Thursday, 30 May 2013

കാലത്തിനതീതമായ പ്രേമലേഖനം

 മധുരോദാരമായ ഒരു മറുപടി പ്രതീക്ഷിച്ച് കൊണ്ട് കേശവൻ നായർ തന്റെ പ്രിയപ്പെട്ട സാറാമ്മയ്ക്ക് ആ പ്രേമലേഖനം എഴുതിയിട്ട് എഴുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. തലമുറകൾ വായിച്ച് കഴിഞ്ഞിട്ടും ബഷീറിന്റെ പ്രേമലേഖനം കാലത്തിനതീതമായി നിലകൊള്ളുകയാണ് ചെയ്തത്. മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥകളിലൊന്നാണ് പ്രേമലേഖനം എന്ന് ഞാൻ വിശ്വസിക്കുന്നു. സാധാരണമായൊരു കഥയെ അസാധാരണമായ ഭാഷയിൽ ലളിതമായി അവതരിപ്പിച്ച സുന്ദരമായൊരു പ്രണയകാവ്യം.
ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച പ്രേമലേഖനത്തിന്റെ കവർ
 ബഷീറിന്റെ മറ്റെല്ലാ കൃതികളേയും പോലെ നർമ്മം തന്നെയാണ് ഈ കൃതിയുടേയും ആണിക്കല്ല്. ഒറ്റനോട്ടത്തിൽ വളരെ ലളിതമായൊരു കഥ. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥൻ കേശവൻ നായർ. ജോലിക്കൊന്നും പോകാൻ കഴിയാതെ, സങ്കടങ്ങളിൽ സ്വയം ആനന്ദം കണ്ടെത്തുന്ന സംസാരപ്രിയയായ സാറാമ്മ. സാറാമ്മയുടെ അപ്പച്ചനും രണ്ടാനമ്മയും. ഇത്രയും പേരാണ് ഈ കഥയിലെ താരങ്ങൾ. 

 സാറാമ്മയുടെ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് കഴിയുന്ന കേശവൻ നായർക്ക് സാറാമ്മയോട് കലശലായ പ്രേമമാണ്. കേശവൻ നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഒരു പ്രേമലേഖനത്തോട് കൂടിയാണ് ഈ കഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും.

 അപ്പച്ചന്റേയും ചിറ്റമ്മയുടേയും കുത്തുവാക്കുകൾക്കിടയിൽ സാറാമ്മ സന്തോഷം കണ്ടെത്തിയിരുന്നത് കേശവൻ നായരുമായി സംസാരിക്കുന്നതിലായിരുന്നു. എന്നാൽ കേശവൻ നായരുടെ പ്രേമത്തെ മാത്രം അവൾ കണ്ടില്ലെന്ന് നടിച്ചു. ഒരു ജോലി വേണമെന്ന് സാറാമ്മ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനായി നിരന്തരം കേശവൻ നായരെ സമീപിച്ചപ്പോഴാണ് സാറാമ്മയ്ക്കായി കരുതി വച്ച മഹത്തായ ആ ജോലിയെപ്പറ്റി കേശവൻ നായർ പറയുന്നത്.  സാറാമ്മയ്ക്കായി അയാൾ കണ്ടു വെച്ച ജോലി ഇതായിരുന്നു. കേശവൻ നായരെ ഗാഢമായി സാറാമ്മ സ്നേഹിക്കണം. ചുമ്മാ ഇരുന്നും നടന്നും കിടന്നുമൊക്കെ അങ്ങ് സ്നേഹിക്കണം. അതിനു ശമ്പളം മാസം 20 രൂപ.

 നർമ്മത്തിന്റെ മേമ്പൊടിയോട് കൂടിയ ഒരു കൊച്ചു നോവലാണ് പ്രേമലേഖനമെങ്കിലും 1940 കളിലെ ഇടത്തരം കുടുംബങ്ങളുടെ ദയനീയാവസ്ഥകളിലേക്കാണ് ബഷീർ വിരൽ ചൂണ്ടുന്നത്. സ്ത്രീധന സമ്പ്രദായത്തിനേയും ജാതിമത വ്യവസ്ഥിതിയേയും ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു. സ്ത്രീധനം കൊടുക്കാതെ തന്നെ ആരും കെട്ടിക്കൊണ്ട് പോകില്ലാ എന്ന് സാറാമ്മ പറയുമ്പോൾ 'അത് സാറാമ്മയെ ആരും സ്നേഹിക്കാത്തത് കൊണ്ടായിരിക്കും!' എന്നാണ് കേശവൻ നായർ മറുപടി പറയുക. ഇനി വല്ലവരും പ്രേമിച്ചാൽ തന്നെ ജാതിമര്യാദയനുസരിച്ച് സ്ത്രീധനം കൊടുത്തേ തീരു എന്ന് സാറാമ്മ സങ്കടപ്പെടുന്നു. ('പ്രേമലേഖനം' 'ശബ്ദങ്ങളോ'ളം തീക്ഷണമല്ല. എന്നിട്ടും ആ പുസ്തകം നിരോധിക്കപ്പെട്ടു. 1942ല് രാഷ്ട്രീയത്തടവുകാരനായിരിക്കുമ്പോഴാണ് ബഷീർ 'പ്രേമലേഖനം' എഴുതിയത്. 1943ല് പ്രസിദ്ധീകരിക്കപ്പെട്ട ആ പുസ്തകം 1944ല് തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു. - ഡോ. ആർ. ഇ. ആഷർ, മലയാള ഭാഷാ സാഹിത്യ പഠനങ്ങൾ (1989).)

 കേശവൻ നായരും സാറാമ്മയും വ്യത്യസ്ത മതക്കാരായതിനാൽ തങ്ങൾക്കുണ്ടാകുന്ന കുട്ടികൾക്ക് എന്ത് പേരിടും എന്നത് അവർക്കിടയിൽ ഒരു ചർച്ചയാകുന്നു. അവസാനം രണ്ടുപേരും കൂടി ഒരസ്സൽ പേര് കണ്ടുപിടിച്ചു. ആകാശമിഠായി! ഒരു മതവും ജാതിയും അവകാശം പറയാത്ത നല്ല അസ്സൽ പേര്.

 ബഷീർ സാഹിത്യത്തെ ആസ്വദിച്ച് വായിക്കുവാൻ മലയാളം അറിയാവുന്ന മലയാളികൾക്ക് മാത്രമേ കഴിയൂ. മറ്റൊരു ഭാഷയ്ക്കും ഒരു വിവർത്തകനും ബഷീറിനെ പൂർണ്ണമായി ഉൾക്കൊള്ളാനോ അനുകരിക്കാനോ കഴിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ബേപ്പൂരിന്റെ മാത്രമല്ല, മലയാളത്തിന്റെ മൊത്തം സുൽത്താനാണ്. സ്ത്രീകൾ ഉപയോഗിക്കുന്ന ഹാന്റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നാണ് ബഷീർ വിശേഷിപ്പിക്കുന്നത്. ഒരു സന്ദർഭത്തിൽ കേശവൻ നായർ സാറാമ്മയോട് ഇങ്ങിനെ ആത്മഗതം ചെയ്യുന്നു. 'ക്രൂരഹൃദയം! പെണ്ണിന്റെ ഡബിൾ ഡബിൾ ഡബിൾ ക്രൂരഹൃദയം!! പെണ്ണിന്റെ ആയിരം ഡബിൾ ക്രൂരഹൃദയം!!' ഏത് ഭാഷയിലേക്ക് വിവർത്തനം ചെയ്താലാണ് ഈ വരികൾക്ക് മലയാളത്തിന്റെ ആസ്വാദനസുഖം കിട്ടുക?

 ഏതൊരു പ്രേമകഥയേയും പോലെ ഈ കഥയും ശുഭമായി അവസാനിക്കുന്നു. സാറാമ്മ കേശവൻ നായരുടെ കൂടെ പോകാൻ തീരുമാനിച്ച വിവരം ഒരു എഴുത്തിലൂടെയാണ് തന്റെ അപ്പച്ചനെ അറിയിക്കാൻ ശ്രമിക്കുക. ആ കത്തിൽ ഇങ്ങിനെ ഒരു വരിയുണ്ട്. "സ്ത്രീധനം കൂടാതെ ഈ മുഷിഞ്ഞ ഉടുതുണിയോടെ എന്നെ വിവാഹം ചെയ്യാൻ തയ്യാറുള്ള ഒരാണിനേയും എനിക്ക് കിട്ടിയിട്ടുണ്ട്." ഈ വരികൾ വായിക്കുമ്പോൾ നിങ്ങളുടെ കണ്ണ് നിറഞ്ഞുവെങ്കിൽ,അല്ലെങ്കിൽ നിങ്ങൾക്ക് എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നിയെങ്കിൽ ഈ നോവൽ നിങ്ങളേയും ആഴത്തിൽ സ്പർശിച്ചു എന്നാണർത്ഥം. ആ വികാരം തന്നെയാണ് ഈ കഥയുടെ സന്ദേശവും. 

പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കിൽ - എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ? 
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്,

സാറാമ്മയുടെ 
കേശവൻ നായർ... 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. Kadhasaram valare nannayi..ethu vayichappol ee noval vayikkan thonunnu...thank u Subil..eniyum ethararam novalukal edumennu pretheeshichukondu nirthunnu....

    Midhun Raj

    ReplyDelete
  3. Reshma Raveendran4 September 2017 at 22:07

    വാക്കുകളിലൂടെ ചിത്രം വരയ്ക്കാനുള്ള കഴിവ് താങ്കൾക്ക് സ്വന്തം!!!!

    ReplyDelete

ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..