മഞ്ഞ് കാലമാണോ വേനൽക്കാലമാണോ മഴക്കാലമാണോ
എന്ന് നോക്കാതെ അരട്രൗസറും വള്ളിച്ചെരിപ്പുമിട്ട് കാടും മേടും ഓടി നടന്ന് കളിച്ച്
കൊണ്ടിരുന്ന ഒരു സമയത്താണ് അമ്മ പറഞ്ഞത്. “ഇനി ഈ കളിയൊന്നും അധികം നടക്കില്ല.
അടുത്തയാഴ്ച്ച മുതൽ സ്കൂളിൽ പോകേണ്ടതാ..” എന്നും കാലത്ത് ചേട്ടന്മാരും ചേച്ചിമാരും
ക്രീമും കടുംചുവപ്പുമായുള്ള യൂണിഫോമുമിട്ട് സ്കൂളിലേക്ക് പോകുന്ന കാഴ്ച്ച ഞാൻ
നോക്കി നിൽക്കാറുണ്ട്. ഇതാ നാളെ മുതൽ ഞാനും ഒരു സ്കൂൾ കുട്ടിയാവാൻ പോവുകയാണ്.
എന്നേക്കാൾ ഒരു വർഷം മുൻപ് സ്കൂളിൽ പോയ കണ്ണൻ അവിടുത്തെ വിശേഷങ്ങൾ പങ്ക്
വെക്കാറുള്ളത് കൊണ്ട് വലിയ പേടിയൊന്നും തോന്നിയില്ല.
കാലത്ത് മുതൽ നിർത്താതെ മഴ
പെയ്യുന്നുണ്ടായിരുന്നു. അന്തരീക്ഷമാകെ ഒരു കുളിർമ്മയുള്ള തണുപ്പ്. അച്ഛൻ
വാങ്ങിത്തന്ന സെന്റ്. ജോർജ്ജിന്റെ ചുവന്ന പുള്ളിക്കുട യഥാസ്ഥാനത്തുണ്ടോ എന്ന്
ഉറപ്പ് വരുത്തിയതിന് ശേഷമാണ് കുളിക്കാൻ പോയത്. അമ്മയാണ് കുളിപ്പിച്ചത്. ക്രീം
കളർ ഷർട്ടും കടും ചുവപ്പ് ട്രൗസറുമിട്ട് ഗമയിലങ്ങനെ കണ്ണാടിയിൽ നോക്കി.
മരച്ചട്ടയുള്ള കല്ല് സ്ളേറ്റും പെൻസിലുമെടുത്ത് പുത്തൻ ഹിവ ഹവായ് ചെരുപ്പുമിട്ട്
അമ്മയുടെ കൈ പിടിച്ച് എന്റെ ആദ്യത്തെ സർവ്വകലാശാലയിൽ കാലുകുത്തി. കണ്ണീരും
മൂക്കൊലിപ്പും ചീത്തവിളികളുമായി ആകെ ബഹളമയമായിരുന്നു. വല്ല വിധേനയും ഒരുത്തനെ കഷ്ടപ്പെട്ട്
ബഞ്ചിലിരുത്തുമ്പോൾ അതാ അലമുറയിട്ട് കരഞ്ഞു കൊണ്ട് അവൻ അമ്മമാരുടെ പിന്നാലെ
ഓടുന്നു. പെൺപിള്ളേർ ചീറിപ്പൊളിക്കുകയാണ്. അതിനിടയിൽ റീന ടീച്ചർ എല്ലാവരേയും
ചീത്തവിളിക്കുകയും കണ്ണൂരുട്ടി കാണിക്കുകയും ചെയ്യുന്നുണ്ട്. കണ്ണ് കൊണ്ട് കുസൃതി
കാണിക്കുന്ന തടിയൻ ചെക്കൻ അജയന്റേയും ആർത്തലച്ച് കരയുന്ന ബാലഗോപാലന്റേയും ഇടയിൽ
ഞാനിരുന്നു. അമ്മയുടെ പുന്നാരക്കുട്ടിയായിരുന്ന് എല്ലാം മറന്ന്
തുള്ളിക്കളിച്ചിരുന്ന കാലം മാറാൻ പോവുകയാണ്. ഇനി മുതൽ കേട്ടെഴുത്ത്, ഹോം വർക്ക്,
കാണാതെ പദ്യം പഠിക്കൽ, കോപ്പിയെഴുത്ത്, പരീക്ഷകൾ അങ്ങിനെ എത്രയെത്ര പണികൾ..
![]() |
| Photo courtesy - http://www.thehindu.com, Photo: C.V.Subrahmanyam |
ഒന്നാം ക്ളാസിലെ ആ പാഠപുസ്തകം ഓർമ്മയുണ്ടോ?
നല്ലൊരു വർണ്ണ ചിത്രം കാണിച്ച് ‘തറ’ എന്ന് വലിയ അക്ഷരങ്ങളിൽ ആദ്യ പേജിൽ എഴുതിയ
പുസ്തകം. ആഹ്ളാദത്തോടെ നമ്മൾ ആദ്യം പഠിച്ച വാചകം. ടീച്ചർ പഠിപ്പിക്കുകയായി തറ, പറ,
പന...... ‘തറ’ എന്ന് ആദ്യമായി തെറ്റാതെ എഴുതിയപ്പോൾ ‘മിടുക്കൻ’ എന്ന് പറഞ്ഞു, റീന
ടീച്ചർ. അഭിമാനം കൊണ്ട് തലയുയർത്തിപ്പിടിച്ചു. കണക്ക് ക്ളാസുകളിൽ ചോക്ക് കൊണ്ടുള്ള
ടീച്ചറുടെ വലിയ ശരി കിട്ടാൻ വേണ്ടി മൽസരിച്ച് കണക്കുകൾ ചെയ്തു. ആടിയും പാടിയും
എത്ര പെട്ടന്നാണ് ഒന്നാം ക്ളാസ് കഴിഞ്ഞ് പോയത്. അവസാന പരീക്ഷയിൽ കല്ല് സ്ളേറ്റിൽ കിട്ടിയ
അൻപതിൽ അൻപത് എന്ന മാർക്കുമായി വീട്ടിലേക്ക് ഓടിച്ചെന്നു. ആ സ്ളേറ്റ് അതുപോലെ
മായാതെ വർഷങ്ങളോളം അമ്മ സൂക്ഷിച്ച് വെച്ചു.
കുറച്ച് കൂടി വലുതായപ്പോൾ കളിക്കമ്പം കൂടി.
കൂട്ടുകാരായി. കൃത്യം പത്ത് മണിയാകുമ്പോഴേക്കും പ്യൂൺ മാഷ് ബെല്ലടിക്കും.
ചിതറിക്കിടക്കുന്ന പിള്ളേരെല്ലാം ക്ളാസിൽ ഹാജരായിക്കാണും. പ്യൂൺ മാഷിന്റെ
ബെല്ലടിക്ക് ഒരു പ്രത്യേക താളമുണ്ടായിരുന്നു. പഴയ സ്ഫടികം ലോറിയുടെ പിറകിലെ രണ്ട് ടയറുകൾക്കിരു വശത്തും ഷോക്കപ്പ്സിനായി അട്ടിയട്ടിയായി വയ്ക്കുന്ന ഇരുമ്പ് പലകകളിൽ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്തതാണ് ബെല്ല്. അതിൽ ആഞ്ഞടിക്കാൻ ഒരു ചെറിയ ഇരുമ്പ് വടിയും കാണും. ആ ബെല്ലടിക്കാൻ അവസരം കിട്ടുന്നത്
വലിയ അഭിമാനമായിരുന്നു. സൂര്യൻ ചൂട് പിടിക്കാൻ തുടങ്ങുമ്പോളാണ് അസംബ്ളി
ആരംഭിക്കുക. സ്കൂൾ ലീഡർ എന്ന ചേട്ടൻ “ഭാരതം എന്റെ നാടാണ്...” എന്ന പ്രതിജ്ഞ
ചൊല്ലിത്തരുമ്പോൾ അതേറ്റു ചൊല്ലാൻ എന്തൊരുൽസാഹമായിരുന്നു. കാലം ചെന്നപ്പോൾ സ്കൂൾ
ലീഡർ എന്ന അഭിമാന പദവി ഏറ്റെടുത്തപ്പോൾ ഉണ്ടായ സന്തോഷം അതിലേറെ. അവിടെ നിന്നും
പോരുന്നത് വരെ മറ്റാർക്കും ആ പദവി വിട്ടു കൊടുത്തില്ല. ആൺകുട്ടികളും പെൺകുട്ടികളും
നിലത്ത് ആറ് കളം വരച്ച് ‘വട്ട്’ എന്ന കളി കളിക്കുമായിരുന്നു. കൊച്ചംകുത്തിയും
വളരെ പ്രിയപ്പെട്ട കളിയായിരുന്നു. പിൻബഞ്ചിലുള്ളവരെ മുന്നിലെ ബഞ്ചുകാർ കളിക്കാൻ
കൂട്ടില്ല. പിൻബഞ്ചുകാർ മടിയന്മാരും വികൃതികളുമാണെന്നായിരുന്നു അന്നത്തെ അബദ്ധ
ധാരണ. മൂത്രമൊഴിക്കാൻ മണിയടിച്ചപ്പോഴാണ് രതീഷിന്റെ പോക്കറ്റിൽ ഗോട്ടിക്കായകൾ കിലുങ്ങുന്ന
ശബ്ദം കേട്ടത്. അവനെവിടുന്നാണിത്രയും ഗോട്ടി? പറഞ്ഞിട്ട് കാര്യമില്ല. അവൻ നല്ല
കളിക്കാരനാണ്. അവന്റെ കൈയിലുള്ള ‘ബക്കന്’ നല്ല ഉന്നമാണ്. ആ ബക്കൻ കൈക്കലാക്കാൻ
വേണ്ടി പല ശ്രമങ്ങളും നടത്തി നോക്കി. ഒന്നും വിജയിച്ചില്ല. അവനായിരുന്നു ഞങ്ങളുടെ
കൂട്ടത്തിലെ ആദ്യത്തെ ബിസിനസ്സുകാരൻ. കൊട്ടപ്പഴം പഴുക്കുമ്പോൾ രണ്ട് പോക്കറ്റ്
നിറയെ ആ പഴവുമായി അവൻ സ്കൂളിൽ വരും. രണ്ടിഞ്ച് നീളമുള്ള ഒരു പെൻസിൽ കൊടുത്താൽ
രണ്ട് കൊട്ടപ്പഴം നമുക്ക് സ്വന്തം. മഷിത്തണ്ട് എന്ന കൊച്ചു ചെടിക്ക്
സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു അന്നത്തെ കുഞ്ഞു മനസ്സിൽ. തലേദിവസവും
സ്കൂളിലേക്ക് വരും വഴിയും കിട്ടാവുന്നിടത്തോളം മഷിത്തണ്ട് കരുതി വെക്കും.
എന്നിട്ട് ക്ളാസിൽ കച്ചവടം നടത്തും. ഒരു പെൻസിലിന് പകരം അതേ നീളത്തിലുള്ള
മഷിത്തണ്ട്. കള്ളിച്ചെടിക്ക് വളരെ ഡിമാന്റായിരുന്നു. തീപ്പെട്ടി പടം വച്ചു
കൊണ്ടുള്ള കളിയായിരുന്നു വാശിയേറിയ കളി. ഒരു കെട്ട് തീപ്പെട്ടി പടം പോക്കറ്റിൽ
സൂക്ഷിക്കുമായിരുന്നു. പക്ഷേ പെൺകുട്ടികൾക്കെന്നും അഞ്ചുകല്ല് കളി തന്നെയായിരുന്നു
താൽപ്പര്യം. പതിനാറ് കല്ല് കളിയിൽ എതിരാളിയുടെ കണ്ണ് വെട്ടിച്ച് ‘മുക്ക’
വാരുമ്പോൾ മുഖത്തുണ്ടാകുന്ന വിജയീഭാവം ഒന്നു കാണേണ്ടത് തന്നെയാണ്. ശ്രമം
പാഴായിക്കഴിഞ്ഞാൽ ഉറപ്പിക്കാം എതിരാളിയുടെ അഞ്ച് വിരലുകളും കൈതണ്ടയിൽ
പതിഞ്ഞിരിക്കും. ബിഗ് ബബൂളിന്റെ കാർഡ് അട്ടിയട്ടിയായി കൊണ്ട് വരുന്ന
വിരുതന്മാരുണ്ട് ക്ളാസിൽ. അനിൽ കുംബ്ളെയുടേയും സെയ്ത് അൻവറിന്റേയും കാർഡ്
കൈയ്യിലുള്ളവന്മാരോട് ജയിക്കാൻ ഭയങ്കര പാടാണ്. “നീ ഒരു സംഖ്യ വിചാരിച്ചേ....”
ഓർമ്മയുണ്ടോ ആ കളി? ഉൽസാഹത്തോടെ നമ്മൾ വിചാരിക്കുന്ന സംഖ്യ അവൻ എന്തോ
മന്ത്രശക്തിയുപയോഗിച്ച് നമ്മളോട് തന്നെ പറയും. വായും പൊളിച്ചിരുന്ന് പോകും നമ്മൾ,
പഹയൻ അത് പറയുമ്പോൾ. അതിന്റെ പിന്നിലുള്ള സൂത്രം അറിയുന്നതു വരെ അവനായിരുന്നു
എല്ലാവരുടേയും ഹീറോ. നാവിൽ നടുവിരൽ കൊണ്ട് ചൊറിഞ്ഞ് ചോര കാണിച്ചാൽ മനസ്സിൽ
ആഗ്രഹിച്ചത് നടക്കുമെന്നറിഞ്ഞ് എത്ര തവണ നാവിനെ മാന്തിപ്പൊളിച്ചിരിക്കുന്നു. നമുക്ക് ആനയെ പേടിയുണ്ടോ എന്ന് പരീക്ഷിക്കാൻ ആനയുടെ മുമ്പിൽ പോയി നില്ക്കേണ്ട കാര്യമില്ല. തുറന്ന് പിടിച്ച നമ്മുടെ കണ്ണിന്റെ നേർക്ക് കൂട്ടുകാരൻ അവന്റെ നീട്ടിപ്പിടിച്ച രണ്ട് വിരലുകൾ കൊണ്ട് വരും. വിരൽ കണ്ണിനു മുൻപിലെത്തുമ്പോൾ കണ്ണടച്ചാൽ നമ്മൾ ആനയെ കണ്ടാൽ പേടിച്ച് മൂത്രമൊഴിക്കുന്നവരാണെന്ന് അവർ വിധിയെഴുതും. പൊട്ടിയ
കുപ്പിവളക്കഷ്ണങ്ങൾ എടുത്ത് ഉള്ളം കൈക്ക് മുകളിൽ വച്ച് രണ്ടായി പൊട്ടിക്കുമ്പോൾ
കൈയ്യിലേക്ക് പൊട്ടിവീഴുന്ന ചെറിയ കഷ്ണങ്ങൾ ഇമ്മിണി വല്ല്യേതാണെങ്കിൽ ആഗ്രഹിച്ച
കാര്യം നടക്കുമത്രേ! തൊണ്ടയിൽ ചുവന്ന നിറമുള്ള ഓന്തിനെ കണ്ടാൽ വഴിമാറി നടക്കണം.
ഇല്ലെങ്കിൽ അവ നമ്മുടെ ചോര മുഴുവൻ വലിച്ചൂറ്റി കുടിക്കും. ഒറ്റ മൈനയെ കണ്ടാൽ അന്ന്
മുഴുവൻ ദു:ഖിച്ചിരിക്കാനേ നേരം കാണൂ. ദു:ഖമുണ്ടാവാതിരിക്കണമെങ്കിൽ മൈനയെ കണ്ടയുടൻ വലത് കൈയിലെ ചൂണ്ടുവിരൽ നീട്ടിപ്പിടിച്ച് അതിനു മുകളിൽ നടുവിരൽ കയറ്റി വച്ച് വൃത്താകൃതിയിൽ പിടിച്ചാൽ മതി.
സ്കൂളിലേക്കുള്ള വരവാണ് ബഹുരസം. വരുന്ന വഴിക്കുള്ള
മുഴുവൻ പൂക്കളും പൊട്ടിച്ച്, അപ്പൂപ്പൻ താടികളും പെറുക്കി, കല്ല് കളിക്കാൻ വേണ്ട
കല്ലുകൾ ശേഖരിച്ച് അങ്ങിനെയങ്ങിനെ ജാഥയായൊരു യാത്ര. മഴക്കാലമാണെങ്കിൽ വെള്ളം
തട്ടിത്തെറിപ്പിച്ച് അതിൽ കളിച്ച് സ്കൂളിലെത്തുമ്പോളേക്കും ടീച്ചർ വടിയുമായി
വാതിൽക്കൽ നില്പ്പുണ്ടാകും. മാമ്പഴക്കാലമാവുമ്പോൾ രതീഷ് തന്നെയാണ് താരം. അവന്
നല്ല ഉന്നമാണ്. അവന്റെ ഒരേറിന് ചിലപ്പോൾ മൂന്നോ നാലോ മുഴുത്ത മാങ്ങകൾ വീഴും.
കൂട്ടത്തിൽ അണ്ണാറക്കണ്ണന്മാർ കടിച്ച് തിന്നതിന്റെ ബാക്കിയും ഉണ്ടാകും.
അതെടുക്കാനുള്ള ഓട്ടത്തിനിടയിലായിരിക്കും രണ്ട് മുട്ടുകളിലും ചോര പൊടിക്കുന്ന
വീഴ്ച്ചകളുണ്ടാകുന്നത്. “വീണാലെന്താ..മാങ്ങ കിട്ടിയില്ലേ..? ആഗ്രഹിച്ചത് നേടാൻ
എന്തും സഹിക്കുന്ന കുഞ്ഞു മനസ്സ്. മാങ്ങ കിട്ടിയ ഉടൻ നല്ല ഭാഗം നോക്കി ഒരു കടി. ആ
കടിയിൽ മാങ്ങാച്ചാറെല്ലാം ഷർട്ടിലൂടെയും കൈയ്യിലൂടെയും ഒഴുകാൻ തുടങ്ങിയിരിക്കും. അല്ലാ..മാങ്ങ
കഴുകിയോ? എത്ര അഴുക്കുണ്ടാകും അതിൽ? അണ്ണാനും കിളികളും കൊത്തിയതല്ലേ..?
പിന്നേ..അതൊക്കെ ഓർക്കാൻ എവിടെ സമയം. സ്കൂൾ മുത്തശ്ശി സമ്മാനിച്ച മാങ്ങകൾ തിന്ന്
ഒരു ആരോഗ്യ പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് പിന്നത്തെ ചരിത്രം. ആർത്തിയോടെ
ഞെട്ടിൽ കടിച്ചവരുടെയെല്ലാം ചുണ്ടിൽ ചുന ആയി. ഇനി ഒരാഴ്ച്ചത്തേക്ക് നല്ല ഭംഗിയുണ്ടാകും
മുഖം കാണാൻ.
![]() |
| www.naturemagics.com |
ഇന്റെർവൽ സമയത്ത് കൈയ്യിലുള്ള അൻപത് പൈസ
കൊണ്ട് തന്തയുടെ പീടികയിലേക്ക് ഒരോട്ടമാണ്. പത്ത് പൈസക്ക് ആറ് ചുക്കുണ്ടയും
ബാക്കി പൈസക്ക് പുളിയച്ചാറും പുൽപ്പൊടിയും. ശക്തിമാന്റെ ചിത്രമുള്ള കവറിലെ
പുൽപ്പൊടി തിന്നാൽ ശക്തിമാനാകും എന്നാണ് കരുതിയിരുന്നത്. അറ്റം കാണാനാകാത്ത
കിണറ്റിൻ കരയിലേക്ക് നാലുമണിക്ക് മുൻപുള്ള ഇന്റെർവല്ലിന് ഓടിച്ചെല്ലും. ക്രീം കളർ
യൂണിഫോമും കൈകാലുകളും ചെമ്മണ്ണ് കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. ജിനേഷും നാരായണനും
കൂടിയാണ് എല്ലാവർക്കും വെള്ളം കോരിത്തരിക. ആ സ്വാദുള്ള വെള്ളം
കുടിച്ചിറക്കുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. അതെ എത്ര പെട്ടന്നാണ് ബെല്ലടികൾ വന്ന് പോയത്.
ഞായറാഴ്ച്ചത്തെ നാലുമണി പടം മനസ്സിരുത്തി
കാണും. എന്നാലല്ലേ ഒരാഴ്ച്ചക്കാലം അതിന്റെ കഥ പറഞ്ഞ് ക്ളാസിൽ കേമനാവാൻ പറ്റൂ.
യോദ്ധ കണ്ടിട്ട് എത്ര നാളാണ് കൈയ്യിലൊരു വടിയും പിടിച്ച് വാൾപ്പയറ്റ് നടത്തിയത്.
അവസാനം ജോർജ്ജ് മാഷ് നീരോലി വടി കൊണ്ട് വാൾപ്പയറ്റ് നടത്തിയപ്പോൾ ഞങ്ങളെല്ലാവരും
പരാജയമടഞ്ഞു. പ്രസവിക്കുന്ന മയിൽപ്പീലി ആദ്യം കൊണ്ട് തന്നത് ഒരു
പെൺകുട്ടിയായിരുന്നു. ആകാശം കാണിക്കാതെ പുസ്തകത്തിനുള്ളിൽ സൂക്ഷിച്ച് വെക്കാൻ
പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞ് പുസ്തകം തുറന്നു നോക്കിയപ്പോൾ അതാ ആ മയിൽപ്പീലി
അതുപോലെത്തന്നെയിരിക്കുന്നു. “എന്നെ പറ്റിച്ചൂ ല്ലേ ...?” എന്ന് ചോദിച്ചപ്പോൾ “നീ എന്നെ ആകാശം കാണിച്ചിട്ടല്ലേ?” എന്ന
മറുപടിയും. അന്നത്തെ പാർക്കർ പേനയായ സ്റ്റിക്ക് ഈസി വാങ്ങാൻ രണ്ട് രൂപ അച്ഛൻ തരും.
ഒന്നര രൂപക്ക് പേനയും ബാക്കി അൻപത് പൈസക്ക് ട്യൂബും വാങ്ങും. അന്ന് ഹീറോ
പേനയുള്ളവൻ താരമായിരുന്നു. ആദ്യമായി ഹീറോ പേന കിട്ടിയ നിമിഷം ഇപ്പോഴും മനസ്സിൽ
മായാതെ നിൽക്കുന്നു. ആ സ്വർണ്ണത്തലപ്പ് പോക്കറ്റിൽ കുത്തി നടക്കുമ്പോൾ
കിട്ടിയിരുന്ന അഭിമാനം ഇപ്പോഴത്തെ വില കൂടിയ ഒരു പേനയ്ക്കും തരാനാകില്ല.
സ്കൂളിൽ എത്തിയാൽ പിന്നെ മാഷുമ്മാരാണ് നമ്മുടെ റോൾ മോഡൽ. കഞ്ഞിപ്പശയിൽ മുക്കി തേച്ച് മിനുക്കിയ ഷർട്ടും മുണ്ടും ഉടുത്ത് വരുന്ന മാഷുമ്മാരെ വീട്ടിലെത്തി അനുകരിക്കുമ്പോൾ നമ്മുടെ മുന്നിൽ വിദ്യാർത്ഥികളായി ഇളംതണ്ടുള്ള കമ്മ്യൂണിസ്റ്റ് അപ്പ ചെടികളോ ഉമ്മറത്തിണ്ണകളോ നിൽപ്പുണ്ടാകും. പഠിച്ച് വരാത്തതിന് മുളവടി കൊണ്ട് ഉമ്മറത്തിണ്ണകളേയും വേലിക്കരികിലെ ചെടികളേയും എത്ര തല്ലിയിരിക്കുന്നു. പഴയ വള്ളിച്ചെരിപ്പുകൾ വട്ടത്തിൽ വെട്ടിയെടുത്ത് ഒരു ചെറിയ കുഴലിന്റെ രണ്ട് വശങ്ങളിലും പിടിപ്പിച്ച് നടുവിൽ നീളത്തിലുള്ള ഒരു വടിയും വടിയുടെ അറ്റത്ത് ഒരു സ്റ്റിയറിംഗും വച്ചാൽ നമ്മുടെ ടൂവീലർ റെഡി. ഉജാലക്കുപ്പി കൊണ്ടുള്ള ഒറ്റവീൽ വണ്ടിയും അന്നത്തെ ഗ്ളാമർ വാഹനങ്ങളിലൊന്നായിരുന്നു. ഇളകിയ പാൽപ്പല്ലുകൾ അമ്മ ചകിരിനാര് കൊണ്ട് പറിച്ചെടുക്കുമ്പോൾ ചോര പൊടിഞ്ഞാലും ആ വേദന കടിച്ച് പിടിക്കും. എന്തെന്നാൽ ആ പല്ല് പുര പുറത്തെറിഞ്ഞ് കീരിയോട് പുത്തൻ പല്ല് ചോദിച്ചാൽ കീരി അതിന്റെ പല്ല് തരുമല്ലോ! പിന്നെന്തിനാ സങ്കടപ്പെടുന്നത്?
സ്കൂളിൽ എത്തിയാൽ പിന്നെ മാഷുമ്മാരാണ് നമ്മുടെ റോൾ മോഡൽ. കഞ്ഞിപ്പശയിൽ മുക്കി തേച്ച് മിനുക്കിയ ഷർട്ടും മുണ്ടും ഉടുത്ത് വരുന്ന മാഷുമ്മാരെ വീട്ടിലെത്തി അനുകരിക്കുമ്പോൾ നമ്മുടെ മുന്നിൽ വിദ്യാർത്ഥികളായി ഇളംതണ്ടുള്ള കമ്മ്യൂണിസ്റ്റ് അപ്പ ചെടികളോ ഉമ്മറത്തിണ്ണകളോ നിൽപ്പുണ്ടാകും. പഠിച്ച് വരാത്തതിന് മുളവടി കൊണ്ട് ഉമ്മറത്തിണ്ണകളേയും വേലിക്കരികിലെ ചെടികളേയും എത്ര തല്ലിയിരിക്കുന്നു. പഴയ വള്ളിച്ചെരിപ്പുകൾ വട്ടത്തിൽ വെട്ടിയെടുത്ത് ഒരു ചെറിയ കുഴലിന്റെ രണ്ട് വശങ്ങളിലും പിടിപ്പിച്ച് നടുവിൽ നീളത്തിലുള്ള ഒരു വടിയും വടിയുടെ അറ്റത്ത് ഒരു സ്റ്റിയറിംഗും വച്ചാൽ നമ്മുടെ ടൂവീലർ റെഡി. ഉജാലക്കുപ്പി കൊണ്ടുള്ള ഒറ്റവീൽ വണ്ടിയും അന്നത്തെ ഗ്ളാമർ വാഹനങ്ങളിലൊന്നായിരുന്നു. ഇളകിയ പാൽപ്പല്ലുകൾ അമ്മ ചകിരിനാര് കൊണ്ട് പറിച്ചെടുക്കുമ്പോൾ ചോര പൊടിഞ്ഞാലും ആ വേദന കടിച്ച് പിടിക്കും. എന്തെന്നാൽ ആ പല്ല് പുര പുറത്തെറിഞ്ഞ് കീരിയോട് പുത്തൻ പല്ല് ചോദിച്ചാൽ കീരി അതിന്റെ പല്ല് തരുമല്ലോ! പിന്നെന്തിനാ സങ്കടപ്പെടുന്നത്?
ആറാം
ക്ളാസിൽ പഠിക്കുമ്പോഴാണ് മജീദിന്റെ ഗണിതശാസ്ത്രത്തിലുള്ള അറിവ് ജോർജ്ജ് മാഷ്
ഞങ്ങൾക്ക് പറഞ്ഞ് തന്നത്. ‘ഒന്നും ഒന്നും മ്മിണി ബല്ല്യ ഒന്ന്’ എന്ന് പറഞ്ഞ
മജീദിനെ കളിയാക്കുവാൻ ഞങ്ങളെ സുഹ്റ സമ്മതിച്ചില്ല. മാമ്പൂ തല്ലികൊഴിച്ച മകനെ
വഴക്ക് പറഞ്ഞ അമ്മയുടെ പുത്രദു:ഖം ഇപ്പോഴും മനസ്സിനെ വിടാതെ പിന്തുടരുന്നത്
അന്നത്തെ മാഷന്മാരുടെ കണ്ഠക്ഷോഭങ്ങളൊന്നും തന്നെ പാഴാവാഞ്ഞത് കൊണ്ടാണ്.
ഇടശ്ശേരിയുടെ പൂതപ്പാട്ടും, ആശാന്റെ വീണപൂവും, ചങ്ങമ്പുഴയുടെ രമണനും ഇപ്പോഴും
മനസ്സിൽ “കറയറ്റൊരാലസ്സൽ ഗ്രാമഭംഗി”യോടെ തെളിഞ്ഞു നില്ക്കുന്നു. രണ്ട്
ക്ളാസുകൾക്കിയിലുള്ള ദൂരം എന്നു പറയുന്നത് മരം കൊണ്ടുള്ള മറകളായിരിക്കും. ക്ളാസിൽ
ടീച്ചറില്ലാത്ത സമയത്ത് ഒന്നു സംസാരിക്കണമെങ്കിൽ പേരെഴുതാൻ നിൽക്കുന്ന ലീഡറുടെ കണ്ണ്
വെട്ടിക്കണം. മിണ്ടുന്നവരുടെ പേരെഴുതാൻ അവന് ഭയങ്കര മിടുക്കായിരുന്നു. ക്ളാസിൽ
വികൃതിത്തരം കാണിച്ചാലുള്ള മറ്റൊരു ശിക്ഷ ബഞ്ചിന്റെ മുകളിൽ കയറ്റി
നിർത്തലായിരുന്നു. പെൺകുട്ടികളുടെ മുന്നിൽ അഭിമാനം സംരക്ഷിക്കേണ്ടതിനാൽ അത്തരം
ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ പരമാവധി അടവുകൾ പ്രയോഗിക്കുമായിരുന്നു. അഞ്ചാം
ക്ളാസിൽ പഠിക്കുമ്പോൾ ഹോം വർക്ക് ചെയ്യാതെ വന്ന് ഒരു ദിവസം റീന ടീച്ചറെ പറ്റിക്കാൻ
നോക്കി. കൂടെയുള്ള കൂട്ടുകാർ ‘നല്ലവരായത് കൊണ്ട്’ അവർ ഒറ്റിക്കൊടുത്തു.
അന്നാദ്യമായി ടീച്ചറുടെ കൈയ്യിൽ നിന്നും ചുട്ട അടി കിട്ടി. ആ അടിയുടെ ചൂട്
ഇപ്പോഴും കൈയ്യിലുള്ളത് കൊണ്ട് ടീച്ചറെ മറന്നില്ല; ടീച്ചർ പഠിപ്പിച്ച കണക്കും.
പൊട്ടിയ മര സ്ളേറ്റിനേക്കാൾ കഷ്ടമാണ്
ബ്ളാക്ക് ബോർഡുകളുടെ കാര്യം. മൂന്നു പലകകൾ അടിച്ച് ചേർത്ത് അതിനെ മൂന്നു കാലിൽ
നിർത്തിയിരിക്കുന്നു. ഏഴാം ക്ളാസിൽ രാജൻ മാഷ് സയൻസ് ക്ളാസെടുക്കുമ്പോഴാണ് തങ്കമണി
ചേച്ചി ഉച്ചക്കഞ്ഞിക്കുള്ള അടുപ്പ് പുകയ്ക്കുക. ആ പുകയെല്ലാം കൂടി ക്ളാസിലേക്ക് കൂട്ടമായി
പറന്നെത്തും. ഇല്ലാത്ത ചുമ വരുത്താൻ വേണ്ടി ചില വിരുതന്മാർ അഭിനയിക്കുമായിരുന്നു.
അഭിനയം സഹിക്കാൻ പറ്റാതാവുമ്പോൾ രാജൻ മാഷ് സ്ഥിരം ഇരകളായ രണ്ട് പിൻബഞ്ചുകാരെ
പിടിച്ച് തലക്ക് രണ്ട് മേട്ടം കൊടുക്കും. അതോടെ നിന്നോളും ചുമയും പുകയും. കൃത്യം
ഒരു മണിക്ക് ഉച്ചക്കഞ്ഞിക്ക് ബെല്ലടിക്കും. അതുകേട്ടാലുടൻ പാത്രവുമെടുത്ത്
എല്ലാവരും വരാന്തയിലേക്കൊരോട്ടമാണ്. ആദ്യമെത്തിയാൽ ആദ്യം കഞ്ഞി കിട്ടും. പ്യൂൺ
മാഷാണ് വിളമ്പുന്നത്. കഞ്ഞിക്ക് കൂടെ കിട്ടുന്ന ചെറുപയറുപ്പേരി ഷർട്ടിന്റെ
പോക്കറ്റിലിട്ട് നാലു മണി വരെ കൊറിച്ച് കൊണ്ട് നടക്കും. ഇപ്പോഴും ആ പഴയ സ്കൂൾ
മുറ്റത്തു കൂടി പോകുമ്പോൾ കഞ്ഞിപ്പുരയിൽ നിന്നുയരുന്ന പുക നോക്കി നിൽക്കും, പ്യൂൺ
മാഷിന്റെ ബെല്ലടിക്ക് കാതോർത്ത് കൊണ്ട്....
“വെറുതെയീ മോഹങ്ങൾ
എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാൻ മോഹം”
ജോർജ്ജ് മാഷ് പാടുകയാണ്, നനഞ്ഞു പഴകിയ
മരക്കഷ്ണങ്ങളുടേയും എലികളുടേയും മണമുള്ള ആ പഴയ ആറാം ക്ളാസിലിരുന്ന്.....
ണിം...
“ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യ വിധാത...”
ണിം...ണിം...ണിം...ണിം...ണിം...ണിം...


very nice Subil... keep going
ReplyDeleteThank you Midhun...
Delete