തന്നെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഹിറ്റായിക്കഴിഞ്ഞ "കാറ്റേ കാറ്റേ.." എന്ന പാട്ടിന്റെ വരികൾ

സിനിമ: സെല്ലുല്ലോയ്ഡ് (2013)
സംവിധാനം: കമൽ
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: എം. ജയചന്ദ്രൻ
പാടിയത്: ശ്രീരാം, വൈക്കം വിജയലക്ഷ്മി




കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ പാട്ടും മൂളി വന്നോ
ഞാലിപ്പൂം കദളി വാഴപ്പൂക്കളിലാകെ
തേൻ നിറഞ്ഞോ ആകെ തേൻ നിറഞ്ഞോ

ആറ്റ് നോറ്റ് ഈ കാണാ മരത്തിന്
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണുതണെ
തൂവൽ വീശി നിന്നോ തൂവൽ വീശി നിന്നോ

ഇന്നലെയെന്നോ പോയ് മറഞ്ഞു
ഇന്നൊരു സ്വപ്നം കൂടെ വന്നു
വെന്തു കരിഞ്ഞൊരു ചില്ലകളിൽ
ചെന്തളിരിൻ തല പൊന്തി വന്നു
കുഞ്ഞിളം കൈ വീശി വീശി
ഓടി വായോ പൊന്നുഷസ്സേ
കിന്നരിക്കാൻ ഓമനിക്കാൻ
മുത്തണിപ്പൂം തൊട്ടിലാട്ടി
കാതിൽ തേന്മൊഴി ചൊല്ലാമോ...(കാറ്റേ കാറ്റേ)

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളീ നിലാവിൻ തേരു വന്നു
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിൻ കോളൊഴിഞ്ഞു
ഇത്തിരിപ്പൂ മൊട്ടു പോലെ
കാത്തിരിപ്പൂ കൺവിരിയാൻ
തത്തി വരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലത് നേരാമോ...(കാറ്റേ കാറ്റേ)

No comments:

Post a Comment

ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..