Friday, 7 June 2013

ഒരു ജൂണ്‍ 5 ന്റെ ഓർമ്മയ്ക്ക്...

 ചിന്തിക്കുക; ഭക്ഷിക്കുക; സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ലോകം മുഴുവൻ ഇക്കഴിഞ്ഞ ജൂൺ 5 ന്‌ പരിസ്ഥിതി ദിനം ആചരിച്ചപ്പോൾ ഞങ്ങൾക്ക് ചിന്തിക്കാനുള്ള ഒരു അവസരം സൃഷ്ടിച്ച് തന്നത് സാനു ജേക്കബ്ബ് സാറാണ്‌. അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലാണ്‌ NSS (National Service Scheme)ന്റെ ആഭിമുഖ്യത്തിൽ സാനു സാർ സംഘടിപ്പിച്ച ‘Home’ എന്ന ഡോക്യുമെന്ററി പ്രദർശനം കാണാനുള്ള അവസരം കിട്ടിയത്. എന്റെ പ്രിയ സുഹൃത്ത് മിഥുന്റെ നിർബന്ധപ്രകാരമാണ്‌ ഞാൻ അത് കാണാൻ തീരുമാനിച്ചത്. ഇങ്ങിനെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിക്കാൻ മുൻകൈ എടുത്ത സാനു സാറിനും അത് കാണാൻ എന്നെ നിർബന്ധിച്ച് കൊണ്ട് പോയ മിഥുനും ആദ്യമേ നന്ദി പറയട്ടേ. 




 ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഡോക്യുമെന്ററി എന്ന് വേണമെങ്കിൽ Home-2009നെ വിശേഷിപ്പിക്കാം. 2009ൽ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് യാൻ അർതസ് ബെർട്രാന്റ് എന്ന സംവിധായകനാണ്‌. ഈ വീഡിയോയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ഇതിന്റെ ഛായാഗ്രഹണം ആണ്‌. ഒരു പക്ഷി തന്റെ കണ്ണിലൂടെ ഈ ലോകത്തെ കാണുന്നത് പോലെ പ്രേക്ഷകർക്കും ഈ ഭൂമിയിലെ മനോഹരങ്ങളായ സ്ഥലങ്ങളെ കാണാൻ കഴിയുന്ന രീതിയിലാണ്‌ ബെർട്രാന്റ് തന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയിൽ കടന്ന് വരുന്നുണ്ട്. നയനമനോഹരങ്ങളായ കാഴ്ച്ചകൾ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും അനുഗ്രഹീതമായ ഒരു ദൃശ്യവിരുന്നാണ്‌ Home-2009. 


 മനുഷ്യൻ എന്ന സവിശേഷ സൃഷ്ടിയുടെ പ്രവർത്തനങ്ങളുടെ ഫലമായി മരിച്ച് കൊണ്ടിരിക്കുന്ന ഈ ഭൂമിയെപ്പറ്റി പൊതുജനങ്ങൾക്ക് ഒരു ഉൾക്കാഴ്ച്ച കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി നിർമ്മിക്കപ്പെട്ട ഈ ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ വിരോധാഭാസം ഇത് നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ ഏറ്റവും വലിയ മൾട്ടിനാഷ്ണൽ കമ്പനികളിലൊന്നായ PPR ഗ്രൂപ്പാണ്‌ എന്നുള്ളതാണ്‌. ഭൂമിയുടെ ക്രമേണയുള്ള വികാസത്തിലും പരിണാമത്തിലും തുടങ്ങി അത് ഇന്ന് നേരിടുന്ന അല്ലെങ്കിൽ കാലാകാലങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന നശീകരണ പ്രവർത്തനങ്ങളിലും ആ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളിലും ഈ ഡോക്യുമെന്ററി അവസാനിക്കുന്നു. പല രാജ്യങ്ങളിലേയും സസ്യ-ജന്തുജാല വൈവിദ്ധ്യം, ആവാസവ്യവസ്ഥ, ഊർജ്ജത്തിന്റെ ഉപയോഗരീതികൾ, കൃഷി, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയോടുള്ള ക്രൂരതകൾ, മനുഷ്യരുടെ ജീവിതരീതികൾ എന്നിവയെല്ലാം ഒരൊറ്റ ഫ്രയിമിൽ വ്യക്തതയാർന്ന പശ്ചാത്തല സംഗീതത്തോടെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുകൊണ്ടിരിക്കുമ്പോൾ ചില സമയങ്ങളിൽ മുഷിപ്പ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിലും ആ മുഷിപ്പ് മാറ്റാൻ ഇതിലെ ദൃശ്യങ്ങൾക്ക് കഴിയുന്നുണ്ട്. 

 സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അതിശയിപ്പിക്കുന്ന, ഭീകരമായ യാഥാർഥ്യങ്ങളാണ്‌ Home-2009 പറഞ്ഞു തരുന്നത്. ഈ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ഒരുപാട് വാദപ്രതിവാദങ്ങളും ചർച്ചകളും ലോകത്ത് നടന്ന് കഴിഞ്ഞു. അതിനാൽ തന്നെ Home-2009നെ വിലയിരുത്താൻ മാത്രമുള്ള കഴിവ് എനിക്കില്ല എന്ന് ഞാൻ മനസ്സിലാക്കട്ടെ. ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും ഈ ഡോക്യുമെന്ററി കണ്ടിരിക്കേണ്ടതാണ്‌. ഇനിയും കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തുക്കൾക്ക് Home-2009നെ പരിചയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഈ കുറിപ്പിനുള്ളൂ. അതിൽ പറഞ്ഞിരിക്കുന്ന ചുരുക്കം ചില കാര്യങ്ങൾ ഇതൊക്കെയാണ്‌..

 മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവൻ ഭക്ഷണം ശേഖരിച്ച് വെയ്ക്കാനും തുടങ്ങി. കാലക്രമേണ നഗരവൽക്കരണം വന്നതോടെ കൂടുതൽ നഗരങ്ങൾ ഉണ്ടാകാൻ തുടങ്ങി. ജനസംഖ്യാ വർദ്ധനവ് മൂലം ധാതുക്കളുടേയും എണ്ണയുടേയും മറ്റ് ഊർജ്ജ ശ്രോതസ്സുകളുടേയും ഉപഭോഗം പതിന്മടങ്ങ് വർദ്ധിച്ചു. ലോകത്തിലെ വലിയ വലിയ നഗരങ്ങളെല്ലാം തന്നെ പുനരുല്പ്പാദിപ്പിക്കാൻ കഴിയാത്ത ഊർജ്ജശ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്നവരായി മാറി. ഭൂമിയിലെ പല സസ്യ-ജന്തുജാലങ്ങളും സാധാരണ നിരക്കിനേക്കാൾ ആയിരം മടങ്ങ് വേഗത്തിലാണ്‌. ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിൽ ഇന്ന് കാണുന്ന ജീവിവർഗങ്ങളിലെ നാലിലൊന്ന് വിഭാഗങ്ങൾ 2050 തോടെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാവുകയോ ചുവപ്പ് പട്ടികയിലിടം പിടിക്കുകയോ ചെയ്യും. ശുദ്ധജല ശ്രോതസ്സുകളെല്ലാം അളവില്ലാതെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ധാതുക്കളിൽ 80% ത്തോളം ഉപയോഗിക്കുന്നത് ലോകജനസംഖ്യയുടെ വെറും 20% മാത്രമാണ്‌. ഊരോ വർഷവും 13 മില്ല്യൺ ഹെക്ടർ വനഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. അതുമൂലം പലജാതി പക്ഷിമൃഗാധികൾക്കും തങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ആഗോളതാപനം മുൻപെങ്ങുമില്ലാത്ത വിധം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ക്രമാതീതമായി ഉരുകിക്കൊണ്ടിരിക്കുകയാണ്‌. ഭൂമിയിലെ ശുദ്ധജലത്തിന്റെ 70% ത്തോളം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. മഞ്ഞുകട്ടകളുടെ കനം 40 വർഷം മുൻപുള്ളതിനേക്കാൾ 60% കുറഞ്ഞിരിക്കുന്നു. ഭൂമിയുടെ ശരാശരി താപനില വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഇതുപോലെ ഓരോ മെഖലയിലേയും നശീകരണ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വീഡിയോ ചിത്രം പറയുന്നുണ്ട്. ദാരിദ്ര്യം, ഭക്ഷ്യവസ്തുക്കളുടെ ദുരുപയോഗം, ഊർജ്ജപ്രതിസന്ധി, കാർബൺ മാലിന്യങ്ങൾ, വൃത്തിഹീനമായ ചുറ്റുപാടുകൾ, ക്രമാതീതമായ ജനസംഖ്യാവർദ്ധനവ്, ശുദ്ധജലദൌർലഭ്യം, ക്ഷാമം, വരൾച്ച ഇതെല്ലാം ചിത്രത്തിന്റെ ഇതിവൃത്തമായി കടന്നു വരുന്നു. 

 ഈ ഡോക്യുമെന്ററി ക്ഷമയോടെ കാണാൻ താല്പ്പര്യമുള്ളവർ ഈ ലിങ്ക് സന്ദർശിച്ചാൽ മതിയാകും. എല്ലാ ഫോർമാറ്റിലും വീഡിയോ ലഭ്യമായതിനാൽ HD യിൽ കാണുന്നതായിരിക്കും ഗുണം. Copy right ഇല്ലാത്ത ചിത്രമായതിനാൽ ഡൗൺലോഡ് ചെയ്ത് കാണുന്നതിന്‌ നിയമപരമായ തടസ്സങ്ങളുമില്ല. 

No comments:

Post a Comment

ആക്ഷേപങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി...കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുന്നതിനാൽ പബ്ലിഷ് ആകുവാൻ കുറച്ച് സമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി..